Saturday, April 23, 2011

ആമയും ആനയും

ആമയും ആനയും .വാഴ നട്ടു..
ഒന്നിച്ചു നിലമൊരുക്കി ;തടമെടുത്ത് ...
അങ്ങനെ യങ്ങനെ ........
രാത്രി ആമയൊരു സ്വപ്നം കണ്ടു ..
ആരുമറിയാതെ വാഴക്കുല വെട്ടുന്ന ആനയെ ...
ആനയും കണ്ടു അതേ സ്വപ്നം 
രണ്ടു പേര്‍ക്കും ഉരിയാട്ടം ഇല്ലാതായി .
ആന വരുന്ന വഴിയില്‍ വാരിക്കുഴി ....
ആമ മിണ്ടിയില്ല 
ആമയ്ക്കു പിന്നില്‍  വേട്ടക്കാരന്‍ ......................
ആന മിണ്ടിയില്ല .
ഒടുവില്‍ ...............
വരിഞ്ഞു കെട്ടി സര്‍ക്കസ് കൂടാരത്തിലേക്കു 
കൊണ്ട് പോകുമ്പോള്‍ 
അവര്‍ കണ്ടു .............
വാഴയ്ക്കതാ ഇലകള്‍ ................
.ഒന്ന് ..രണ്ട്‌........മൂന്ന്‌...

മണ്ണാങ്കട്ടയും കരീലയും

മണ്ണാങ്കട്ടയും കരീലയും ...
നടക്കാനിറങ്ങി .
എന്നെങ്കിലും ഒരു മഴ യോ  കാറ്റോ ഒന്നിച്ചു വന്നാല്‍ 
പരസ്പരം തണല്‍ ആകാമല്ലോ എന്ന് കരുതി .
അപ്പോഴാണ് മണ്ണാങ്കട്ട കുടയുടെ വമ്പന്‍ പരസ്യം കണ്ടത് .
 കരീല നല്ലൊരു മഴക്കോട്ടും വാങ്ങി.
മഴയും കാറ്റും നാണിച്ച് അവരവരുടെ വഴിക്ക് പോയി .
കഥ മന പാഠമാക്കിയ കുട്ടി  പറഞ്ഞു 
മണ്ണാങ്കട്ട അലിഞ്ഞും പോയി 
കരീല പറന്നും പോയി ,
അതു കേട്ട കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു .
 

Tuesday, April 12, 2011

രാ.....മദ്ധ്യം

നഗരം ഇത്ര ദയാവായ്പ്പോടെ ഉറങ്ങുന്നത് ഞാന്‍  മുന്‍പ് കണ്ടിട്ടേയില്ല .
ഉറക്കറകളില്‍ നിദ്ര നീലിമയായി പടര്‍ന്നു .
കാവല്‍ മരത്തിന്‍റെ ഇലകളില്‍ നിന്ന് പാതിരാവിന്‍ ഈര്‍പ്പം 
എന്‍റെ കവിളുകളില്‍ ഇറ്റു .
രാത്രിയുടെ പാറാവുകാര്‍ മാത്രം സ്വപ്നങ്ങളോട്‌ കലഹിച്ചു 
കടല്‍ മെല്ലെ ഉണരുകയായിരുന്നു 
നിലാപ്പാലയില്‍  നിരാര്‍ഭാടമായി വെളിച്ചത്തിന്‍റെ നിഴലുകള്‍ നൃത്തമാടി
.തിരകളുടെ വാതില്‍ തുറന്ന് അരൂപികളുടെ ഗായക സംഘം കടന്നു പോയി
ഇരുട്ടിനെ പകുത്തു...വന്മരം  ..
പച്ചില ക്കുടയ്ക്കു താഴെ കണ്ണെത്തിച്ചു ...
കനത്ത തോള്‍ വളകളില്‍  തിടുക്കത്തിന്റെ ഏറ്റുമുട്ടല്‍ ...
മഞ്ഞലകള്‍  ചീന്തും പോലെ  ................എന്‍റെ മുഖപടത്തില്‍ നിന്ന് ..........
ഞാന്‍ തനിയെ വലിച്ചു മാറ്റപ്പെട്ടു .
പുഷ്യ രാഗമുപേക്ഷിച്ച പര്‍വത സമാനമായ മാര്‍വിടത്തില്‍ 
പ്രണയത്തിന്‍റെ അവകാശ മായി  മുരശടി  മുഴങ്ങി 
തളിരിലകളും പൂക്കളുമായി മാത്രം 
 അപ്പോള്‍ എന്നില്‍ നാണം പൂത്തു ..
രാ .മദ്ധ്യം പിളര്‍ന്നു .
അഗ്നി ദേവതകള്‍ വിശുദ്ധ ഗമനത്തിന്‍ ഉലയൂതി .
നിശ്വാസങ്ങളുടെ പതര്‍ച്ചയില്‍ ആകാശ മെരിഞ്ഞു.
ഉന്മാദങ്ങളുടെ നക്ഷത്രപ്പാച്ചിലുകള്‍ മേഘത്തിന്റെ ഉടലഴകില്‍ സന്ധിച്ചു .
ഉധ്ധതനായ  അസുരകാമി......
ഒറ്റക്കയ്യാല്‍ സ്വപ്ന രഥങ്ങളെ പിന്നാക്കം മറിച്ചു.
ഞാന്‍ ക്ഷീണിതയായിക്കഴിഞ്ഞിരുന്നു    അപ്പോള്‍ .
ജനപദത്തിലെ മണ്ണിനുള്ളില്‍ കിളിര്‍ത്തു തുടങ്ങിയവളായി.
വീണ്ടെടുത്തവന്റെ വീരോചിത മുദ്രയായി
മയങ്ങാന്‍ തുടങ്ങിയിരുന്നു.
.ആരുടെതെന്ന് വേര്‍തിരിക്കാനാവാത്ത  വാക്കുകളില്‍
പ്രാണ സഞ്ചരണ ത്തിന്‍  പൊരുള്‍  കിതച്ചു .
 കുയിലിന്‍റെ പതര്‍ച്ചയും 
മയില്‍‌പ്പീലി മനസ്സും...പകുത്തു .
അടക്കം പറഞ്ഞു വന്ന കാറ്റില്‍ 
രാ മധ്യങ്ങളുടെ ...ചിത്ര കഥ .
യുദ്ധ കാഹളങ്ങളില്‍ ഇടനെഞ്ചു പിടച്ചു ഞങ്ങള്‍ ...
യുഗങ്ങളില്ലാതെ ... ദൈവങ്ങളില്ലാതെ .....ഇപ്പോഴും 
നഗ്ന കാമങ്ങളുടെ അകമ്പടിയോടെ 
സ്നേഹത്തെ വിജയിപ്പിച്ചു കൊണ്ടേ യിരിക്കുന്നു.....  ...........

Friday, March 25, 2011

വിശ്വാസം

പ്രിയനേ.................
കടല്‍ത്തീരത്തെ അനേകം കാലടയാളങ്ങളില്‍ നിന്ന് 
നിന്റേതു മാത്രം ഞാന്‍ കണ്ടെടുക്കുന്നത് 
അവയിലെന്റെ ഹൃദയ രക്തം പുരണ്ടിരിക്കുന്നതിനാലാണ് .
വെളിച്ചത്തിന്‍റെ തുഴകളായിഎന്നെ വലയം ചെയ്യുന്ന 
തിരക്കൂട്ടങ്ങളില്‍ നിന്ന് 
നിന്‍റെ വിരലുകളുടെ പ്രകാ ശത്തെ മാത്രം ഞാന്‍  വീണ്ടെടുക്കുന്നത് 
അവയിലെന്റെ പുലരി ഞരമ്പുകള്‍ മിടിക്കുന്നത്‌ കൊണ്ടാണ്
പ്രിയനേ 
രാത്രിയുടെ ഘടികാര മുഴക്കത്തില്‍ നിന്ന് നിന്‍റെ 
പ്രതീക്ഷയുടെ സ്വരം മാത്രം ഞാന്‍ ഏറ്റുവാങ്ങുന്നത് 
അതിലെന്റെ സ്നേഹം  പ്രപഞ്ചമാകുന്നതിനാലാണ്
എല്ലായ്പ്പോഴും .............
തിരമാലകളിലേക്ക് ഊഞ്ഞാലാടിയ നക്ഷത്രത്തെ 
ആകാശ ത്തിനു മടക്കി നല്‍കിയും 
മേഘങ്ങളുടെ മാറ് തുളച്ചു കടന്നു പോയ 
മിന്നല്‍ പിണരിനോട് കലഹിച്ചും 
ഒരു പായ്‌ വഞ്ചിയില്‍ മഴവില്ലിനൊപ്പം  യാത്ര ചെയ്തും
പ്രണയത്തിന്‍റെ പ്രവാചക രായതിനാലാണ്
നമുക്കും ....................
കടലിനു മീതെ നടക്കാനായത് ..



. .
 



Sunday, March 20, 2011

മഴ

 കിടന്ന കിടപ്പില്‍ നിന്ന് പര്‍വതങ്ങള്‍
മലക്കം മറിയുന്നത് പോലെയായിരുന്നു അത് .
കണ്ണുകളിലെ ആലവട്ടങ്ങള്‍  മയിലുകളായി പറന്നകന്നു .
ചുണ്ടുകളില്‍ പൂമ്പാറ്റകള്‍ രാസരൂപമാര്‍ന്നു .
കപ്പല്‍ ചുഴികളില്‍   വിടര്‍ന്നു വരുന്ന നീര്‍ക്കുമിളകള്‍ തേടി
കടലുകളുടെ നാവു വറ്റി വരണ്ടു
പുത്തന്‍ വെയില്‍ ത്തുളകള്‍
വട്ടം വരച്ചെടുത്ത മേലാടകള്‍
തങ്ങളില്‍ കിതച്ചു മത്സരിച്ചു ..
മുഷിഞ്ഞ വിരലടയാളങ്ങള്‍ വിരിയുടെ ---
വിളര്‍ത്ത നെറുകയില്‍ തെറിച്ചു  നിന്നു
കട്ടില്‍ മരത്തില്‍  നിന്ന്‌ തീ ക്കോടാലികള്‍ പുറത്തേക്ക് നീണ്ടു .
അപ്പോഴേക്കും  ആകാശം ഇടിഞ്ഞു താണിരുന്നു .
അരയാലിലകള്‍ നാണത്തില്‍ കുതിര്‍ന്നു  കഴിഞ്ഞിരുന്നു 
 അതിനു ഒരു മഴയുടെയും പേരിട്ടു വിളിക്കാനാകില്ല ..
ഒന്നിച്ചു നനയാനല്ലാതെ .

Friday, March 11, 2011

നിമിഷം

ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത  ബസ്‌ 
..അന്നും  ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു 
പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.
 

Thursday, March 3, 2011

പാവത്തം

ചെത്തിതേക്കാത്ത  വീട് പോലെ അമ്മ .
ഉള്ളലിവുകാട്ടി വെയിലത്രയും 
മുറ്റത്തു ചിക്കി ഉണക്കി .
കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന
നെന്മണി യെ 
ഇടം കയ്യിലും വലം കയ്യിലും കിടത്തി ഉറക്കി .
 പിഞ്ഞിത്തുടങ്ങിയ കള്ളി മുണ്ടില്‍ 
കൈ തുടച്ചോടുന്ന കുഞ്ഞി ക്കാറ്റിനെ
മാവിന്‍ ചില്ലയില്‍ ഊഞ്ഞാലാട്ടി .
അമ്മ ഹജ്ജിനു പോകണമെന്ന് പറഞ്ഞപ്പോഴാണ് 
നിലവിളക്കും മെതിയടിയും 
വീട്ടിനുള്ളില്‍ നിന്നിറങ്ങി പ്പോയത് 
തട്ടമിട്ടു പെരുന്നാള്‍ പ്പിറ പോയപ്പോള്‍ അമ്മ പറഞ്ഞു 
ഇനി എനിക്കൊന്നു കുമ്പസാരിക്കണം 
അങ്ങനെ 
ഒരു മത രഹിത ജീവിതം  പോലെ
ചെത്തിതേക്കാത്ത വീടിനു
ഇപ്പോഴും  ഒരു മുഖമുണ്ട്. 
  

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...