Saturday, May 3, 2014

അപ്പോഴും
നക്ഷത്രങ്ങള്‍ വഴികാട്ടികളായിരുന്നു
കടലിന്‍റെ കാടിന്‍റെ കുന്നിന്‍റെ
അടയാളങ്ങളാല്‍
അവ തെളിച്ച രേഖകളിലൂടെ
കൈകള്‍ കോര്‍ത്തു ഞങ്ങള്‍
നടന്നിടത്തെല്ലാം
ഇപ്പോള്‍ വസന്തമെന്ന്
ഒരെഴുത്ത് .
വലുതായി ക്കൊണ്ടിരിക്കുന്ന  വരികളാല്‍
പ്രണയമെഴുതുന്നതെല്ലാം
നിന്നിലും എന്നിലും മാത്രം
നിറയുന്നുവെന്നു
കാലത്തിന്‍റെ
തൂലിക .                   [   കത്ത് ]

Monday, April 14, 2014

ഇപ്പോള്‍ എവിടെയാണോ നീ ...

അവിടെ
വയനാടന്‍ ചുരമിറങ്ങുന്ന
ഒരു മുളം പാട്ടുണ്ട്
പൊതിഞ്ഞു നില്‍ക്കുന്ന മുളം കാടുണ്ട്‌
രക്ത മുദ്രകള്‍ പതിഞ്ഞു വീഴുന്ന
വഴി യോര്‍മ്മ യുണ്ട്
ഉന്മാദങ്ങളുടെ തിര ക്കൂട്ടങ്ങളെ
തല്ലി  ത്തകര്‍ത്ത രാവുകളുണ്ട്.
എന്‍റെ ഭൂമിയുടെ തടവുകാരാ ...

ഇപ്പോള്‍ എന്തു ചെയ്യുകയാവും നീ ..

നിന്റെ മാത്രം സ്വപ്നങ്ങളുടെ
 ഈ തുന്നല്‍ക്കാരിക്കായി
യാത്രയുടെ  പുഴത്തനുപ്പുകള്‍
കരുതി വയ്ക്കുകയല്ലേ ....

വിരഹത്തിന്‍റെ  വര്‍ത്തമാനങ്ങള്‍
മൂന്നാം യാമത്തിലെത്തും മുന്‍പേ
നിന്റെ കൈകളിലേക്ക്
ഉണരുന്നതാണ്
എന്‍റെ എന്നത്തെയും പതിവ് ! [വേഗം ,,,]





Sunday, February 23, 2014

കറുത്ത വളകളോട് എനിക്കുള്ള ഭ്രമമാണ്
രാത്രിയോട്‌നിനക്ക്
ചുവന്ന പൊട്ടിനോടുള്ള എന്‍റെ ഇഷ്ടമാണ്
അസ്തമയത്തോട് നിനക്ക്
പച്ചയില്‍ പൂക്കണമെന്ന എന്‍റെ സ്നേഹമാണ്
പച്ച കുത്തുന്നതിനോട് നിനക്ക്
വെളുത്ത പൂക്കളാണ് എന്‍റെ കരച്ചിലുകള്‍.
നിന്‍റെ ചിരിയില്‍ മാത്രം  വിടരുന്നവ [ചിലപ്പോള്‍ ]


വേശ്യ ദൈവത്തെ  വിളിക്കുമ്പോള്‍
അയാള്‍ പുഴയോരത്ത് മലര്‍ന്നു കിടക്കുന്നു
പൂക്കളിലെന്നപോലെ  പുഴുക്കള്‍
അയാളെ കെട്ടിപ്പിടിക്കുന്നു .
അന്ധന്‍ ദൈവത്തെ കടയുമ്പോള്‍
കൈകാലിട്ടടിച്ചു അയാള്‍
നിലവിളിക്കുന്നു
കരച്ചിലിന്‍റെ ചീളുകളിലാണ്
ദൈവമെന്നു
അന്ധന്‍റെ നിര്‍വചനം .
മതം ദൈവത്തെ കാട്ടി ത്തരുമ്പോള്‍
അയാള്‍
കുഞ്ഞുങ്ങളെ തിരഞ്ഞു കൊല്ലുന്ന
തിരക്കിലുഴലുന്നു
മരിച്ച പുഞ്ചിരികളാണ്
ദൈവമെന്ന്
ഭേദമില്ലാതെ
വെളിച്ചപ്പെടുന്നു . 
അതാവും
പ്രാര്‍ഥനയുടെ  ഒരു കൈയ്യിലും 
ഇപ്പോള്‍
വിരലുകള്‍ ഇല്ലാത്തത് .[മരിച്ച ദൈവം ]




Wednesday, December 25, 2013

  ചിറകുകളുള്ള പരവതാനിയാണ്
 ഞങ്ങളെ വഹിക്കുന്നതെന്നതിനാല്‍
കാറ്റിന്‍റെ കലഹങ്ങളെപേടിക്കണം .
ചിത്ര ഗോപുരങ്ങളുടെ കിഴുക്കാം തൂക്കില്‍
പ്രണയ സ്മാരകങ്ങളുടെ പടികളുള്ളതിനാല്‍
ആ യാത്ര സാഹസികമായി
ഗോളാന്തര ജീവികളെപ്പോലെ
പ്രണയത്താല്‍ തന്നെ ഞങ്ങള്‍ പരസ്പരം കൊന്നു
 കൈകളിലേക്ക് തല മുറിച്ചു വച്ചും
ചുണ്ടുകളില്‍ ഹൃദയ രക്തം പിഴിഞ്ഞും
പ്രാണന്‍റെ താലം സമ്മാനിക്കുമ്പോള്‍
ഒരാളില്‍ നിന്ന് മറ്റൊരാളെ
വേര്‍പെടുത്തുക ദുഷ്ക്കരമായി
മന്ത്ര വാദിയെപ്പോലെ പിന്നാലെ
ഒരു നുള്ള് ചുവപ്പും കൊണ്ട്
പുലരി  അലറി വരുന്നുണ്ട് .
കാറ്റു പറത്തുന്ന ദിക്കിലേക്ക്
ഭുമിയില്‍ മുളയ്ക്കാന്‍
ഒന്നിച്ചു വീഴുമ്പോഴും
പ്രണയത്താല്‍ മരിച്ചു കിടക്കുകയായിരുന്നു ഞങ്ങള്‍ .
എന്തോ ..
ഓരോ യാത്രയും ഇങ്ങനെയാണ്
 [പേരിടാനാകാത്തത് ]


Tuesday, November 19, 2013

ഇങ്ങനെ
ദാഹിച്ചു മറയുന്ന
 സൂര്യനെ കണ്ടിട്ടേയില്ല ഞാന്‍
ആഴക്കടലിലേക്ക് മുങ്ങുമ്പോഴും
കരയിലേക്ക് നാവു നീട്ടുന്നു .
കുഴപ്പങ്ങളില്‍ ചെന്നു ചാടാതെ
കടല്‍ മറച്ചു പിടിക്കുന്നുണ്ട് എന്നും 
കുടിവെള്ളവുമായി
കിഴക്കോട്ടു  നോക്കി
 കാത്തിരിക്കുകയാണ്
ഭ്രാന്തിപ്പക്ഷി.

[ദാഹം ]

Friday, October 18, 2013

ഹൃദയ രേഖ

നീ വരച്ചു വച്ചതൊക്കെയും
ചോര ത്തുടുപ്പാല്‍
പിന്നെയും തിളങ്ങുന്നു
പാട്ടും കണ്ണീരും പ്രണയവും
എല്ലാം എല്ലാം .
ഇടത്തേ ചുവരില്‍നിന്നു
ഒരു കാവ്യ നദി കടലിലേക്ക്‌
പുറപ്പെടാറുണ്ട് .
ഓരോ തിരയും പ്രാണ-
സന്ധ്യകളെ തിരയും
രാ നിഴലില്‍ മേഘങ്ങളുടെ
ഒരു കൊളുത്തി ക്കേറ്റം
അവ വേഷങ്ങള്‍ അഴിച്ചു വച്ച്
വീണ്ടും മനുഷ്യരാകും
സങ്കടങ്ങളുടെ കറുപ്പായി
പരസ്പരം അലിഞ്ഞു തീരും
മുഖം കുനിച്ചിരിക്കുന്ന
ഒരു നക്ഷത്രത്തെ
സിമന്റ് ബെഞ്ചില്‍ നിന്ന്
കൈ പിടിച്ചുയര്‍ത്തും
അവളിലും ചുവന്നെരിയുന്ന
ഹൃദയ രേഖകളെ
പ്രണയ പഥം എന്ന്
ആരോ  പാടുന്നു .

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...