Sunday, August 25, 2013

മാതംഗി

ആഗ്രഹങ്ങള്‍ തുളുമ്പി ത്തുളുമ്പി ക്കളയുന്ന
ഒരു തണ്ണീര്‍ക്കുട മായി
കിണറും ചാരിയിരുപ്പാണ്
മാതംഗി .

എല്ലാം ഉള്ളിലൊതുക്കുന്ന വെയില്‍ പോലെ
അവനിപ്പോള്‍ നടന്നെത്തും
കൈക്കുമ്പിള്‍ നീട്ടി " തരിക നീ"യെന്നു
വിരക്ത ന്‍റെ ഭാഷയില്‍ മൊഴിയും
കിണര്‍ ത്തടം തണുപ്പിന്‍റെ തന്ത്രത്താല്‍
അവനെ ഒന്നുകൂടി തളര്‍ത്തും

ദാഹം തീര്‍ത്തു കാട്ടിക്കൊടുക്കാനെന്തെല്ലാം
ദാഹം തീര്‍ത്തു കാട്ടിക്കൊടുക്കാനെന്തെല്ലാം !
കറുത്ത കുട്ടികള്‍
തിമിര്‍ക്കുന്ന വയലുകള്‍
തിളയ്ക്കാത്ത അടുപ്പുകള്‍
മൊട്ടച്ചി ക്കുന്നുകള്‍
മുരളുന്ന കാറ്റുകള്‍
ചെമ്പരത്തിക്കണ്ണുകളുടെ ക്രുദ്ധിച്ച നോട്ടം
വിരഹം കൊണ്ടു വിരിഞ്ഞാടുന്ന
സര്‍പ്പ ക്കാടുകള്‍.

ആഴ ക്കി ണറിന്റെ ആഴമില്ലായ്മയിലേക്ക്
അവള്‍ പുഞ്ചിരിച്ചിറങ്ങി.

ഭിക്ഷു വന്നു
അയാള്‍ക്ക്‌ ദാഹമുണ്ടായിരുന്നില്ല .
ചുണ്ടുകള്‍ക്ക് ക്ഷീണമുണ്ടായിരുന്നില്ല
ജാതിയും മതവും പറഞ്ഞു കൊണ്ട്
അവള്‍ വെള്ളം പകര്‍ന്നപ്പോള്‍
അരുതെന്ന് പറഞ്ഞില്ല .

ഒടുവില്‍
വായില്‍ നിന്ന് ഒരു രത്ന ക്കല്ലെടുത്ത്
അവളുടെ കൈക്കുള്ളില്‍ വച്ച്
അയാള്‍ പൊന്തക്കാടുകളിലേക്ക് ഇഴഞ്ഞു
വെയിലിന്‍റെ ഒരിളം മഞ്ഞ ക്കഷണം
അവളുടെ ശി രസ്സിനെ വലം വച്ചു
അങ്ങനെ അവള്‍ പ്രണയത്തിന്‍റെ ചരിത്രാന്വേഷിയായി .

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...