Saturday, July 21, 2012

നോവുപാട്ട്

സ ത്യേ ..............

കുമിളിയോളം ഒന്ന് വന്നു പൊയ്ക്കോട്ടേ
നിന്നെയും കൊണ്ട് കുന്നിറ ങ്ങട്ടെ
കൂമ്പാ ള കോട്ടി മുഖം മറയ്ക്കട്ടെ
കാളം പോളം വിളിച്ചു നോവടക്കട്ടെ
കണ്ണ് ചൂഴ്ന്ന് കാഴ്ച പോക്കട്ടെ
കാടും പടലും തിന്ന് വേവ് മാറ്റട്ടെ
സത്യേ..........
പതിനാറു  തിണര്‍ത്ത  നിന്നില്‍
ഇരണ്ടു ദിനം മാറാടിയവരെ
   തല നുള്ളി പേ വായ്ക്ക് കൊടുക്കാന്‍
പേച്ചി യില്ല കന്നിയില്ല മാരനില്ല
കല്ലായി കല്ലായി നില്‍പ്പാണ് എല്ലാം
സത്യേ...........

ഒറ്റക്കയ്യലൊരു കൊമ്പനെ 
താഴ്വാരത്തെക്ക് ചുഴറ്റ ട്ടെ 
തോല്‍പ്പറ കൊട്ടി വാറ്റു വിഴുങ്ങുന്നോരോട് 
തോല്‍ ക്കത്തി കൊടുത്ത് അടയാളം പറയട്ടെ 
പൊക്കിള്‍ ച്ചുഴി കീന്തി പ്പോന്തി
കൊടി കെട്ടിയോരുടെ 
കൂടും കുടുക്കേമുടച്ചു കുലമറുക്കട്ടെ

എല്ലാ വെള്ളിക്കും കാട്ടുവഴീല്‍ 
നീ ചെമ്പകമാകുമെന്നു കളവായി പ്പറ യുന്നോരെ 
ഇനി കാണാതാ കുമെന്ന് 
ഞങ്ങക്കൊരു വിശ്വാസം .വിശ്വാസം

ഉടലില്‍ നിന്നും കവിതയെല്ലാം ചോര്‍ന്നപ്പോള്‍
നീ വിളിച്ച ഒടുവിലെ വിളി
മലയും മാനും മുയലും ചേര്‍ത്തുവച്ച വിളി
കേള്‍ക്കെ കേള്‍ക്കെ നെഞ്ച് മുറുകുന്നു
  ഉയിര് രക്ഷപ്പെട്ടോ ടുന്നു
മരി ച്ചതെല്ലാം ഞങ്ങള്‍
സത്യമായി നീ ...
അവരും .

[കുമിളിയില്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട കൊച്ചു സത്യക്ക്‌ ] 

Thursday, July 12, 2012

സഹനം

 എന്നില്‍ എത്ര മുറിവുകള്‍ .....
പൂക്കാലം പോലെ......
ഓരോന്നിലും നിന്‍റെ  ഹൃദയ ദലങ്ങള്‍
അവയുടെ  നിറം പകര്‍ന്നിരിക്കുന്നു ...
മുള്ളുകള്‍ മുത്തു കോര്‍ക്കും പോലെ 
വേദനയുടെ പൂക്കളെ വിടര്‍ത്തുന്നു
സഹനത്തിന്‍  കുരിശടയാളം വച്ചു
നീ യാത്രയാകുമ്പോള്‍ അവയ്ക്ക്
ചിരിക്കാന്‍ കഴിയുന്നത്
നിന്നെ മാത്രം ഓര്‍ത്തിട്ടാണ് ....
പുലരിയില്‍ ഉദിച്ചുയരുന്ന
തുടുത്ത വലിയ മുറിവ് പോലെ  എന്നും  നീ ....
എന്‍റെ  ആകാശത്തെ സ്നേഹമാക്കുന്നു .


Saturday, July 7, 2012

പച്ചകള്‍

 എന്നെ തേടുമ്പോള്‍ നീ  ജൈവ സംസ്കൃതിയെ തൊടുന്നുവെന്ന്..
ഇളകി  മറിയുന്ന കണ്ണുകളും  ഇഴ ചേരുന്ന എന്‍റെ മുടിക്കെട്ടും
നീലമലയുടെ യും നിറ മേഘങ്ങളുടെയും ഒരേ പതിപ്പ് ..

 നിന്‍റെ പരിശ്രമങ്ങള്‍ എഴുതിവച്ച  എന്‍റെശരീരം .
ഉരുകുന്ന വെയിലില്‍  പറന്നു നടക്കുന്ന
  ആസക്തികളുടെ ആലസ്യ  ക്കിതപ്പുകള്‍.

ഇല  കൊഴിഞ്ഞ വള്ളിയും ഇതള്‍ കൊഴിഞ്ഞ പൂവും
 എന്‍റെ  ഋതു ഭേദങ്ങളുടെ കൊള്ളരുതായ്മകള്‍
കാട്ടു മരങ്ങളുടെ നിഴലുകള്‍ വീണ അരുവികള്‍

നീ പകര്‍ന്ന ആശ്ചര്യ ങ്ങളുടെ  ഇന്ദ്ര ജാലം.
പായല്‍പ്പച്ചകളില്‍ മഴയുടെ കൈവിരല്‍
മേഘങ്ങളുടെ ചുംബനം ചേര്‍ത്ത് വരയ്ക്കുമ്പോള്‍
നനഞ്ഞ ചീരപ്പാടമായി ഞാന്‍ ചാഞ്ഞു കിടക്കുന്നു
വെള്ളരി മുളകളില്‍ കാറ്റിന്‍റെ കിള്ളല്‍
ഒരു കീറല്‍ വച്ചു മടങ്ങിയപോലെ
നൊന്തിട്ടും നോവാതെ   എന്‍റെ  വിളവെടുപ്പുകാലം .