Friday, March 25, 2011

വിശ്വാസം

പ്രിയനേ.................
കടല്‍ത്തീരത്തെ അനേകം കാലടയാളങ്ങളില്‍ നിന്ന് 
നിന്റേതു മാത്രം ഞാന്‍ കണ്ടെടുക്കുന്നത് 
അവയിലെന്റെ ഹൃദയ രക്തം പുരണ്ടിരിക്കുന്നതിനാലാണ് .
വെളിച്ചത്തിന്‍റെ തുഴകളായിഎന്നെ വലയം ചെയ്യുന്ന 
തിരക്കൂട്ടങ്ങളില്‍ നിന്ന് 
നിന്‍റെ വിരലുകളുടെ പ്രകാ ശത്തെ മാത്രം ഞാന്‍  വീണ്ടെടുക്കുന്നത് 
അവയിലെന്റെ പുലരി ഞരമ്പുകള്‍ മിടിക്കുന്നത്‌ കൊണ്ടാണ്
പ്രിയനേ 
രാത്രിയുടെ ഘടികാര മുഴക്കത്തില്‍ നിന്ന് നിന്‍റെ 
പ്രതീക്ഷയുടെ സ്വരം മാത്രം ഞാന്‍ ഏറ്റുവാങ്ങുന്നത് 
അതിലെന്റെ സ്നേഹം  പ്രപഞ്ചമാകുന്നതിനാലാണ്
എല്ലായ്പ്പോഴും .............
തിരമാലകളിലേക്ക് ഊഞ്ഞാലാടിയ നക്ഷത്രത്തെ 
ആകാശ ത്തിനു മടക്കി നല്‍കിയും 
മേഘങ്ങളുടെ മാറ് തുളച്ചു കടന്നു പോയ 
മിന്നല്‍ പിണരിനോട് കലഹിച്ചും 
ഒരു പായ്‌ വഞ്ചിയില്‍ മഴവില്ലിനൊപ്പം  യാത്ര ചെയ്തും
പ്രണയത്തിന്‍റെ പ്രവാചക രായതിനാലാണ്
നമുക്കും ....................
കടലിനു മീതെ നടക്കാനായത് ..



. .
 



Sunday, March 20, 2011

മഴ

 കിടന്ന കിടപ്പില്‍ നിന്ന് പര്‍വതങ്ങള്‍
മലക്കം മറിയുന്നത് പോലെയായിരുന്നു അത് .
കണ്ണുകളിലെ ആലവട്ടങ്ങള്‍  മയിലുകളായി പറന്നകന്നു .
ചുണ്ടുകളില്‍ പൂമ്പാറ്റകള്‍ രാസരൂപമാര്‍ന്നു .
കപ്പല്‍ ചുഴികളില്‍   വിടര്‍ന്നു വരുന്ന നീര്‍ക്കുമിളകള്‍ തേടി
കടലുകളുടെ നാവു വറ്റി വരണ്ടു
പുത്തന്‍ വെയില്‍ ത്തുളകള്‍
വട്ടം വരച്ചെടുത്ത മേലാടകള്‍
തങ്ങളില്‍ കിതച്ചു മത്സരിച്ചു ..
മുഷിഞ്ഞ വിരലടയാളങ്ങള്‍ വിരിയുടെ ---
വിളര്‍ത്ത നെറുകയില്‍ തെറിച്ചു  നിന്നു
കട്ടില്‍ മരത്തില്‍  നിന്ന്‌ തീ ക്കോടാലികള്‍ പുറത്തേക്ക് നീണ്ടു .
അപ്പോഴേക്കും  ആകാശം ഇടിഞ്ഞു താണിരുന്നു .
അരയാലിലകള്‍ നാണത്തില്‍ കുതിര്‍ന്നു  കഴിഞ്ഞിരുന്നു 
 അതിനു ഒരു മഴയുടെയും പേരിട്ടു വിളിക്കാനാകില്ല ..
ഒന്നിച്ചു നനയാനല്ലാതെ .

Friday, March 11, 2011

നിമിഷം

ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത  ബസ്‌ 
..അന്നും  ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു 
പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.
 

Thursday, March 3, 2011

പാവത്തം

ചെത്തിതേക്കാത്ത  വീട് പോലെ അമ്മ .
ഉള്ളലിവുകാട്ടി വെയിലത്രയും 
മുറ്റത്തു ചിക്കി ഉണക്കി .
കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന
നെന്മണി യെ 
ഇടം കയ്യിലും വലം കയ്യിലും കിടത്തി ഉറക്കി .
 പിഞ്ഞിത്തുടങ്ങിയ കള്ളി മുണ്ടില്‍ 
കൈ തുടച്ചോടുന്ന കുഞ്ഞി ക്കാറ്റിനെ
മാവിന്‍ ചില്ലയില്‍ ഊഞ്ഞാലാട്ടി .
അമ്മ ഹജ്ജിനു പോകണമെന്ന് പറഞ്ഞപ്പോഴാണ് 
നിലവിളക്കും മെതിയടിയും 
വീട്ടിനുള്ളില്‍ നിന്നിറങ്ങി പ്പോയത് 
തട്ടമിട്ടു പെരുന്നാള്‍ പ്പിറ പോയപ്പോള്‍ അമ്മ പറഞ്ഞു 
ഇനി എനിക്കൊന്നു കുമ്പസാരിക്കണം 
അങ്ങനെ 
ഒരു മത രഹിത ജീവിതം  പോലെ
ചെത്തിതേക്കാത്ത വീടിനു
ഇപ്പോഴും  ഒരു മുഖമുണ്ട്. 
  

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...