Friday, November 14, 2025

ഒച്ച

 നീ കേൾക്കുന്നുണ്ടോ

രാത്രി അതിനോടു തന്നെ

ഇഷ്ടം കൂടുന്നത്?

നീ കേൾക്കുന്നുണ്ടോ

പുഞ്ചിരി അതിനെത്തന്നെ

മായ്ച്ചു കളയുന്നത് ?

നീ കേൾക്കുന്നുണ്ടോ

ചിറക് അതിന്റെ തന്നെ

ചിറകടിയെ

മുറിച്ചു കളയുന്നത്?

നീ കേൾക്കുന്നുണ്ടോ

നിന്നെ നീ തന്നെ

വിളിക്കുന്നത്?

നീ കേൾക്കുന്നുണ്ടോ?

ഉണ്ടോ?

കേൾവിയുടെ കേൾവി ?


ഋതു

മഞ്ഞ്

കൊടും ശൈത്യം

എങ്കിലും കാണാം

നിറയെ

പ്രണയ മന്ദാരങ്ങൾ

പ്രണയ മിനാരങ്ങൾ

പ്രണയ മൈനകൾ

പ്രണയ നദികൾ

പ്രണയ മൊഴികൾ

പ്രണയ സൂര്യൻ

പ്രണയ നക്ഷത്രം

പ്രണയ.....

Thursday, November 6, 2025

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു
ചെറുമഴയോടു ചേർന്ന് ഒരു കിളി
സല്ലപിക്കുന്നതു കേട്ടു
ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ
സന്ധ്യയെ തൊട്ടു
 ജലം തുടിക്കുന്ന വേരുകളിൽ 
ഭൂമിയെ മണത്തു.
പ്രണയത്തിന്റെ തളിരിലകൾ രുചിച്ചു 
അങ്ങനെ എല്ലാം
എന്നേയ്ക്കും പുതിയതായി. 


Sunday, January 28, 2024

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു
ഋതു
നൊന്തുവിളിക്കുന്നതായി
തോന്നുന്നുണ്ട്
മഞ്ചാടിമഴയിലെന്ന  പോലെ
ചുവന്നു നനയുന്നുണ്ട് 
പനകളുടെ ചില്ല കീറി 
വരുന്നൊരു
പിടച്ചിലിൽ
ചേർത്തൊതുക്കി
മധുര വെള്ളത്തിൻ്റെ
മരണമിറ്റിച്ച്
അതു കടന്നു 
പോകുമ്പോൾ
ഉടൽ മാത്രം 
കരയുന്നതെ
ന്തിനാവാം. 







Monday, January 2, 2023

 സ്നേഹലോഹം

നീലത്തിരകൾക്കുള്ളിൽ നിന്നും

നീലാകാശച്ചാട്ടുളിയാൽ

കഴുത്തു തുളഞ്ഞ

ഒരു വെള്ളിമീൻ മേഘം

കരയിലേക്കോടിക്കയറി.

കുടുകുടാ കണ്ണുച്ചുവന്ന്

ചെകിളപ്പൂ വിളറി

വാലറ്റത്താൽ

മരണക്കുഴി കുഴിച്ച്

ചലന മറ്റപ്പോൾ

മഴ വന്നൂരിയെടുത്തു

ആ

സ്നേഹലോഹത്തുണ്ടിനെ .





Sunday, January 1, 2023

രംഗം

 നാടകത്തിലെ സ്ഥാനം

അരങ്ങിന്റെ മധ്യത്ത്

തല കുനിച്ചിരിക്കണം

കള്ളിമുൾച്ചെടിയാകണം

മണലുപ്പു രുചിക്കണം

കണ്ണിലുരസും കാഴ്ചയെ

കണ്ടില്ലെന്നു വയ്ക്കണം

ഇതെന്തു ചെടിയാണെ-

ന്നാരാനും ചോദിച്ചാൽ

മൗനം കൊണ്ടു മുറിക്കണം

പിന്നെയും ചോദിച്ചാൽ

അരങ്ങൊഴിയണം.

അപ്പോൾ

കൈയടി കേൾക്കാം

മികച്ച നടി


Monday, May 24, 2021

 എ ബ്യുട്ടി ഫുള്‍ മൈന്‍ഡ് 

അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ  ജോണ്‍ ഫോര്‍ബ്സ് നഷിന്റെ ജീവ ചരിത്രം പറയുന്ന ചലച്ചിത്രം . ലോകത്തിലെ ഏറ്റവും മികച്ച കോഡ് ബ്രേക്കര്‍ ആയ നാഷ്  സിക്സോഫ്രീനിയ എന്ന മനോരോഗത്തിലേക്ക് വഴുതുകയാണ്  .അയാള്‍ വാസ്തവികതയില്‍ നിന്നൂ മിഥ്യയുടെ ലോകത്തേക്ക് തെന്നി മാറുന്നു  പ്രണയത്തിലൂടെ ഒന്നായ അലീഷ്യയുടെ സ്വപ്‌നങ്ങള്‍  വളരെ വേഗം  മൃതിപ്പെടുകയാണ് .അലീഷ്യ യുടെ ശ്രമങ്ങള്‍ ജോണിനെ ജീവിതത്തിലേക്ക് വലിച്ച ടു പ്പിക്കുന്നു .എക്കനോമിക്   സയന്‍സിനു  നോബല്‍ സമ്മാനത്തിനു അര്‍ഹാനാവുകയാണ്  നാഷ് .ഇതൊരു സിനിമയായി മാത്രം കണ്ടിരിക്കനാവില്ല .മനോരോഗാ ശുപത്രിയിലെ നീണ്ട ചികില്സാകാലം  നമ്മെ വല്ലാതെ മുറി പ്പെടുത്തും .അയാളുടെ നിസ്സഹായതയുടെ ഫ്രെയിമുകളാണ് ചിത്രത്തെ  ധ്യാന പ്പെടുത്തുന്നത് . 


സില്‍വിയ നാസര്‍  രചിച്ച ബ്യുട്ടിഫുള്‍ മൈന്‍ഡ്  എന്ന ജീവ ചരിത്രം അതെ പേരില്‍ സിനിമയാവുകയായിരുന്നു .റസ്സല്‍ ക്രോവ് ആണ് നാഷ്  എന്ന ജീനിയസ്സിനെ അവതരിപ്പിച്ചത് 

 

കറുത്ത തോണിക്കാരാ "എന്ന പാട്ടില്‍

പുഴയുണ്ടാവുമെന്നു നിനച്ചത് പോലെയല്ല  

പ്രണയ പര്‍വതമില്ല എന്ന  തീരുമാനവും .

രണ്ടിനുമിടയ്ക്ക്  

തുരങ്കങ്ങള്‍  തീവണ്ടിപ്പാതകള്‍ 

അഭ്യാസികള്‍  ആള്‍ക്കൂട്ടങ്ങള്‍  

അങ്ങനെയെന്തെല്ലാം .

കറുത്ത തോണി ക്കാരന്  പുഴ 

അയാള്‍ തന്നെയായിരുന്നു 

കരയണം എന്ന് തോന്നുമ്പോള്‍ 

 തുഴയെറിഞ്ഞു .

അതിലൊരു മീന്പിടച്ചില്‍ 

അയാളെ കൊത്തി എടുത്തു ,,

മഞ്ഞു പാളികള്‍ കൊണ്ടലംകരിച്ച  

പ്രണയ പര്‍വതം 

ഒരു കാറ്റിനെ തടയുന്നു 

മഴയെന്നത് പൊഴിയുമ്പോള്‍

സൂര്യനെന്ന ഒറ്റപ്പുതപ്പ് 

തേടുന്നു .

കരിഞ്ഞു മണക്കുന്നു 

മഴയുടെ അവസാന തുള്ളിയും [ കാഴ്ച ]

 







  


Sunday, June 7, 2020

 കോട 
 ആദ്യം 
കാണുകയായിരുന്നു 
അതിനുള്ളില്‍ ഒരു ജീവ ചിത്രം 
തെളിയുകയായിരുന്നു 
തുമ്പിക്കൈ വിതി ര്‍ ത്തു 
മേഘച്ചെവികള്‍ നീട്ടി 
ആകാശം ആനയായി 
കുന്നിറങ്ങി 
രണ്ടു മലകള്‍ ക്കിടയിലെ 
ഹൃദയ പ്പിടപ്പ് 
ഒരരുവി ശ്രദ്ധി ച്ചിരുന്നു 
കോട യിലേക്ക് 
ഇറങ്ങി നില്‍ക്കാം 
 പ്രണയത്തി ലെക്കെന്ന പോലെ 
കോടയില്‍ നിന്നും തിരിച്ചു നടക്കാം 
പ്രണയത്തില്‍ നിന്നെന്ന പോലെ 
അരുവികള്‍
 ഇപ്പോഴും സ്പന്ദിക്കുന്നതിനാല്‍ 
ഹൃദയ മിടിപ്പുകള്‍ മാത്രം 
മഞ്ഞിലില്ലാതാകുന്നില്ല 
  

  



Wednesday, June 3, 2020

നിറയെ പൂക്കളുള്ള ഒരാകാശ ത്തെ 
വാരിച്ചുറ്റി 
വലം കയ്യില്‍
 കുഞ്ഞമ്പിളി യെയും 
ഇടം കയ്യില്‍ 
ബാല സൂര്യനെയും കൊണ്ട് 
 കടല്‍ മുറിച്ചു കടക്കുക 
എത്ര പ്രയാസം !
തൊ പ്പി വീശി പച്ച കാട്ടിയ 
ഒരു വാലന്‍ കിളി 
പാഞ്ഞു പോയ  ഒരു തുമ്പിയെ 
തടഞ്ഞു നിര്‍ത്തി .
തുമ്പി പിഴ മൂളുന്നുണ്ടായിരുന്നു .
തീരത്തേക്ക് കാല്‍ വച്ചതും 
ചുമലില്‍ ഒരു നീര്‍ ത്തുള്ളി 
മേഘത്തെ ഇടിച്ചു  തെറി പ്പിച്ചു 
ഒരിടി മിന്നല്‍ ....[ട്രാഫിക് ]











Saturday, April 11, 2020



നിലാവ് ഒരു കൈലേസ്  കൊടുത്തയച്ചിരിക്കുന്നു 
നിന്റെ പുഞ്ചിരി തുന്നിയത് 
രാത്രിയാകട്ടെ  ഒരു പ്രണയ ക്കുറി പ്പും 
നിന്റെ നെഞ്ചിടിപ്പുകള്‍  ചേര്‍ത്ത് വച്ചത് 
ഓരോ അക്ഷരത്തിലും  ഒരു മഹാകാവ്യം  
നിന്റെ പുഞ്ചിരിയുടെ വെട്ടത്തില്‍ 
ഞാനത് വായിക്കുകയാണ് 
പ്രിയനേ ..ഉലര്‍ന്നു മറിയുന്നു കാറ്റുകള്‍ 
ഉള്‍മദങ്ങളില്‍ പുണര്‍ന്നു വീഴുന്നു മഴ 
നിന്റെ ഉമ്മകളില്‍ കൂമ്പിയ പൂക്കള്‍ 
നിന്റെ കരവലയങ്ങളില്‍ പെട്ട കടല്‍ 
പ്രണയത്തിന്റെ  ഹൃദയാലസ്യത്തില്‍ 
നീയും ഞാനും  അങ്ങനെയാകുമ്പോള്‍ 
നമുക്കില്ല തന്നെ വേറിട്ട ലോകം !!
[പ്രണയം ]



Friday, March 6, 2020

കടലിന്റെ കൈവരിയിലിരുന്ന്
നീയെത്റയോ വട്ടം
നിലാവിന്ടെ സാധ്യതകൾ
കവിതയാക്കി
മൺതരിയിലെ മഹാമൗനങ്ങൾ
കുടഞ്ഞിട്ടു
ചുംബനങ്ങളുടെ വസന്ത ഭാരത്തെ
നെഞ്ചണച്ചു
വിരൽത്തിരകളുടെ മൽസരങ്ങളെ
കൈയടക്കി
അതുകൊണ്ടാവാം
അഴിമുഖങ്ങളിൽ
നദിക്കിത്റയും തുടുപ്പ്....
(യാത്ര)




Tuesday, January 28, 2020

ഈ രാത്രി ചൊല്ലുകയാണ്
നീയെപ്പോഴും കാതിലേക്ക്
ചേർത്തു വച്ച വരികൾ..
ഈ കാറ്റ്  മൂളുകയാണ്
കടലടയാളമായ നിന്ടെ പാട്ട്
ഈ സന്ധ്യ മൊഴിയുകയാണ്
നിന്ടെ ചുംബന മുത്തുകൾ
പാദം പൊട്ടിയൊഴുകിയ
ചോര ത്തുള്ളികൾ
മഴയിലന്നെഴുതിയ
പ്രണയ കാവ്യം..
പ്രണയരാഗം
 

 
   

Thursday, May 2, 2019

നീ വരികയാവണം
നക്ഷത്രങ്ങള്‍  എന്റെ കണ്ണുകളില്‍ ഉദിച്ചിരിക്കുന്നു
 നീ വന്നിരിക്കണം
തെന്നല്‍  എന്നെ വലയം ചെയ്യുന്നുണ്ട്
നീ വന്നു
ഞാന്‍  കാറ്റിലുലയുന്ന  പൂമര മായി
ഈ  രാവില്‍ ഇനി മറ്റൊന്നുമില്ല
നീയെന്ന പൂര്‍ണ്ണത യിലേക്ക്
എന്റെ അപൂര്‍ണ്ണ സഞ്ചാരം
നമ്മള്‍ ഗസലുകളായി
മാതളങ്ങള്‍  പിന്നെയും തുടുക്കുന്ന
മാന്ത്രികത
ചുരുള്‍ നിവരാത്ത കടല്‍പ്പായച്ചുണ്ടുകളെ
കടിച്ചു കുടയുന്ന കരി ഞണ്ടുകള്‍
തിര വിരലുകള്‍
ഉത്തമ ഗീതങ്ങള്‍
പ്രിയനേ ,,,,
കണ്ണുകളില്‍  നിന്റെ കണ്ണുകള്‍
ഇമകളില്‍ ചേര്‍ന്ന നീര്‍ ത്തുള്ളികള്‍
ഉടല്‍ വടിവുകളിലെ നീല വൃത്തങ്ങള്‍
സ്നേഹത്തിന്റെ  നെഞ്ചോരത്ത്
സാഗര സന്ധ്യ പോലെ ഞാന്‍ ,,,
നമ്മളി ങ്ങനെ പ്രണയത്തില്‍ മരിക്കും .
പരിഭവങ്ങള്‍  വിതുമ്പുന്ന  എന്റെ  അധരങ്ങളില്‍
നീ  അലംകരിച്ച  സ്നേഹ പുഷ്പങ്ങള്‍
എന്റെ  വെളിച്ച മേ...
ഞാനും നീയുംഅങ്ങനെ  ഇല്ലാതായിരിക്കുന്നു
"നമ്മള്‍  " മാത്രം.
 ഒരൊറ്റ ചിറകില്‍  ,
പ്രണയ സഞ്ചാരികള്‍  പറുദീസ
തീര്‍ക്കുന്ന ഇടങ്ങളിലേക്ക്
കരുണയോടെ   കടന്നു പോകുന്നവര്‍ .....[പ്രണയം ].






 
 


Monday, March 25, 2019



വിഷാദങ്ങളുടെ വലിയ കടല്‍ ഞണ്ടുകള്‍  നമ്മെ
വലയം ചെയ്ത തേയുള്ളൂ ,,
കരള്‍ പിളര്‍ ന്നില്ല
ഭയന്ന് ഞാനൊളിച്ച നിന്റെ  നെഞ്ചിന്‍ കൂട്
അതിലെ ഇളം ചൂട്
സ്വപ്‌നങ്ങള്‍ പൊള്ളിച്ച എന്റെ  കണ്ണുകളില്‍
വെളിച്ചപ്പെട്ട നിന്റെ  കയ്യട യാള ങ്ങള്‍
എനിക്കും ചുറ്റും തീയായിരുന്നു
ഞാന്‍ ഭയന്ന തേ യില്ല
നീ അതിലേക്കു നടന്നടുക്കുന്നത് ഞാന്‍ കണ്ടു
അഗ്നി നാളങ്ങളില്‍ നിന്നു എന്നെ വാരിയെടുത്ത്
നീ മറഞ്ഞ വഴികള്‍ ...
കരിഞ്ഞ മണം പരക്കുമ്പോഴും
നിന്റെ സ്നേഹത്തിന്റെ  വാസന
എന്നെ ജീവിപ്പിക്കുന്നു
നിന്റെ പ്രാണനില്‍ നിന്നു ഞാന്‍ ശ്വസിക്കുന്നു
നിന്റെ  വരണ്ട ചുണ്ടുകളെ ഞാന്‍ മൊത്തുന്നു
നീയാണ്   എന്റെ  ഉടലഴക്
എന്റെ കാതുകളില്‍ മുളം പാട്ടിന്റെ
ഒരുറക്കം  നീ സമ്മാനിക്കുന്നു ,,
പുലരികളിലേക്ക് എന്നെ എടുത്തുയര്‍ത്തി
നീ  ആകാശ മാകുമ്പോള്‍
സന്ധ്യകളുടെ  കടല്‍ മാലകള്‍
നാം പരസ്പര മണി യിക്കുന്നു ,,,
ഒരൊറ്റ ജീവിതമായി ത്തന്നെ ,


 [പ്രണയം ]

Monday, March 18, 2019

തുളുമ്പുന്ന  നട്ടുച്ചയില്‍ ...ആ മരത്ത ണലില്‍
ആകാശം  വെള്ളി മേഘങ്ങളെ  കാണിച്ചു തരുമ്പോള്‍ 
നീ എന്റെ  മടിയിലുറങ്ങുകയായിരുന്നു
അല്ല 
മയങ്ങുക യായിരുന്നു 
അകലെ  നീലക്കടല്‍  നമ്മളിന്നോളം കണ്ടിട്ടി ല്ലാത്ത വണ്ണം 
നമ്മളെ ത്തന്നെ നോക്കി ക്കിടന്നു 
"എന്‍റെ പെണ്ണേ "എന്ന് നീ മയക്കം മുറിഞ്ഞപ്പോള്‍ 
കടല്‍  വെട്ടി ത്തിളച്ചു  
എന്റെ  അത്രയ്ക്കടുത്ത്  നിന്റെ നിശ്വാസ ങ്ങളുടെ 
അതേ ചൂടില്‍ ..
പെട്ടെന്ന് നമ്മുടെ 
ചുണ്ടുകളുടെ   അരികില്‍  ചുംബനങ്ങളുടെ  തോണി മറിഞ്ഞു 
ഓരോന്നിലും എത്തിപ്പിടിക്കാന്‍ ഞാനും നീയും ,,,,
കൈകള്‍ക്ക് മേല്‍ കൈകള്‍ കോര്‍ത്തു 
ഹൃദയ നാരുകള്‍  ചേര്‍ത്തു തുന്നിയ നമ്മുടെ പ്രണയം 
നീയോ ഞാനോ ഒന്ന് നൊന്തു പോയാല്‍ 
ചോരയുടെ  തുളിപ്പും  കുതിപ്പും ...
ചുണ്ടുകളെ  ചുണ്ടുകള്‍ കൊണ്ടെടുത്ത് 
കണ്ണുകളെ കണ്ണുകളാ ലെ ടുത്ത്
ഒരായുസ്സ്  നമ്മള്‍ പകുക്കുന്നു   
തിരപ്പക്ഷി കളായെ ത്തുന്ന 
കടല്‍ സന്ധ്യകള്‍ ക്ക്
നമ്മെ ത്തന്നെ എറിഞ്ഞു കൊടുത്ത പോലെ .....

[പ്രണയം ]



























































Wednesday, February 27, 2019

തീ പടരുന്ന വനം കണ്ടിട്ടുണ്ടോ
ഇല്ല
അവസാനത്തെ പച്ചയും കണ്ണീരോടെ
പുകയുന്ന തീയ് ...
ഇല്ല
തടാകത്തിലെ അവസാന തുള്ളി എരിഞ്ഞു
തീരുന്നതു കണ്ടിട്ടുണ്ടോ
ഇല്ല
ഓർമകളുടെ നീർമരുതുകൾ നിലം പൊത്തുന്നതു കണ്ടിട്ടുണ്ടോ
ഇല്ല
ഒരു മുളമ്പാട്ട് ആഴത്തിൽ വെന്ന്
മണം പരത്തുന്നതറിഞ്ഞിട്ടുണ്ടോ
പിന്നെ ...
ഒരു അസമയ സൂര്യൻ ഒപ്പം വന്ന്
മരത്തിലും പുഴയിലും ചിത്രം വരച്ചു
പിന്നെ
പ്രണയം പ്രണയമെന്നസ്തമിച്ചു..
പിന്നെ
അവൾക്ക് കൂട്ടായി കടൽ സന്ധ്യകളെ
മെനഞ്ഞു...
പിന്നെ....പിന്നെ....

  

Monday, December 31, 2018

പച്ച മുറിച്ചു വച്ച പാടങ്ങളില്‍
തീ കൊണ്ട് വരച്ച  ചിത്രങ്ങള്‍ 
അവയിലേക്കു ചായുന്ന 
നിഴലുകളായി നമ്മള്‍ ,
ചുവപ്പിന്റെ  രണ്ടു സൂര്യന്മാര്‍
കരവലയത്താലും 
കിരണങ്ങള്‍ കൊണ്ടും
മെനഞ്ഞ ജീവിതത്തിന്റെ
 തീവണ്ടി മുറികള്‍.
കാലം ആവുന്നത്ര പതുക്കെ  നീങ്ങുന്നു
ഉഷ്ണക്കാറ്റ്‌ ചിറകു വിരുത്തുന്നു
സന്ധ്യയുടെ ഉല്ലാസങ്ങളില്‍
നമ്മള്‍ നെഞ്ചിലെഴുതിയ മുദ്രകള്‍ക്ക്
ഒരു  സൂര്യ ദാഹത്തിന്റെ  ആയുസ്സ് .
കണ്ണുകള്‍ കണ്ണുകളെ തൊടുന്നു
ശ്വാസം ശ്വാസത്തെ  ഉമ്മ വയ്ക്കുന്നു
ഉള്‍നെഞ്ചില്‍ ഉറവ പൊട്ടുന്ന കണ്ണീരില്‍
പ്രണയത്തിന്റെ  മഴവില്ലുകള്‍
പ്രിയനേ ....
നീയെനിക്ക് എത്രയും  വിലപ്പെട്ടത്
പ്രപഞ്ചത്തോളം സൂക്ഷ്മ പ്പെട്ടത്
പ്രകാശ ത്തോളം  ആഴമുള്ളത്
കടലായ ങ്ങളില്‍  നമ്മള്‍
ഹൃദയം നല്‍കിയ  സന്ധ്യകള്‍ക്ക്
നീ നല്‍കിയ പേരില്‍
ഞാനിപ്പോഴും ജീവിക്കുന്നു
പുതിയ സൂര്യന്‍
ഒരേ കടല്‍ ..
ഒറ്റ ജീവിതം ..
അത്രമാത്രം . [നാളെയും ]


 


Wednesday, December 26, 2018

Friday, December 14, 2018

എപ്പോഴാണ്  ഞാന്‍ പെട്ടെന്ന്  സീതയായി മാറുന്നത്
എപ്പോഴാണ്  കടലിലൂടെ  ഒഴുകുന്ന സന്ധ്യ യാകുന്നത്
തീര്‍ച്ചയായും നീ  തൊടുമ്പോള്‍ ത്തന്നെ !
എനിക്ക് ചുറ്റും അശോ കം പൂക്കുകയും
രാത്രി അതിന്റെ  കാവല്ക്കാരിയാവുകയും  ചെയ്യും
കണ്ണുകളില്‍ നീര്‍ തിളങ്ങുക യും
സീതാതടാകമാവുകയും ചെയ്യും
ചുണ്ടുമ്മകള്‍ കോര്‍ത്തു നീ
കവിളില്‍ അണിയിക്കുമ്പോള്‍
തീരം തൊടുന്ന നൌകയാകുന്നു ഞാന്‍
എന്റെ പരിഭവങ്ങളുടെ നെറുകയില്‍
നീ തേടുന്ന പൂവുകള്‍ ഒന്നിച്ചു വിരിയുന്നു
  എന്തൊരു  മാന്ത്രികത .....

[അപൂര്‍ണ്ണം]





ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...