Monday, April 9, 2012

പരിചിതം

തണ്ടൊടിഞ്ഞ ചെടിപോലെ
ആകാ ശം വാടിക്കിടക്കുകയും
സന്ധ്യ അതിന്‍റെ നാവില്‍ നക്ഷത്ര ജലം
തൊട്ടു വയ്ക്കുകയും ചെയ്തു .
മണ്ണ് ഉഷ്ണിച്ചു വിയര്‍ക്കുകയും
സൂര്യ ഗോളം തീ നാവുകളാല്‍
അതിനെ ച്ചുംബിച്ചുലയ്ക്കുകയും ചെയ്തു
 ഉണ്ണാനും ഉടുക്കാനുമില്ലെങ്കിലും
മനുഷ്യര്‍ പ്രാര്‍ഥിക്കാന്‍ പഠിക്കുകയും
ദൈവം ചുണ്ടനക്കങ്ങളെ സ്നേഹമായി
വിശ്വാസ പ്പെടുത്തുകയും ചെയ്തു
പുഴകളെ  എടുത്തു നടക്കുവാനും
സമുദ്രങ്ങളെ കോപ്പയില്‍ നിറയ്ക്കുവാനും
മേഘങ്ങളെ പുതച്ചു കൊള്ളാനും  അവന്‍ കല്‍പ്പിച്ചു
ഇല്ലാ വചനങ്ങളുടെ കേള്‍വിയില്‍
 മനസ്സിലേക്ക്
 മണ്ണ് വരച്ചു കൊടുത്ത
ഒരു വഴിയടയാളമാണ് മനുഷ്യര്‍ മായ്ച്ചു കളഞ്ഞത്
ഇപ്പോള്‍ ......
വേരുകളില്ലാത്ത   ഒരു വനം പോലെ
 മനുഷ്യരും  ദൈവവും   ദാഹിച്ചു മരിക്കുന്നു ..
പ്രാര്‍ഥനകളുടെ കല്ലറയില്‍ വര്‍ഗീയ കലാപം .






Monday, April 2, 2012

വാസ്തവം

കിളി പാടും മരങ്ങളേ......
കാവ്‌ തീണ്ടും കുള ങ്ങളേ........
മിന്നല്‍ പൂക്കും മേഘങ്ങളേ.......
പൂവ് തേടും വനങ്ങളെ .........
വെയില്‍ തിരയും വാനമേ .......
മഴ യെഴുതും മാരിവില്ലേ ......
പച്ചയുടെ പകര്‍ച്ചയില്‍
പന്തലിടും ഭൂമിയേ .......
ഹൃദയ ഞരമ്പിന്‍ നദികളേ......
ഇണ പ്പാട്ടിന്‍ ഇരവുകളെ..........
തുണ ചേരും പകലുകളെ.........
തുടി മുഴക്കും പദങ്ങളെ......
തുടി ച്ചെഴുന്ന താരകേ ........
 അവനുമെനിക്കുമിടയില്‍ ജീവന്റെ തെളിവായതെല്ലാം
സന്ധ്യയുടെ  തിരയടയാ ളമായി
    പ്രണയ മെഴുതിയെന്നു ..........
കാറ്റിന്‍റെ മൊഴി ...........കളവല്ല .!










Sunday, April 1, 2012

സ്വപ്നം

ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ............
തെരുവുകള്‍ക്ക്‌ തീ പിടിച്ചെന്നും  
റോസാപ്പൂക്കള്‍ യുദ്ധ ത്തിനി റങ്ങിയെന്നും
ദാരു ശി ല്പ്പങ്ങള്‍ തിരികെ മരങ്ങളിലേക്ക് പ്ര വേ ശി ച്ചെന്നും
മണിവീണകള്‍ തന്ത്രികള്‍ മറിച്ചു വിറ്റെന്നും
വീടുകള്‍ ഉറങ്ങുന്നവരെയും കൊണ്ട് പറന്നു പോയെന്നും
നാവ് രുചികളെ ദഹിപ്പിച്ചു കളഞ്ഞുവെന്നും
മോണോലിസയുടെ പുഞ്ചിരിയില്‍ നിന്ന് -
അതിശയത്തിന്റെ  കല്ലടര്‍ന്നു പോയെന്നും ......
പുഴകള്‍ അലക്കുകല്ലില്‍ തല തല്ലി മരിച്ചെന്നും -------
എനിക്ക് സ്വപ്ന ദര്‍ശ നം.
അര്‍ദ്ധ രാത്രിയില്‍  സ്വാതന്ത്ര്യം ലഭിച്ചവളുടെ ധര്‍മ സങ്കടം .



Sunday, February 12, 2012

ഒരു തെയ്യക്കാലത്തിന്‍ ഓര്‍മ്മയ്ക്ക്‌

പുലരുവാന്‍ ഏഴര രാവുണ്ടായിരുന്നു
കിനാവുകള്‍ കാവലുണ്ടായിരുന്നു 
ഇടവും വലവും വിലക്കുകള്‍
വി ശ്വാസമില്ലായ്മയുടെ  കണ്ണുകള്‍ പായിച്ചു കൊണ്ട് 
ഞങ്ങളെ  അളന്നു കൊണ്ടിരുന്നു 
.വഴിമരങ്ങള്‍  വിഷാദ രോഗികളുടെ  പട്ടികയില്‍ 
സ്വന്തം  പൂക്കളുടെ പേരു ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു
അവയുടെ നൊമ്പരങ്ങളായാണ് പിന്നെ ഞങ്ങള്‍
പലതായി  പകുത്തതും ഒന്നായി നിറഞ്ഞതും.
യാത്രയില്‍  അന്ന്
പരസ്പരം പറഞ്ഞ തൊക്കെയും പകര്‍ത്തിയത്  മൌനം
പ്രണയ  നക്ഷത്രങ്ങളുടെ സഞ്ചാരങ്ങളില്‍ നിന്ന്
കളിയാട്ടത്തിന്‍റെ ഊരു കാഴ്ചകളിലേക്ക് 
  പുലരിയെ    കൈമാറുമ്പോള്‍  
ഹൃദയങ്ങളുടെ  കൊടിപ്പടം ഒന്നായിക്കഴിഞ്ഞിരുന്നു
അതുകൊണ്ട്  
തെയ്യക്കാലം  ചുവടു വയ്ക്കുമ്പോഴെല്ലാം
പിന്നോട്ട്  പായുന്ന വഴിമരങ്ങളിലെ  പൂവുകള്‍
തുറന്നു   വച്ച പ്രണയ പുസ്തകങ്ങള്‍...
മുന്നോട്ടുള്ള   പ്രാണ സഞ്ചാരങ്ങള്‍







 



















.


കലിയാട്ടം

മുഖത്ത് ദുരിതങ്ങളുടെ തീ വരകള്‍ നിറച്ച്
അവര്‍
ദൈവങ്ങ ളോട് മല്ലിടുകയായിരുന്നു .
അപ്പോഴേക്കും
അധികാരം തലയരിഞ്ഞ കൊയ്ത്ത് പാടങ്ങളില്‍ നിന്ന്
അടിമകള്‍ കുരുത്തുയര്‍ന്നു
അവരില്‍  മുട്ടാളന്മാരുടെ കൈകളില്‍
 നിറച്ചിട്ടും നിറയാത്ത ജന്മിപ്പറയുടെ കണ്ടിച്ച കഴുത്ത്
അവരില്‍  പെണ്ണുങ്ങളായവരുടെ നെഞ്ചിടങ്ങളില്‍
പറിച്ചെറിഞ്ഞ മുലകളുടെ  കരിഞ്ഞ ഓര്‍മ്മവട്ടം
തട്ടകങ്ങളില്‍  ഓടിക്കയറി അവര്‍ കണ്ണാടി നോക്കി 
മുള  കളുടെ കരുത്തു കണ്ടു
വെന്തു  മലര്‍ന്ന വിറകു കനലുകളില്‍ കുളിച്ചമര്‍ന്നു
ചെന്തെങ്ങുയരത്തില്‍ കൊടിമര ത്തുഞ്ചത്ത് പാറിക്കിടന്നു
നീണ്ട  ചോരച്ച നാവില്‍ നിന്ന് തിരിയാത്തതെന്തോ
ചരിത്രമായി   ചാറ്റി വീണു
പിന്നെ
 ചുമലുകളില്‍ കഥകളുടെ ഭാരം വഹിച്ച്
കറുത്ത  മനുഷ്യരുടെ മടക്കം
ഒരു  തെയ്യക്കാലത്തിന്‍  ചുവടു മാറ്റം .





















Wednesday, February 8, 2012

യാത്ര

തീ പിടിച്ചോടുന്ന സ്വപ്നങ്ങളുടെതാണ്
ഈ ഭ്രാന്തന്‍ ചിത .
നിന്ന് കത്തുകയും  വീണെരിയുകയും
വീണ്ടും വീണ്ടും ഉയിര്‍ ക്കുകയും ചെയ്യുന്ന
തിരുപ്പിറവി യാണ്  അവയുടെത്
കാരണം
ചിതയെന്നു കരുതിയത്‌
നിന്‍റെ ഹൃദയത്തിന്‍റെ ചുവപ്പായിരുന്നല്ലോ
ഒരുക്കങ്ങളില്ലാതെ
പുറപ്പാടില്ലാതെ എപ്പോഴും
ഞാന്‍  വന്നു ചേരുന്നിടം..



Friday, January 20, 2012

പരസ്പരം

മലമടക്കുകളില്‍ നിന്‍റെ ഹൃദയം സൂര്യ താപ മേറ്റുന്നത്
താഴ്വാരങ്ങളില്‍ എനിക്ക് കാറ്റു പറഞ്ഞു തന്നു
തളര്‍ന്ന ഇലകളില്‍  പുതിയ പൂമ്പാറ്റകള്‍
നൃത്തം വയ്ക്കാനറിയാതെ പിടച്ചു കൊണ്ടിരുന്നു
ചോരയില്‍ പിറന്ന ഒരരുവിയെ മുകളിലേക്ക് പായിക്കാന്‍
ഞാന്‍  ഭൂമിയോട് യാചിച്ചു
എത്ര പെട്ടെന്നാണ് നീയതില്‍ തുടിച്ചു നീന്തിയത്‌
ഇപ്പോള്‍
മലമടക്കുകളില്‍  നിലാത്തുമ്പിയുടെ  കിലുക്കം
വേനലുകളില്ലാത്ത  പ്രണയം 

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...