Sunday, June 3, 2012

വീണ്ടും

ഇന്നലെ
ബസില്‍ തൊട്ടുമുന്നിലെ സീറ്റിന്‍ പിറകില്‍.......
കണ്ണന്‍ പ്രേമിക്കുന്നു നീനയെ ..
    ആരോ ചിഹ്നം ചേര്‍ത്ത് പറയാതെ പറഞ്ഞ കവിത .
കണ്ണന്‍ കറുത്ത ജീന്‍സും  നൂല്‍ ബാഗുമായി
നീന ചുരിദാറും  കൈ പേര്‍സു മായി
ഏതെന്കിലും സ്റ്റോപ്പില്‍ നിന്ന് .........? .
ആഗ്രഹങ്ങളുടെ കുത്തിത്തിരിപ്പില്‍ നിന്ന്
അസഹ്യതയുടെ  സര്‍വകലാശാലയിലേക്ക്
എനിക്കും സഹയാത്രികക്കും ഒരേ ടിക്കറ്റ്‌ !
നോക്കണേ.......
നമ്മള്‍ പഠിക്കുമ്പോള്‍ ........
അവര്‍ കൈലെസേടുത്ത്  വാക്ക്  തുടച്ചു കളഞ്ഞു
 വിരലുകളും  കവിളുകളും ചെറുപ്പം തുള്ളി  ... വിറച്ചു
മൊബൈലില്‍  നിന്ന് അക്കങ്ങളെ  അടര്‍ത്താന്‍ തുടങ്ങി.
എന്റെ കൈകള്‍ക്ക് മഞ്ഞിന്റെ ആവരണം ........
കണ്ണുകളില്‍ നിന്ന് കണ്ണനും നീനയും പൊഴിഞ്ഞു പോയി
പിന്നെ 
കയ്യിലൊളിപ്പിച്ച കരിക്കട്ട കൊണ്ട്
ഓരോ സീറ്റിനു പിന്നിലും ഞങ്ങള്‍ കുത്തിവരച്ചു
ഒരിക്കല്‍   മറന്നു പോയ  അതെ വരകള്‍ ....
 സ്റ്റോപ്പുകള്‍ മറി കടന്നു പോയ  ബസ്‌ ......
യാത്രക്കാരെ കണ്ടതേയില്ല ......... 




Friday, June 1, 2012

...............പാതകം

കൊല എന്നത് എന്തിന്റെ പരിഭാഷയാണ് ?
കൈ കൊടുത്തു പിരിയു ന്നോര്‍ക്കിടയില്‍ അത്
 ശൂന്യതയിലെ വാള് പോലെ വെറുതെ ചോര വീഴ്ത്തും
ചെമ്മരിയാടിന്‍ താടി കത്രിക്കുന്ന ലാഘവത്തോടെ അത്
അതുവരെയുള്ള സ്നേഹത്തെ അധിക്ഷേപിക്കും
ഓരോ  അമ്മയുടെയും ചുണ്ടില്‍ നിന്ന്
പുറത്തേക്കിഴയുന്ന താരാട്ടില്‍ അതു  തണുപ്പ് വീഴ്ത്തും 
കൊല എന്നത് ആരുടെ പരിഭാഷയാണ് ?
പേടിച്ചു  പിന്തിരിയുന്ന ഒരു യുവാവ്
അവനോടു തന്നെ പറയുന്നതാവുമോ അത് ?
അഹന്തയുടെ  നാവുമായി ചുറ്റി ത്തിരിയുന്നവര്‍
പാടുന്ന ഒടുവിലെ പാട്ടാകുമോ അത്?
കിടക്കയുമെടുത്ത്  നടക്കാന്‍ ശ്രമിക്കുന്ന
മുടന്തന്റെ  ദൈന്യ മുണ്ട തിന്
വാടാതിരിക്കാന്‍ ശ്രമിച്ചു ശ്രമിച്ചു
വേരറ്റു പോയ  ചെടി യുടെ പതര്‍ച്ച യുണ്ടതിന്...
എന്നിട്ടും കൊല ആരുടെ അഹങ്കാരമാണ് ,,,,,,,,,,,,
 ഓരോ വയലിലും പച്ച കുത്തുന്ന കൊലയുടെ
ആദ്യ പാഠങ്ങള്‍ സ്വന്തം നെഞ്ചത്ത് പരതാന്‍
വെട്ടു കിളികളുടെ ഒരു സംഘം ഇന്നലെ രാവിറങ്ങി പോലും .
എന്നിട്ടും കൊലയുടെ പാട്ടിനു താള ഭംഗ മില്ല
അതില്‍  മുറിഞ്ഞ വരുടെ ജീവന് ഇപ്പോഴും പിടപ്പ് .......





Monday, May 14, 2012

നമ്മള്‍

ഉടലിനും അപ്പുറ ത്തെക്കാണു  നീ വിളിച്ചത്
ഉന്മാദ ങ്ങളുടെ ഉണര്‍ചകളായി നിന്‍റെ വാക്കുകള്‍
കാടകങ്ങളുടെ ഗാഡ നീലിമയില്‍
സമുദ്ര സഞ്ചാരങ്ങളുടെ കപ്പല്‍ ചുഴികളില്‍
സ്വപ്നങ്ങളുടെ സൂര്യ കാന്തി പ്പൂക്കളായി
അവ വിരിയുകയും ചായുകയും ചെയ്യുന്നു
കാത്തിരിപ്പിന്‍ ലാവണ്യം നെയ്തുടുക്കുന്നു
അഹങ്കാരികളുടെ സ്വര്‍ഗം പണിയുന്നു
ഉയിരിന്‍ തീജ്വാലകള്‍ പടര്‍ത്തി വീശി
സന്ധ്യകള്‍ സമാഗമത്തിന്‍ ചുംബനങ്ങളെ
നക്ഷത്ര ങ്ങളില്‍ വരച്ചിടുമ്പോള്‍
നിന്‍റെ ഹൃദയ സ്പര്‍ശങ്ങളില്‍
ഞാന്‍ എന്നെ എഴുതി വയ്ക്കുന്നു .



Sunday, April 22, 2012

അവിരാമം


വേനല്‍ പ്പനിയുടെ അബോധങ്ങളില്‍ നിന്ന്
സ്വപ്നങ്ങളുടെ പണിക്കാര്‍ ഇറങ്ങിപ്പോയി 
അവര്‍ നിഴലുകളില്‍ വെളിച്ചത്തെ ഭ്രമിപ്പിച്ചു 
മഴയിരമ്പി വന്നു  മയിലാടും പോലെ 
കാടിറങ്ങി വന്നു കാറ്റാകും പോലെ 
പനിക്കാലത്തിന്‍ കുറത്തിയാട്ടം .
അപ്പോള്‍ 
വയല്‍ പ്പൂവിന്‍ മണമായി നീ ......
കിളിക്കൂടിന്‍ ചെല്ലമായി നീ ............
പച്ചയുടെ പ്രാണനായി നീ ........
പരിഭവങ്ങളുടെ തൂവാലയില്‍  നെയ്തതൊക്കെയും
സ്വപ്നങ്ങളുടെ ശ ലഭങ്ങള്‍...
അവ പറന്നു കൊണ്ടേ യിരിക്കുന്നു 
അവിരാമം 
എന്നില്‍ നിന്ന് നിന്നിലേക്ക്‌ അവയ്ക്ക് 
ഒരു ഇമയനക്കത്തിന്‍  ദൂരമേയുള്ളൂ ..

Monday, April 9, 2012

പരിചിതം

തണ്ടൊടിഞ്ഞ ചെടിപോലെ
ആകാ ശം വാടിക്കിടക്കുകയും
സന്ധ്യ അതിന്‍റെ നാവില്‍ നക്ഷത്ര ജലം
തൊട്ടു വയ്ക്കുകയും ചെയ്തു .
മണ്ണ് ഉഷ്ണിച്ചു വിയര്‍ക്കുകയും
സൂര്യ ഗോളം തീ നാവുകളാല്‍
അതിനെ ച്ചുംബിച്ചുലയ്ക്കുകയും ചെയ്തു
 ഉണ്ണാനും ഉടുക്കാനുമില്ലെങ്കിലും
മനുഷ്യര്‍ പ്രാര്‍ഥിക്കാന്‍ പഠിക്കുകയും
ദൈവം ചുണ്ടനക്കങ്ങളെ സ്നേഹമായി
വിശ്വാസ പ്പെടുത്തുകയും ചെയ്തു
പുഴകളെ  എടുത്തു നടക്കുവാനും
സമുദ്രങ്ങളെ കോപ്പയില്‍ നിറയ്ക്കുവാനും
മേഘങ്ങളെ പുതച്ചു കൊള്ളാനും  അവന്‍ കല്‍പ്പിച്ചു
ഇല്ലാ വചനങ്ങളുടെ കേള്‍വിയില്‍
 മനസ്സിലേക്ക്
 മണ്ണ് വരച്ചു കൊടുത്ത
ഒരു വഴിയടയാളമാണ് മനുഷ്യര്‍ മായ്ച്ചു കളഞ്ഞത്
ഇപ്പോള്‍ ......
വേരുകളില്ലാത്ത   ഒരു വനം പോലെ
 മനുഷ്യരും  ദൈവവും   ദാഹിച്ചു മരിക്കുന്നു ..
പ്രാര്‍ഥനകളുടെ കല്ലറയില്‍ വര്‍ഗീയ കലാപം .






Monday, April 2, 2012

വാസ്തവം

കിളി പാടും മരങ്ങളേ......
കാവ്‌ തീണ്ടും കുള ങ്ങളേ........
മിന്നല്‍ പൂക്കും മേഘങ്ങളേ.......
പൂവ് തേടും വനങ്ങളെ .........
വെയില്‍ തിരയും വാനമേ .......
മഴ യെഴുതും മാരിവില്ലേ ......
പച്ചയുടെ പകര്‍ച്ചയില്‍
പന്തലിടും ഭൂമിയേ .......
ഹൃദയ ഞരമ്പിന്‍ നദികളേ......
ഇണ പ്പാട്ടിന്‍ ഇരവുകളെ..........
തുണ ചേരും പകലുകളെ.........
തുടി മുഴക്കും പദങ്ങളെ......
തുടി ച്ചെഴുന്ന താരകേ ........
 അവനുമെനിക്കുമിടയില്‍ ജീവന്റെ തെളിവായതെല്ലാം
സന്ധ്യയുടെ  തിരയടയാ ളമായി
    പ്രണയ മെഴുതിയെന്നു ..........
കാറ്റിന്‍റെ മൊഴി ...........കളവല്ല .!










Sunday, April 1, 2012

സ്വപ്നം

ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ............
തെരുവുകള്‍ക്ക്‌ തീ പിടിച്ചെന്നും  
റോസാപ്പൂക്കള്‍ യുദ്ധ ത്തിനി റങ്ങിയെന്നും
ദാരു ശി ല്പ്പങ്ങള്‍ തിരികെ മരങ്ങളിലേക്ക് പ്ര വേ ശി ച്ചെന്നും
മണിവീണകള്‍ തന്ത്രികള്‍ മറിച്ചു വിറ്റെന്നും
വീടുകള്‍ ഉറങ്ങുന്നവരെയും കൊണ്ട് പറന്നു പോയെന്നും
നാവ് രുചികളെ ദഹിപ്പിച്ചു കളഞ്ഞുവെന്നും
മോണോലിസയുടെ പുഞ്ചിരിയില്‍ നിന്ന് -
അതിശയത്തിന്റെ  കല്ലടര്‍ന്നു പോയെന്നും ......
പുഴകള്‍ അലക്കുകല്ലില്‍ തല തല്ലി മരിച്ചെന്നും -------
എനിക്ക് സ്വപ്ന ദര്‍ശ നം.
അര്‍ദ്ധ രാത്രിയില്‍  സ്വാതന്ത്ര്യം ലഭിച്ചവളുടെ ധര്‍മ സങ്കടം .



ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...