Friday, October 18, 2013

ഹൃദയ രേഖ

നീ വരച്ചു വച്ചതൊക്കെയും
ചോര ത്തുടുപ്പാല്‍
പിന്നെയും തിളങ്ങുന്നു
പാട്ടും കണ്ണീരും പ്രണയവും
എല്ലാം എല്ലാം .
ഇടത്തേ ചുവരില്‍നിന്നു
ഒരു കാവ്യ നദി കടലിലേക്ക്‌
പുറപ്പെടാറുണ്ട് .
ഓരോ തിരയും പ്രാണ-
സന്ധ്യകളെ തിരയും
രാ നിഴലില്‍ മേഘങ്ങളുടെ
ഒരു കൊളുത്തി ക്കേറ്റം
അവ വേഷങ്ങള്‍ അഴിച്ചു വച്ച്
വീണ്ടും മനുഷ്യരാകും
സങ്കടങ്ങളുടെ കറുപ്പായി
പരസ്പരം അലിഞ്ഞു തീരും
മുഖം കുനിച്ചിരിക്കുന്ന
ഒരു നക്ഷത്രത്തെ
സിമന്റ് ബെഞ്ചില്‍ നിന്ന്
കൈ പിടിച്ചുയര്‍ത്തും
അവളിലും ചുവന്നെരിയുന്ന
ഹൃദയ രേഖകളെ
പ്രണയ പഥം എന്ന്
ആരോ  പാടുന്നു .

Friday, October 11, 2013

തെരുവില്‍ ഒരു പൂമരം
കൊഴിഞ്ഞ പൂക്കളെ
ഓമനിക്കുന്നു
അവയുടെ നെറുകയിലെ
കുരിശു പൊള്ളിച്ച പാടുകളെ
ചുണ്ടുകളാല്‍ തൂത്തെടുക്കുന്നു
കല്ലറകളിലേക്ക് പറന്നു പോകുന്നവയെ
കണ്ണുകളില്‍ ഉമ്മ വയ്ക്കുന്നു
പ്രണയികളുടെ ഹൃദയത്താല്‍
വിശുദ്ധ മാകുന്നവയെ
സുഗന്ധ ക്കുപ്പികളിലേക്ക് പകരുന്നു
ഓരോ പൂവും
അതിന്‍റെ നാളെയാല്‍
പൂമരത്തിലേക്ക്
ഒരിടിമിന്നല്‍ പായിക്കുന്നു . [നേര് ]

Tuesday, October 8, 2013

ഇരുണ്ടു തുടങ്ങുമ്പോള്‍
കാട്
കടല്പോലെയാകും.
തിരയുടെ മുഴക്കങ്ങള്‍
ഒറ്റയ്ക്കു ചുറ്റുന്ന  കാറ്റ്
ഓര്‍മ്മകളുടെ  കടല മണികള്‍
കൊറിച്ചു മടങ്ങുന്ന വെളിച്ചം
കുട്ടികളെപ്പോലെ കിളികള്‍
ഒരു ഈറച്ചുണ്ടില്‍ നിന്ന്
പ്രണയത്തിലേക്ക് പാറുന്ന
മുളം പാട്ടുകള്‍
എത്ര  പെട്ടെന്നാണ്
കണ്ണുകളിലേക്കു  കടല്‍
അതിന്‍റെ  സ്വപ്നങ്ങളെ ചേര്‍ത്തു വയ്ക്കുക
കാടും അതിന്‍റെ വിരല്‍ വള്ളികളാല്‍
സന്ധ്യയുടെ മുടിയിഴകളില്‍
പ്രണയ കാവ്യം എഴുതി വയ്ക്കുന്നു
കടലെടുക്കാതിരിക്കാന്‍ .[രാത്രി ]

Monday, October 7, 2013

ഓരോ മുറിവും ഒരു  ചിത്രമാണ്
ചോരയാല്‍ അതിരിട്ടത്
ഞരമ്പുകളുടെ കീ റലുകളില്‍
മരുന്ന് മഞ്ഞകള്‍ പ്രണയം  കത്തിക്കുന്നത്
തെറ്റിപ്പോയ വരകള്‍ മായ്ച്ചു മായ്ച്ചു
തൊലിയുടെ ഭൂപടം ചുളുങ്ങുന്നത്
മാംസ ത്തിന്‍റെ ഇതളുകളില്‍
കത്രികയുടെ വെള്ളിപ്പിടികള്‍
ഇല  വരച്ചു വയ്ക്കുന്നത് .
തട്ടി മറിഞ്ഞ ചായംപോലെ
ചിലപ്പോള്‍
മുറിവിലെ നീണ്ട നനവ്‌
പഞ്ഞി ത്തുണ്ടുകളില്‍ വട്ടം  നിറയ്ക്കുന്നു
വൈകിയും തീരാത്ത  വരപ്പിനായി
ചില മുറിവുകള്‍ കാത്തു കിടക്കും
മഴ യുടെ നടത്ത ങ്ങളില്‍ ഒരാള്‍
അവയെ ഹൃദയ രക്തം കൊണ്ട്
ജ്ഞാന സ്നാനം ചെയ്യിക്കും വരെ .
അപ്പോള്‍ മുറിവിലെ വസന്തങ്ങള്‍
പൂക്കളിലേക്ക്‌ നൃത്തം ചെയ്യും
ആ പ്രേമം അനശ്വര മെന്ന്
ലിപികളില്‍ കൊത്തി വയ്ക്കപ്പെടുന്നത്
എത്ര  മനോഹരമാണ് !
[കാവ്യം]

Sunday, October 6, 2013

മഞ്ഞു പകര്‍ന്നു പകര്‍ന്ന
ഒരു പുലരിയില്‍
സ്നേഹത്തിന്‍റെ യാത്രാമുഖമായി
നീ വന്നുനിന്നപ്പോള്‍

ഒരു തളിരിലയുടെ തുഞ്ചത്ത്
എന്നെ കോര്‍ത്തു തന്നു ഞാന്‍
ഇപ്പോള്‍
മുനകളില്‍
കടല്‍ ക്കിലുക്കങ്ങള്‍
കാട്ടി റമ്പുകള്‍
ചോര മുറിഞ്ഞ
മഴപ്പീലികള്‍
ഇമയനക്കങ്ങളിലെ
കഥ യെഴുത്തുകള്‍
ഞാന്‍ നിന്നിലേക്ക്‌ ഇങ്ങനെ  പടരുന്നത്‌ കൊണ്ടാകാം
പുഴകള്‍ക്ക്  മരണ ഭയമില്ലാത്തത് .
ഓരോ ഒഴുക്കിലും അതിലെ
ഇലകളായി നാം
ചേരുന്നുവല്ലോ .[ഓര്‍മ്മ ക്കാട്]

Wednesday, September 18, 2013

  1. മുസഫര്‍ നഗറില്‍ നിന്നും കേരള മേല്‍വിലാസത്തില്‍ ഒരു കത്ത്

    അറ്റു തൂങ്ങുന്ന വിരലുകളാല്‍ ഇതെഴുതി ഒപ്പിക്കുന്നത്
    കത്തി ക്കരിഞ്ഞും വെട്ടി നുറുക്കിയും കൊല്ലപ്പെട്ട
    രണ്ടു ഹിന്ദു യുവാക്കളുടെ അമ്മമാരും മൂന്നു മുസ്ലിം യുവാക്കളുടെ അമ്മമാരും .
    [ചത്തവരുടെ
    അനുപാതത്തില്‍ മാറ്റം വേണമെങ്കില്‍ ആകാം ]

    ഈ കത്തിന് സാക്ഷിയായി" അംബേദ്‌ക്കരെ" തന്നെ വിളിക്കുന്നുണ്ട് .
    നിങ്ങള്‍ കേരളീയരും" ചവിട്ടി താഴ്ത്തപ്പെട്ടവന്റെ "
    വരവാണല്ലോ ഓണം കൊള്ളുന്നത്‌ !

    മക്കള്‍ വീടുകളില്‍ നിന്ന് ഇറങ്ങി പ്പോകുംപോള്‍
    തൊഴില്‍ ശാലകളിലെ കാര്‍ഡുകള്‍
    അരി വാങ്ങാനുള്ള തുണി സഞ്ചി
    പഴകിയ ഉടുപ്പിലെ" കീ റ" തുന്നാനുള്ള അടയാളം
    മാറ്റി വാങ്ങാനുള്ള "രാമായണം "
    കണ്ണടയുടെ ചില്ല് ഉടഞ്ഞു പോയത്
    ഇറച്ചി ക്കടയിലെ പഴയ കണക്കു ബുക്ക്
    അങ്ങനെയെന്തെക്കെയോ ...
    എപ്പോള്‍ വരുംഎന്ന ചോദ്യത്തിനു
    എല്ലാ കുഞ്ഞുങ്ങലെയുംപോലെ
    ഉത്തരം പുഞ്ചിരിയില്‍ കൊളുത്തി
    പുറത്തേക്ക് പോയവര്‍ ....
    വഴിയിലെവിടെയോ
    അവര്‍ ചോര പ്പൂക്കളങ്ങളായി .
    വട്ടമൊപ്പിച്ചു
    പല നിറമായി ചിതറി.
    അവര്‍ക്ക് ചുറ്റും കൈകൊട്ടിക്കളി നടക്കുന്നു
    വറുത്തുപ്പേരി കരിഞ്ഞു മണത്ത പോലെ
    ചിലര്‍ മൂക്ക് പൊത്തി
    എല്ലാ ചാനലുകളിലും "ലഹള "ക്കാരുടെ മുഖം
    ഏറ്റവും നല്ല കുമ്മാട്ടിയായി കാണിച്ചു
    ഞങ്ങള്‍ക്ക്" ഓണം" എന്തെന്ന് അറിയില്ല .
    എങ്കിലും അത് മക്കളെ ഊട്ടാനും കാണാനും
    ഉമ്മ കൊടുക്കുവാനും
    കൂടിയുള്ള താണെന്ന് മനസ്സിലായി

    ഞങ്ങള്‍
    മുസാഫരിലെ അമ്മമാര്‍
    ശവക്കളങ്ങള്‍ക്ക് നടുവില്‍
    തുമ്പി തുള്ളാനിരിക്കുകയാണ് .
    നഗരിയില്‍ ശേഷിച്ച യുവാക്കള്‍
    പുലി മടകളിലേക്കു പോകാനൊരുങ്ങുന്നു
    പുറത്ത് ചായം തേച്ചു മടുപ്പിക്കാനില്ല അവര്‍ !

    ഇവിടെക്കെഴുതുന്ന കത്തില്‍
    മേല്‍വിലാസങ്ങള്‍ തെറ്റരുത് ..
    മരണ വിലാസങ്ങള്‍ക്ക്
    തപാല്‍ കിഴിവുണ്ട് !

    എന്ന്

    വെറുതെ കൊല്ലപ്പെടാനുള്ള
    ആശയിലും
    കേരലീയര്‍ക്കു
    "ഓണം" നേരുന്ന
    മുസാ ഫറിലെ അമ്മമാര്‍.

Sunday, August 25, 2013

അലമാര

അലമാര ഒരു ഒളിയിടമാണ് ,
തന്നെക്കാള്‍ വലിയ ഉള്‍ക്കനങ്ങള്‍ വഹിച്ച്
നിശബ്ദമായി പ്പോയ ഒരു ശ രീരം .
ആശയും നിരാശയും
അതിന്‍ താക്കോല്‍ കൂട്ടിനുള്ളില്‍
ചത്തിരിപ്പുണ്ട്.
എപ്പോഴും
നിറതോക്കുമായി നടക്കുന്ന ഒരു
വിശ്വാസിയെപ്പോലെ അത്
ഇടയ്ക്കിടെ കാണാതാകലിന്‍
തന്ത്രത്തില്‍
ജീവിതത്തെ പൂട്ടി യിടും
എങ്കിലും വീടുകളുടെ ആത്മാവില്‍ നിന്നും
അലമാരകളെ ആരും വേര്‍ പെടുത്തുന്നില്ല.
ഒളിച്ചു കടക്കുന്നവന്റെ ശ്വാസവേഗം
വിരലില്‍ പതിച്ചു അത് തിരിച്ചു തരുമല്ലോ !

അങങെനെ
സൂക്ഷ്മ സ്വാതന്ത്രം സ്ഥാപിക്കുന്ന
സ്വത്വ വാദിയെപ്പോലെ
ഇരുന്നും നിന്നും ചരിഞ്ഞും
അലമാരകള്‍ വീടുകള്‍ക്കുമേല്‍
ആധിപത്യത്തിന്‍ ഉടലഴകുകള്‍ നിവര്‍ത്തി ക്കാട്ടുന്നു .

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...