Wednesday, December 25, 2013

  ചിറകുകളുള്ള പരവതാനിയാണ്
 ഞങ്ങളെ വഹിക്കുന്നതെന്നതിനാല്‍
കാറ്റിന്‍റെ കലഹങ്ങളെപേടിക്കണം .
ചിത്ര ഗോപുരങ്ങളുടെ കിഴുക്കാം തൂക്കില്‍
പ്രണയ സ്മാരകങ്ങളുടെ പടികളുള്ളതിനാല്‍
ആ യാത്ര സാഹസികമായി
ഗോളാന്തര ജീവികളെപ്പോലെ
പ്രണയത്താല്‍ തന്നെ ഞങ്ങള്‍ പരസ്പരം കൊന്നു
 കൈകളിലേക്ക് തല മുറിച്ചു വച്ചും
ചുണ്ടുകളില്‍ ഹൃദയ രക്തം പിഴിഞ്ഞും
പ്രാണന്‍റെ താലം സമ്മാനിക്കുമ്പോള്‍
ഒരാളില്‍ നിന്ന് മറ്റൊരാളെ
വേര്‍പെടുത്തുക ദുഷ്ക്കരമായി
മന്ത്ര വാദിയെപ്പോലെ പിന്നാലെ
ഒരു നുള്ള് ചുവപ്പും കൊണ്ട്
പുലരി  അലറി വരുന്നുണ്ട് .
കാറ്റു പറത്തുന്ന ദിക്കിലേക്ക്
ഭുമിയില്‍ മുളയ്ക്കാന്‍
ഒന്നിച്ചു വീഴുമ്പോഴും
പ്രണയത്താല്‍ മരിച്ചു കിടക്കുകയായിരുന്നു ഞങ്ങള്‍ .
എന്തോ ..
ഓരോ യാത്രയും ഇങ്ങനെയാണ്
 [പേരിടാനാകാത്തത് ]


Tuesday, November 19, 2013

ഇങ്ങനെ
ദാഹിച്ചു മറയുന്ന
 സൂര്യനെ കണ്ടിട്ടേയില്ല ഞാന്‍
ആഴക്കടലിലേക്ക് മുങ്ങുമ്പോഴും
കരയിലേക്ക് നാവു നീട്ടുന്നു .
കുഴപ്പങ്ങളില്‍ ചെന്നു ചാടാതെ
കടല്‍ മറച്ചു പിടിക്കുന്നുണ്ട് എന്നും 
കുടിവെള്ളവുമായി
കിഴക്കോട്ടു  നോക്കി
 കാത്തിരിക്കുകയാണ്
ഭ്രാന്തിപ്പക്ഷി.

[ദാഹം ]

Friday, October 18, 2013

ഹൃദയ രേഖ

നീ വരച്ചു വച്ചതൊക്കെയും
ചോര ത്തുടുപ്പാല്‍
പിന്നെയും തിളങ്ങുന്നു
പാട്ടും കണ്ണീരും പ്രണയവും
എല്ലാം എല്ലാം .
ഇടത്തേ ചുവരില്‍നിന്നു
ഒരു കാവ്യ നദി കടലിലേക്ക്‌
പുറപ്പെടാറുണ്ട് .
ഓരോ തിരയും പ്രാണ-
സന്ധ്യകളെ തിരയും
രാ നിഴലില്‍ മേഘങ്ങളുടെ
ഒരു കൊളുത്തി ക്കേറ്റം
അവ വേഷങ്ങള്‍ അഴിച്ചു വച്ച്
വീണ്ടും മനുഷ്യരാകും
സങ്കടങ്ങളുടെ കറുപ്പായി
പരസ്പരം അലിഞ്ഞു തീരും
മുഖം കുനിച്ചിരിക്കുന്ന
ഒരു നക്ഷത്രത്തെ
സിമന്റ് ബെഞ്ചില്‍ നിന്ന്
കൈ പിടിച്ചുയര്‍ത്തും
അവളിലും ചുവന്നെരിയുന്ന
ഹൃദയ രേഖകളെ
പ്രണയ പഥം എന്ന്
ആരോ  പാടുന്നു .

Friday, October 11, 2013

തെരുവില്‍ ഒരു പൂമരം
കൊഴിഞ്ഞ പൂക്കളെ
ഓമനിക്കുന്നു
അവയുടെ നെറുകയിലെ
കുരിശു പൊള്ളിച്ച പാടുകളെ
ചുണ്ടുകളാല്‍ തൂത്തെടുക്കുന്നു
കല്ലറകളിലേക്ക് പറന്നു പോകുന്നവയെ
കണ്ണുകളില്‍ ഉമ്മ വയ്ക്കുന്നു
പ്രണയികളുടെ ഹൃദയത്താല്‍
വിശുദ്ധ മാകുന്നവയെ
സുഗന്ധ ക്കുപ്പികളിലേക്ക് പകരുന്നു
ഓരോ പൂവും
അതിന്‍റെ നാളെയാല്‍
പൂമരത്തിലേക്ക്
ഒരിടിമിന്നല്‍ പായിക്കുന്നു . [നേര് ]

Tuesday, October 8, 2013

ഇരുണ്ടു തുടങ്ങുമ്പോള്‍
കാട്
കടല്പോലെയാകും.
തിരയുടെ മുഴക്കങ്ങള്‍
ഒറ്റയ്ക്കു ചുറ്റുന്ന  കാറ്റ്
ഓര്‍മ്മകളുടെ  കടല മണികള്‍
കൊറിച്ചു മടങ്ങുന്ന വെളിച്ചം
കുട്ടികളെപ്പോലെ കിളികള്‍
ഒരു ഈറച്ചുണ്ടില്‍ നിന്ന്
പ്രണയത്തിലേക്ക് പാറുന്ന
മുളം പാട്ടുകള്‍
എത്ര  പെട്ടെന്നാണ്
കണ്ണുകളിലേക്കു  കടല്‍
അതിന്‍റെ  സ്വപ്നങ്ങളെ ചേര്‍ത്തു വയ്ക്കുക
കാടും അതിന്‍റെ വിരല്‍ വള്ളികളാല്‍
സന്ധ്യയുടെ മുടിയിഴകളില്‍
പ്രണയ കാവ്യം എഴുതി വയ്ക്കുന്നു
കടലെടുക്കാതിരിക്കാന്‍ .[രാത്രി ]

Monday, October 7, 2013

ഓരോ മുറിവും ഒരു  ചിത്രമാണ്
ചോരയാല്‍ അതിരിട്ടത്
ഞരമ്പുകളുടെ കീ റലുകളില്‍
മരുന്ന് മഞ്ഞകള്‍ പ്രണയം  കത്തിക്കുന്നത്
തെറ്റിപ്പോയ വരകള്‍ മായ്ച്ചു മായ്ച്ചു
തൊലിയുടെ ഭൂപടം ചുളുങ്ങുന്നത്
മാംസ ത്തിന്‍റെ ഇതളുകളില്‍
കത്രികയുടെ വെള്ളിപ്പിടികള്‍
ഇല  വരച്ചു വയ്ക്കുന്നത് .
തട്ടി മറിഞ്ഞ ചായംപോലെ
ചിലപ്പോള്‍
മുറിവിലെ നീണ്ട നനവ്‌
പഞ്ഞി ത്തുണ്ടുകളില്‍ വട്ടം  നിറയ്ക്കുന്നു
വൈകിയും തീരാത്ത  വരപ്പിനായി
ചില മുറിവുകള്‍ കാത്തു കിടക്കും
മഴ യുടെ നടത്ത ങ്ങളില്‍ ഒരാള്‍
അവയെ ഹൃദയ രക്തം കൊണ്ട്
ജ്ഞാന സ്നാനം ചെയ്യിക്കും വരെ .
അപ്പോള്‍ മുറിവിലെ വസന്തങ്ങള്‍
പൂക്കളിലേക്ക്‌ നൃത്തം ചെയ്യും
ആ പ്രേമം അനശ്വര മെന്ന്
ലിപികളില്‍ കൊത്തി വയ്ക്കപ്പെടുന്നത്
എത്ര  മനോഹരമാണ് !
[കാവ്യം]

Sunday, October 6, 2013

മഞ്ഞു പകര്‍ന്നു പകര്‍ന്ന
ഒരു പുലരിയില്‍
സ്നേഹത്തിന്‍റെ യാത്രാമുഖമായി
നീ വന്നുനിന്നപ്പോള്‍

ഒരു തളിരിലയുടെ തുഞ്ചത്ത്
എന്നെ കോര്‍ത്തു തന്നു ഞാന്‍
ഇപ്പോള്‍
മുനകളില്‍
കടല്‍ ക്കിലുക്കങ്ങള്‍
കാട്ടി റമ്പുകള്‍
ചോര മുറിഞ്ഞ
മഴപ്പീലികള്‍
ഇമയനക്കങ്ങളിലെ
കഥ യെഴുത്തുകള്‍
ഞാന്‍ നിന്നിലേക്ക്‌ ഇങ്ങനെ  പടരുന്നത്‌ കൊണ്ടാകാം
പുഴകള്‍ക്ക്  മരണ ഭയമില്ലാത്തത് .
ഓരോ ഒഴുക്കിലും അതിലെ
ഇലകളായി നാം
ചേരുന്നുവല്ലോ .[ഓര്‍മ്മ ക്കാട്]

Wednesday, September 18, 2013

  1. മുസഫര്‍ നഗറില്‍ നിന്നും കേരള മേല്‍വിലാസത്തില്‍ ഒരു കത്ത്

    അറ്റു തൂങ്ങുന്ന വിരലുകളാല്‍ ഇതെഴുതി ഒപ്പിക്കുന്നത്
    കത്തി ക്കരിഞ്ഞും വെട്ടി നുറുക്കിയും കൊല്ലപ്പെട്ട
    രണ്ടു ഹിന്ദു യുവാക്കളുടെ അമ്മമാരും മൂന്നു മുസ്ലിം യുവാക്കളുടെ അമ്മമാരും .
    [ചത്തവരുടെ
    അനുപാതത്തില്‍ മാറ്റം വേണമെങ്കില്‍ ആകാം ]

    ഈ കത്തിന് സാക്ഷിയായി" അംബേദ്‌ക്കരെ" തന്നെ വിളിക്കുന്നുണ്ട് .
    നിങ്ങള്‍ കേരളീയരും" ചവിട്ടി താഴ്ത്തപ്പെട്ടവന്റെ "
    വരവാണല്ലോ ഓണം കൊള്ളുന്നത്‌ !

    മക്കള്‍ വീടുകളില്‍ നിന്ന് ഇറങ്ങി പ്പോകുംപോള്‍
    തൊഴില്‍ ശാലകളിലെ കാര്‍ഡുകള്‍
    അരി വാങ്ങാനുള്ള തുണി സഞ്ചി
    പഴകിയ ഉടുപ്പിലെ" കീ റ" തുന്നാനുള്ള അടയാളം
    മാറ്റി വാങ്ങാനുള്ള "രാമായണം "
    കണ്ണടയുടെ ചില്ല് ഉടഞ്ഞു പോയത്
    ഇറച്ചി ക്കടയിലെ പഴയ കണക്കു ബുക്ക്
    അങ്ങനെയെന്തെക്കെയോ ...
    എപ്പോള്‍ വരുംഎന്ന ചോദ്യത്തിനു
    എല്ലാ കുഞ്ഞുങ്ങലെയുംപോലെ
    ഉത്തരം പുഞ്ചിരിയില്‍ കൊളുത്തി
    പുറത്തേക്ക് പോയവര്‍ ....
    വഴിയിലെവിടെയോ
    അവര്‍ ചോര പ്പൂക്കളങ്ങളായി .
    വട്ടമൊപ്പിച്ചു
    പല നിറമായി ചിതറി.
    അവര്‍ക്ക് ചുറ്റും കൈകൊട്ടിക്കളി നടക്കുന്നു
    വറുത്തുപ്പേരി കരിഞ്ഞു മണത്ത പോലെ
    ചിലര്‍ മൂക്ക് പൊത്തി
    എല്ലാ ചാനലുകളിലും "ലഹള "ക്കാരുടെ മുഖം
    ഏറ്റവും നല്ല കുമ്മാട്ടിയായി കാണിച്ചു
    ഞങ്ങള്‍ക്ക്" ഓണം" എന്തെന്ന് അറിയില്ല .
    എങ്കിലും അത് മക്കളെ ഊട്ടാനും കാണാനും
    ഉമ്മ കൊടുക്കുവാനും
    കൂടിയുള്ള താണെന്ന് മനസ്സിലായി

    ഞങ്ങള്‍
    മുസാഫരിലെ അമ്മമാര്‍
    ശവക്കളങ്ങള്‍ക്ക് നടുവില്‍
    തുമ്പി തുള്ളാനിരിക്കുകയാണ് .
    നഗരിയില്‍ ശേഷിച്ച യുവാക്കള്‍
    പുലി മടകളിലേക്കു പോകാനൊരുങ്ങുന്നു
    പുറത്ത് ചായം തേച്ചു മടുപ്പിക്കാനില്ല അവര്‍ !

    ഇവിടെക്കെഴുതുന്ന കത്തില്‍
    മേല്‍വിലാസങ്ങള്‍ തെറ്റരുത് ..
    മരണ വിലാസങ്ങള്‍ക്ക്
    തപാല്‍ കിഴിവുണ്ട് !

    എന്ന്

    വെറുതെ കൊല്ലപ്പെടാനുള്ള
    ആശയിലും
    കേരലീയര്‍ക്കു
    "ഓണം" നേരുന്ന
    മുസാ ഫറിലെ അമ്മമാര്‍.

Sunday, August 25, 2013

അലമാര

അലമാര ഒരു ഒളിയിടമാണ് ,
തന്നെക്കാള്‍ വലിയ ഉള്‍ക്കനങ്ങള്‍ വഹിച്ച്
നിശബ്ദമായി പ്പോയ ഒരു ശ രീരം .
ആശയും നിരാശയും
അതിന്‍ താക്കോല്‍ കൂട്ടിനുള്ളില്‍
ചത്തിരിപ്പുണ്ട്.
എപ്പോഴും
നിറതോക്കുമായി നടക്കുന്ന ഒരു
വിശ്വാസിയെപ്പോലെ അത്
ഇടയ്ക്കിടെ കാണാതാകലിന്‍
തന്ത്രത്തില്‍
ജീവിതത്തെ പൂട്ടി യിടും
എങ്കിലും വീടുകളുടെ ആത്മാവില്‍ നിന്നും
അലമാരകളെ ആരും വേര്‍ പെടുത്തുന്നില്ല.
ഒളിച്ചു കടക്കുന്നവന്റെ ശ്വാസവേഗം
വിരലില്‍ പതിച്ചു അത് തിരിച്ചു തരുമല്ലോ !

അങങെനെ
സൂക്ഷ്മ സ്വാതന്ത്രം സ്ഥാപിക്കുന്ന
സ്വത്വ വാദിയെപ്പോലെ
ഇരുന്നും നിന്നും ചരിഞ്ഞും
അലമാരകള്‍ വീടുകള്‍ക്കുമേല്‍
ആധിപത്യത്തിന്‍ ഉടലഴകുകള്‍ നിവര്‍ത്തി ക്കാട്ടുന്നു .
മാതംഗി

ആഗ്രഹങ്ങള്‍ തുളുമ്പി ത്തുളുമ്പി ക്കളയുന്ന
ഒരു തണ്ണീര്‍ക്കുട മായി
കിണറും ചാരിയിരുപ്പാണ്
മാതംഗി .

എല്ലാം ഉള്ളിലൊതുക്കുന്ന വെയില്‍ പോലെ
അവനിപ്പോള്‍ നടന്നെത്തും
കൈക്കുമ്പിള്‍ നീട്ടി " തരിക നീ"യെന്നു
വിരക്ത ന്‍റെ ഭാഷയില്‍ മൊഴിയും
കിണര്‍ ത്തടം തണുപ്പിന്‍റെ തന്ത്രത്താല്‍
അവനെ ഒന്നുകൂടി തളര്‍ത്തും

ദാഹം തീര്‍ത്തു കാട്ടിക്കൊടുക്കാനെന്തെല്ലാം
ദാഹം തീര്‍ത്തു കാട്ടിക്കൊടുക്കാനെന്തെല്ലാം !
കറുത്ത കുട്ടികള്‍
തിമിര്‍ക്കുന്ന വയലുകള്‍
തിളയ്ക്കാത്ത അടുപ്പുകള്‍
മൊട്ടച്ചി ക്കുന്നുകള്‍
മുരളുന്ന കാറ്റുകള്‍
ചെമ്പരത്തിക്കണ്ണുകളുടെ ക്രുദ്ധിച്ച നോട്ടം
വിരഹം കൊണ്ടു വിരിഞ്ഞാടുന്ന
സര്‍പ്പ ക്കാടുകള്‍.

ആഴ ക്കി ണറിന്റെ ആഴമില്ലായ്മയിലേക്ക്
അവള്‍ പുഞ്ചിരിച്ചിറങ്ങി.

ഭിക്ഷു വന്നു
അയാള്‍ക്ക്‌ ദാഹമുണ്ടായിരുന്നില്ല .
ചുണ്ടുകള്‍ക്ക് ക്ഷീണമുണ്ടായിരുന്നില്ല
ജാതിയും മതവും പറഞ്ഞു കൊണ്ട്
അവള്‍ വെള്ളം പകര്‍ന്നപ്പോള്‍
അരുതെന്ന് പറഞ്ഞില്ല .

ഒടുവില്‍
വായില്‍ നിന്ന് ഒരു രത്ന ക്കല്ലെടുത്ത്
അവളുടെ കൈക്കുള്ളില്‍ വച്ച്
അയാള്‍ പൊന്തക്കാടുകളിലേക്ക് ഇഴഞ്ഞു
വെയിലിന്‍റെ ഒരിളം മഞ്ഞ ക്കഷണം
അവളുടെ ശി രസ്സിനെ വലം വച്ചു
അങ്ങനെ അവള്‍ പ്രണയത്തിന്‍റെ ചരിത്രാന്വേഷിയായി .
ചേ കോത്തി

ആകാശ ച്ചോപ്പ ണിഞ്ഞ്
അലയാഴിപ്പട്ടുടുത്ത്
പാതാള പ്പറയെടുത്ത്
വന്നൂ ചേകോത്തി

ചെന്താര പ്പൂവണിഞ്ഞു
ചെഞ്ചോര കണ്ണെ രിച്ചു
ചെമ്മാനപ്പുകിലായി
വന്നൂ ചേകോ ത്തി
.
വട്ടത്തറ ചുറ്റി വലം -
കാലെടുത്തു വച്ച്
തീ നാവില്‍ നാരായം
വച്ചു ചേകോത്തി
.
പച്ചോല കത്തിച്ചു
പന നൊങ്കു തുളച്ച്
പഴുക്കടയ്ക്ക ചീന്തി
നിന്നൂ ചേകോ ത്തി

ചാപിള്ള നീരൊഴിച്ച
ചാക്കാല വഴിക്ക്
മിഴി രണ്ടും നട്ടു വച്ച്
കാത്തൂ ചേ കോ ത്തി

നടക്കല്ലിലടിച്ചി ട്ട
പൂക്കില പ്പെ ണ്ണിനു
കരവാള് കൈമാറി
തൊട്ടൂ ചേ കോ ത്തി

മുല തൊട്ടു കണ്ണില്‍
നീര്‍ നിറച്ചു
കാല്‍ തൊട്ടു മെയ്യില്‍
കളം വരച്ചൂ
മുടി തൊട്ടു നെഞ്ചില്‍
കലി നിറച്ചു
ചോരയില്‍ കുളി
കഴിഞ്ഞവളിറങ്ങി .

മുന്‍പിലൊരു വാഴ
തൈവാഴ
വെട്ടിയരിഞ്ഞി
ട്ടോടി ചേ കോ ത്തി

പിന്നെയൊരു പുഴ
പാലൊഴുക്കി
പുഴ തട്ടി മറിച്ചവള്‍
മുന്നോട്ടോടി

മയിലാടി മഴയാടി
മരമാടി
വഴിയിലെ പൂക്കള്‍
മുഴുവനാടി

നിക്കാതെ നിക്കാതെ
കാളം വിളിച്ചാ
മാറ്റാനെ തേടിയോടി
ചേ കോ ത്തി പെണ്ണ് .

ഒന്നാം തലയറുത്തു
രണ്ടാം തലയറുത്തു
മുപ്പത്തി മുക്കോടി
തലയറുത്തു
മിഴി മൂന്നും പൊട്ടി
തീ വളര്‍ന്നു .

"ഈ വക പെണ്ണുങ്ങള്‍
ഭൂമീലുണ്ടോ "
ഇടവം പകപ്പോടെ
വെട്ടി നിന്നു.

കലഹം

നദി സമുദ്രത്തോടു കലഹം പറഞ്ഞു കഴിഞ്ഞു
അവള്‍ മടങ്ങിപ്പോകുകയാണ്‌ .
മീനുകള്‍ കുത്തി മറിഞ്ഞ ഒരുടലും
നരച്ചു പിന്നിയ മുടിനാരുകളും
മിന്നലുകള്‍ കത്തി പായിച്ച ഇട നെഞ്ചും
പരാതികളുടെ കക്കത്തോടുകളും
മുങ്ങി ത്താണ തോണിയില്‍ നിന്ന്
പാഞ്ഞു വന്ന ഒരു നിലവിളിയും
അവള്‍ പൊതിഞ്ഞെടുത്തു .

മത്സ്യ കന്യകളുടെ ജയിലറ കളില്‍
സ്വാതന്ത്ര്യം നീന്തി മരിക്കുന്നതും
ചുരം കയറാനാഗ്രഹിച്ച തിരകളെ
പട്ടിണിയ്ക്കിട്ടു കൊല്ലുന്നതും
വല്ലപ്പോഴുമെത്തുന്ന മനുഷ്യ ജഡങ്ങളെ
വൈടൂര്യങ്ങളാക്കി മാറ്റുന്നതും
സുനാമികള്‍ അടുക്കി വയ്ക്കുന്നതും
കണ്ടു കണ്ടാണ്‌ അവള്‍ക്ക് മടുപ്പുണ്ടായത് .

നദി അതാ പുറപ്പെട്ടു പോകുന്നു .

സമുദ്രം പക്ഷികളെ പറത്തുന്നു.
പറന്നു വരുന്ന നദികളെ വല വീശുന്നു .
അങ്ങനെ

നിന്നെ വിശ്വസിച്ചു വിശ്വസിച്ചാണ്
പുഴ ഇല്ലാതായത് .
പനിക്കുംപോഴൊക്കെ
മാറും മാറും എന്നു പറഞ്ഞ്
തുളസിയെ പറ്റിച്ചപോലെ .
ചെമ്പരത്തിയുടെ വിളര്‍ത്ത ചോര
കുടിച്ചു ദാഹം തീര്‍ത്ത പോലെ .
ഓരോ കള്ളത്തിനിടയിലും
നീ മുളപ്പിചെടുത്ത മുറിവുകള്‍ !
എല്ലാ മാവിലയിലും
നിന്‍റെ ദന്തക്ഷതങ്ങള്‍
ഒടുവില്‍ മോഡലാകാന്‍ ക്ഷണിച്ചപ്പോള്‍
മാവ്
വെട്ടുകാരന് തല നീട്ടി ക്കൊടുത്തു .
ഇറക്കം കുറഞ്ഞ ഉടുപ്പിടുവിച്ച്
മഴയെ വേനലിന്‍റെ കാമറയില്‍
തല കീഴായി നിര്‍ത്തി രസിച്ചു .
പറയൂ ...
പച്ചിലകളില്‍ കത്രിക പായിക്കുന്ന
അതേ കൈവേഗത്തോടെ
നിനക്ക്
നീയെങ്ങനെയാണ്

ലോകത്തിന്‍റെ
വേരുകളെ വളര്‍ത്താനായി മുറിച്ചു കളഞ്ഞത്

എന്‍റെ മുറ്റത്തെ പന്തലില്‍ നിന്നും
മുന്തിരി വള്ളിയുടെ നിഴലുകള്‍
അവളെത്തേടി പുറപ്പെട്ടത്‌
ഇതുപോലെ ഒരു തലേന്നായിരുന്നു .
കാറ്റും വെളിച്ചവും മടിച്ചു ചെല്ലുന്ന
അവളുടെ കുടുസ്സു മുറിയിലേക്ക്
പറന്നു പോകുമ്പോള്‍
അവ യാത്ര പറയാന്‍ പോലും മറന്നു
എന്നെ ഒളിച്ചു അവള്‍ക്കു കൈ മാറാന്‍ ,,,
"ഇപ്പോള്‍ വീഴും ഇപ്പോള്‍ വീഴും "
എന്ന് തേങ്ങിയ മുറിഞ്ഞ തുമ്പി ച്ചിറകും
കായലോളങ്ങളുടെ പാട്ടും
വയലറ്റ് നിറത്തിനടിയില്‍ സൂക്ഷിച്ചു
കാണാന്‍ പോകുന്നവള്‍ക്ക് മഗ്ദലന എന്നും
മറിയം എന്നും പേരുണ്ട് പോലും
അവളുടെ വരണ്ട കണ്ണുകളില്‍ നിന്നും
പച്ചമരുന്നുകള്‍ കിളിര്‍ക്കാറുണ്ട ത്രേ
അവളുടെ നിലവിളിയില്‍ നിന്നും
പുറത്ത് വരുന്ന പേടി ക്കുഞ്ഞുങ്ങള്‍
എന്‍റെ ദൈവമേ ,എന്‍റെ ദൈവമേ എന്ന്
പഴി പറഞ്ഞിരിക്കും പോലും
എന്തതിശയമേ എന്നുമുഴങ്ങുന്നവയോട്
മിണ്ടാതിരി ,മിണ്ടാതിരി എന്നുമുരളാന്‍
അംശവടിയുള്ള ഒരു താഴ്വര ക്കാറ്റ്
കാവലാണത്രേ എന്നും
മാലാഖമാര്‍ ഉടുപ്പൂരി മണക്കുംപോള്‍
തൊലിയുരിയുന്ന വേദനയില്‍
അവളില്‍ നിന്നൊരു തകര്‍പ്പന്‍ അലര്‍ച്ച യുണ്ട് .
ഇന്ന് രാവിലെ
കല്ലറയില്‍ നിന്ന് പിണങ്ങി വന്ന പോലെ
മുറ്റത്തെ മുന്തിരി വള്ളികള്‍ !
എന്‍റെ ചുണ്ടുകള്‍ക്കിടയില്‍
അവളുടെ തുടുത്ത സ്നേഹം തിരുകി
അവ വളഞ്ഞു പുളഞ്ഞു .
"അവളെ കണ്ടില്ല
എങ്കിലും
ചെല്ലുന്നവര്‍ക്കെല്ലാം
അവള്‍ കൊടുത്തയയ്ക്കാരുണ്ട്
ഒരു തുണ്ട് ഹൃദയം
പീഡകളുടെ ഒരായുസ്സ്"

മൂത്തു മുഴുത്തു കുലയ്കാന്‍
മുന്തിരി വള്ളികള്‍
പുര മുറ്റത്ത്
പേരറിയാത്ത ഒരു.
കാറ്റ് വിതച്ചിരിക്കുന്നു

[എന്‍റെ സൂര്യനെല്ലി പെണ്‍ കുട്ടിക്ക് ]
ഡി .എന്‍.എ

രക്തം രക്തത്തോട് ചെയ്യുന്നതാണുപോലും അത് .
കണ്ണീരും ഓര്‍മ്മയും വേര്‍ തിരിച്ച്
കള്ളവും ചതിയും മാറ്റി വച്ച്
അതിനൊരു പരിശോധന .
കുഴിച്ചു മൂടപ്പെട്ട ഒരു നദിയും
തകര്‍ന്ന കുളിപ്പുരയും
ദാരിദ്ര്യ ത്തിന്‍റെ ഒരു കട്ടിലും
തെളിഞ്ഞു വരും
കണ്ണു മൂടപ്പെട്ട നിലവിളിയുടെ
ഒന്നോ രണ്ടോ അധ്യായങ്ങളും
കൂട്ട് നിന്ന രാത്രിയുടെ
മൂങ്ങ ക്കര ച്ചിലും
നോക്കിക്കോ നോക്കിക്കോ എന്ന
ടൈം പീസിന്റെ ഒച്ചയും
ഡി എന്‍ എ
അതിന്റെ ചോരയില്‍
കടത്തി വച്ചിരിക്കുന്നു .
ഇരു സൂചികളുടെ തുമ്പുകള്‍
കുത്തി യൊഴുക്കി കടഞ്ഞെടുക്കുമ്പോള്‍
സത്യമെഴുതാന്‍ വെമ്പല്‍ കൊണ്ട പേന മഷി
പകച്ചു പോകുന്നു
ഒരേ പോലെ മൂന്നു നിറങ്ങള്‍ !
രക്ത ചുവപ്പില്‍
മുങ്ങിത്താഴുന്നു
മുഴുമിപ്പിക്കാത്ത ചില ഡി എന്‍ എ കള്‍ !
പൂതനേ

നീ ഉണ്ടായിരുന്നെങ്കിലെന്ന്
ആശിക്കുന്നു

മരങ്ങള്‍ നിന്‍റെ രക്തം കുടിച്ചു
വളരുമായിരുന്നു

വേഷം മാറിയാലും
ധര്‍മ്മ ത്തിലേക്ക്
നിന്‍റെ കാലോ കയ്യോ
നീളുമായിരുന്നു .

മൃഗ വാസനകളുടെ
മുറിവിലും
മഴയെ വിളിച്ചു വരുത്തുമായിരുന്നു

ആണവ നോവുകള്‍ക്കിടയില്‍
അലങ്കാര ച്ചെടികള്‍
പറ്റി വിളിച്ചു കരയുമ്പോള്‍
മോക്ഷമായി എത്തുമായിരുന്നു .

എങ്കിലും
നീ
ലളിതയാകേണ്ട

പലതായി മുറിഞ്ഞു പോയോള്‍ക്ക്
പൂതനാ വേഷമാണ്
എല്ലാ അരങ്ങിലും .

.
കൈതേരി മഴയെ...കൈതേരി മഴയേ..
കൈ വീശി എങ്ങോട്ടു പോകുന്നു ?
കാവും കുളവും കത്തി ക്കരിഞ്ഞിങ്ങു
ചാക്കാല യാടുന്ന കണ്ടല്ലോ
കൈതേരി മഴയേ .....കൈതേരി മഴയേ
തേങ്ങി ക്കരഞ്ഞെങ്ങു പോകുന്നു ?
അമ്മ മടീന്നാ പട്ടിണി ക്കുഞ്ഞിനെ
മരണം കെട്ടി മുറുക്കുന്നു
..കൈതേരി മഴയെ...കൈതേരി മഴയേ..
കൈ കുടഞ്ഞെങ്ങോട്ടു പോകുന്നു ?..
കൂന്താലി മുന കൊണ്ടു കാലറ്റു പോയൊരു
കുഞ്ഞി ത്തലപ്പിനെ കാണണ്ടേ
മഴ വറ്റി ക്കേഴുന്ന മേഘ ത്തടങ്ങളില്‍
കുടി നീരിന്‍ കവിത കുറിക്കണ്ടേ
കൈതേരി മഴയേ ...കൈതേരി മഴയേ...
കാലും തുടച്ചെങ്ങു കേറുന്നു ?
കടലു കെറുവിച്ചു വക്കാണം കൂട്ടുന്ന
വരുതിക്കരകളില്‍ പോകുന്നു
കരളു നനഞ്ഞു കുതിര്‍ന്നു നില്‍ക്കും
കുടിലൊന്നു കാണുവാന്‍ പോകുന്നു
സ്വപ്നം പനിച്ചു തിളച്ചു തൂവും
പെണ്ണിനെ കാണാന്‍ പോകുന്നു
കൈതേരി മഴയേ ...കൈതേരി മഴയെ...
കൈതേരി ക്കൈതകള്‍ പൂക്കുന്നുണ്ടോ ?
ഒറ്റ മഴയ്ക്കിടി മിന്നലായി
കൈതക്കുടം പൊട്ടി ച്ചോടുമ്പോഴാ
നീല ജലം തൊട്ടു നാവില്‍ വച്ചു
പിന്നെയീ നാവോന്നും മിണ്ടീട്ടില്ല
പിന്നെയീ കണ്ണൊന്നും കണ്ടിട്ടില്ല
ഇഴകാലില്‍ പിണയുന്ന കുഞ്ഞി ക്കിളിയായി
ഇറവെള്ളം താണ്ടുന്നതരുമ ക്കന്നി ..
കൈത മണക്കേണ്ട കസവ് ഞോറിയണ്ട
കള്ള മഴ ക്കൂമ്പു തൊട്ടിടെണ്ട
കൈതേരി മഴയെന്നു വിളിക്കേണ്ട .
ഉല്‍സാഹ മഴയെന്നു വിളിക്കേണ്ട
നൊന്തു നടന്നു നനഞ്ഞിടുമ്പോള്‍
കൈതേരി മഴയ്ക്കുള്ളം വെന്തിടുന്നു .
ചിറ വെള്ളമായങ്ങു മാറുന്നു .
കറുപ്പും വെളുപ്പും

എട്ടും പൊട്ടും തിരിയാത്ത
എട്ടാം ക്ലാസ് ആയിരുന്നു അത് .
"ഞറുങ്ങനെ പിറുങ്ങനെ" ബോര്‍ഡില്‍
ഞാന്ന അക്ഷരങ്ങള്‍
വരേണ്യതയുടെ കാതില്‍മാത്രം കേറിക്കൂടി
അവര്‍ തല്ലു കൊള്ളാതെ തല്ലു കൊള്ളികളായി
കറുപ്പും വെളുപ്പും
വേര്‍ തിരിഞ്ഞിരുന്ന മലയാളം ക്ലാസില്‍
"അന്യ ജീവനുതകാ"ന്‍ ആരുമില്ലായിരുന്നു .
കറുത്തത് കാരയ്ക്ക തിന്നും കല്ലെറിഞ്ഞും
ഉച്ചനേരം കീഴടക്കി
വെളുത്തത് "ഭാരതമെന്ന പേരില്‍"
ജ്വലിച്ചു ജ്വലിച്ചു താല പ്പൊലിയായി
പള്ളി ക്കൂട പ്പെരുമ പത്രത്തിലെത്തിച്ചു.
മഴ പെയ്തപ്പോള്‍ വെളുപ്പ്‌" ഹായ് ഹായ്" എന്നും
കറുപ്പ് "അയ്യോ അയ്യോ" എന്നും ഒച്ചയിട്ടു .
ഒലിച്ചു പോകുന്ന കുടിലില്‍ മറിഞ്ഞു വീണു
മണ്ണു മൂടിയ മണ്ണെണ്ണ വിളക്കായിരുന്നു കറുപ്പ് .
മഴ കറുപ്പിനെ കൂടുതല്‍ സ്നേഹിച്ചു .
ആദ്യ "രതി നിര്‍വേദം "റിലീസായ വാര്‍ത്ത
കറുപ്പാണ്ക്ലാസിന്റെ ഉള്ളംകൈ തുറന്ന്
ആരും കാണാതെചുരുട്ടി വച്ച് തന്നത്.
വിശപ്പിനെ വിശ്വാസം കൊണ്ട് തോല്‍പ്പിച്ച
നട്ടുച്ചയിലെ സര്‍പ്പക്കാവില്‍ രതിമരണം
പറഞ്ഞ് ഒലിക്കുന്ന ആണ്‍ കൂട്ടങ്ങള്‍
കറുപ്പിന്റെ " സില്‍മാപ്പെര"യില്‍ ചെറ്റ പൊക്കി കളായി .
എല്ലാ പരീക്ഷണങ്ങളിലും കറുപ്പ് തേഞ്ഞു തീര്‍ന്നു .
വെളുപ്പ്‌ വെളുത്ത മുണ്ടുടുത്ത്
വെളിച്ച ത്തിലേക്കും
കറുപ്പ് കറുത്ത കൈ പിടിച്ച്
കറുപ്പിലേക്കും നടന്നു പോയി .
ഇപ്പോഴുംനടന്നു കൊണ്ടിരിക്കുന്നുഅത്
മുതുകത്തായി ഒരു കൂനുണ്ട് ,
വെളുപ്പിന്റെ ഉദ്ധാരണ പ്രക്രിയയിലെ
പുതിയ പരീക്ഷണ മായതിനാല്‍
ആ കൂനാണ് ഇപ്പോഴും കറുപ്പിന്‍റെ തണല്‍. .
വിശ ക്കുന്ന മരപ്പാവകള്‍

രക്തമൊലിക്കുന്നുണ്ടായിരുന്നു
ചീകി മെനയുമ്പോഴും.
അതിനാല്‍ നനഞ്ഞ മേനിയുടെ
ഒളിവുകളെ കാണാനായില്ല

കരുണ ചൊല്ലി ഉറങ്ങിപ്പോയ
ജ്ഞാന വൃദ്ധന്റെ പടുതി യില്‍
കണ്ണുകള്‍ മുറുകി മരിച്ചി രുന്നു

അതിനാല്‍
നീന്തുന്ന മത്സ്യങ്ങളെയും കണ്ടില്ല

ഉടല്‍ പൊട്ടി പ്പുറപ്പെട്ട
നിലവിളികള്‍ അപ്പോഴും
നിലം പൊത്താത്തതിനാല്‍
ചൂളം കുത്തി പ്പൊങ്ങുന്ന
രഹസ്യങ്ങളെയും അറിഞ്ഞില്ല

വിശ പ്പിന്റെ വേരുകള്‍
വരിഞ്ഞു മുറുക്കിയ
വീണകളില്‍ നിന്ന്
ഒരേ പാകത്തിലുള്ള
അലര്‍ച്ചകള്‍

അവ ചിട്ടപ്പെടുത്തിയെടുക്കാന്‍
മൊത്തമായും ചില്ലറയായും വില്‍ക്കാന്‍
ഇനി
വേണ്ടത്
അടി വയറിന്‍റെ മിനുസത്തില്‍
ഒരു കവിത എന്ന്
ആരാണ്
പറഞ്ഞു നിര്‍ത്തിയത് ?
ഹേ ശൈലപുത്രീ ...

വേനല്‍ നീറി യ പാതകളില്‍
ദാഹം വിണ്ട വഴി ച്ചൂടില്‍
നിന്നുലയുന്നൂ നീയാ മണ്ണില്‍
വീണു കുരുത്ത മരംപോലെ .

രാത്രിയിലഴലിന്‍ നിഴലില്‍
നിന്‍ മദ സഞ്ചാരം
നോവുകള്‍ ചീറ്റി വിളിക്കും കാടിന്‍
സങ്കട സംവാദം

എവിടെ ഋതുക്കള്‍ പുഴകള്‍ പുഷ്പിത
പൂജാ പുണ്യങ്ങള്‍ ?
എവിടെ മനുഷ്യര്‍? മഹാ മൌനങ്ങള്‍
സ്വപ്നം പൂത്ത വനങ്ങള്‍ ?

ഹൃദയംകൊണ്ടു തെറുത്ത പദങ്ങള്‍
മലമുടിയാടും ചൊല്‍മഴകള്‍
ഒരു തുമ്പി ത്തുഴ പരതി നടക്കും
പുഴയുടെയാഴങ്ങള്‍ ?

നിന്നുടെ മുന്നില്‍ ചിതയാളുന്നു
വനകന്യയ്ക്കുടലു മണക്കുന്നു
ദാഹം വേരുംപടര്ത്തും കണ്ണില്‍
അവളുടെ പച്ചിമ പടരുന്നു

വന്ന വഴിക്കു മടങ്ങുന്നു നിന്‍
കണ്ണില്‍ കലിയുടെ പേക്കാലം.
ഒരു കുഞ്ഞിന്‍റെ ചിണുങ്ങല്‍ കാതില്‍ ,
"കാട ,മ്മേ കണ്ടു വണങ്ങണ്ടേ" ?
കാടിനെ ആദ്യം തൊടുന്നവള്‍

മയിലാഞ്ചി പുരണ്ട കാടില്‍
മരങ്ങളുടെ ഉയിരൊക്കെയും
ഇലകളില്‍ പതിഞ്ഞിരിക്കും
ഇപ്പുറവും അപ്പുറവും നിന്ന്
മഴ ത്തൂമ്പകള്‍ മുടി ചിക്കും
ഓരോ അനക്കവും നിശയുടെ
പ്രണയാഹ്ലാദങ്ങളില്‍പ്പെട്ട്
മലകളിലേക്ക് പകരും
ഉടല് തരിച്ച് തരിശു മണ്ണ്
പുഴയിലേക്ക് ചാഞ്ഞു വീഴും
ഒരു ചെടിയുടെയും പേരറിയാത്തവള്‍
അവയ്ക്ക് സ്വന്തം പേര് നല്‍കും
ദൂരെ നിന്ന് ഒരു മഞ്ഞു മേഘം
ബൈനോക്കുലര്‍ നീട്ടുന്നത്
അവള്‍ കണ്ടില്ലെന്നു നടിക്കും
പുലരിയുടെ വിരല്‍ത്തുമ്പില്‍
കട്ടുറുമ്പിന്റെ നീല
രാത്രിയുടെ ചെരുവുകളില്‍
മദം പൊട്ടുന്ന കരിമ്പു പാടം
ഉരഞ്ഞു തേഞ്ഞ വഴികളെ
കെട്ടിപ്പുണരുന്ന വേരുകള്‍
ഹൃദയത്തിന്‍റെ അനേകം അറകള്‍
സ്നേഹം സ്നേഹം എന്ന് മിടിച്ച്
വെയിലിന്‍റെ വിളര്‍ച്ച മറയ്ക്കുന്നു
കാടിനെ ആദ്യമായി തൊടുന്നവളുടെ കവിത
പുഴയിലെ വെള്ളാരം കല്ലാണ് .
അവളിലേക്ക്‌ ഒരു തുരങ്കമുണ്ടെന്നു
അവര്‍ ഒന്നിച്ചാണ് കണ്ടത് .

ചോരയൊഴുകുന്ന ഓടകള്‍
ചുറ്റിപ്പിണഞ്ഞ റോഡുകള്‍
ജലച്ഛായില്‍ ഒരു അക്വേറിയം
ചുവന്ന വിളക്കുകള്‍ ഇപ്പോഴും കത്തുന്ന തെരുവ്
സുഷിരങ്ങള്‍ വീണ ഇലകള്‍
വേരില്‍ നിന്ന് പറിഞ്ഞു പോന്നിട്ടും
അമ്മേ..അമ്മേ എന്ന് വിളിക്കുന്ന കണ്ണ്
സംഗീതം മരിച്ച ഒരു വീട്
രാത്രിയാത്രയിലെ പെണ്ണിന്‍റെ സ്വപ്‌നങ്ങള്‍ പോലെ
കൈമുദ്രകള്‍ കാട്ടുന്ന നഗരം
നീണ്ട നിലവിളികള്‍ കോര്‍ത്തു കെട്ടിയ
മാലകളുടെ ഊയലാട്ടം
അത്ഭുതങ്ങളുടെ കുന്നിന്‍ ചെരുവുകള്‍
ചുരങ്ങളുടെ കാഴ്ച ക്കറക്കങ്ങള്‍
തുരങ്കം അവളോളം വളര്‍ന്നു നീളുമ്പോള്‍
അവര്‍ ഇരുട്ടുപേക്ഷിച്ചു

ഇപ്പോള്‍ അവളില്‍ ഒരു കട വാവല്‍
തല കീഴായിക്കിടന്ന്
അവരുടെ അടയാളങ്ങള്‍ തിരയുന്നു .

മുറിവുകളുടെ തിരുവായില്‍ നിന്ന്
അതൊക്കെയും ഒളിച്ചു പോയി
തട്ടു കടകള്‍ക്ക് മുന്നില്‍
ഊഴം തിരഞ്ഞിരുപ്പാണ് എന്ന്
ആര്‍ക്കും അറിയാത്ത പോലെ !

[പുലരുമ്പോള്‍ കേട്ടത് ]

Tuesday, August 20, 2013

കാടിനെ ചെവിയോര്‍ത്ത്‌
ഉറക്കം വരാതെ കിടക്കുമ്പോള്‍
അവന്‍റെമനസ്സു തൊട്ടടുത്ത്‌ മിടിച്ചു
ഒന്ന് കൈ നീട്ടിയാല്‍
ഒന്ന് ചുണ്ട് ചേര്‍ത്താല്‍
ഒരു വിരല്‍ തൊട്ടാല്‍
എല്ലാ വസന്തങ്ങളും വിടരുമായിരുന്നു
അല്ലെങ്കില്‍
തിരിഞ്ഞും മറിഞ്ഞും കിടന്ന്
പുഴ അഴകു കാട്ടുമ്പോലെ
അവനെ മാറിലെടുത്തു പറന്നാലോ
ഉടല്‍ ഉടലുമായി ചേര്‍ത്ത് വച്ചു
മഴയുടെ വരവറിയിച്ചാലോ
മുല ത്തടത്തില്‍ കുങ്കുമം പൂശി
മദപ്പാട് കാട്ടിയാലോ
ചോള ക്കുലകള്‍ക്കിടയില്‍ ഒളിച്ച കാറ്റിനോട്
കളി വീടുണ്ടാക്കി ത്തരാന്‍ പറഞ്ഞാലോ
മല മടക്കുകളില്‍ കൊതി വിരലാല്‍  പരതുന്ന
ഒരു മേഘ പുരുഷനെ ക്കാട്ടി
അവനെ  കോപം  കൊള്ളിച്ചാലോ
ഇപ്പോള്‍
സ്വപ്നങ്ങളുടെ അഴകില്‍
അവനുറങ്ങുന്നത് കാണാന്‍
കിന്നരങ്ങളുടെ  കാലം
മലയിറങ്ങി വരുന്നു

Saturday, July 27, 2013

കന്യാവ്


മേഘമരം വീണെന്‍ മുതുകൊടിഞ്ഞേ
മുല്ലപ്പൂ കൊണ്ടെന്‍റെ മുഖം മുറിഞ്ഞേ
തൂവലം കൊണ്ടാരോ തീ പൊതിഞ്ഞേ
കടലു കരിഞ്ഞു പറന്നു പോയേ ..
.
പൂക്കാ മരം വീണു കാറ്റടര്‍ന്നെ
മേക്കാവനം പാടി വട്ടമിട്ടേ
തത്തക്കിളിമൊഴി തപ്പടിച്ചേ
ഇല്ലി വളര്‍ന്നതിലാന ചത്തേ

ഒളിയമ്പിനുന്നം ചേര്‍ക്കാന്‍ ഒളിച്ചിരിക്കും
അറുവാണന്‍മാരുടെ പരദൈവങ്ങള്‍
തീകാഞ്ഞു കൊണ്ടോരോ വര്‍ത്താനം
പാറ്റുന്ന കണ്ടിങ്ങു നേരം വെളുത്തേ

കണ്ണാടി കണ്‍മഷി കരിവളയും
കാണിക്ക വച്ചവര്‍ മാറിനിന്നു
കരിവണ്ടു പോലൊരു ചോദ്യം മുരണ്ടു
"എവിടെടീ പെണ്ണേ പൊട്ടിക്കാളീ
കന്യാവിനടയാളം കാട്ടിത്താടീ "
അത് കേട്ടു പെണ്ണൊന്നു ചുറഞ്ഞിറങ്ങി.

ഒന്നാം പദം കൊണ്ട് മാനമളന്നു
രണ്ടാം പദം കൊണ്ടുപൂമിയളന്നു
കാലു നട്ട മണ്ണിലൊരടയ്ക്കാമരം
ഉള്ളിലെ തീ കൊണ്ടു പഴുത്തുനിന്നു

പെണ്ണു ചിരിച്ചാല്‍ കറുത്ത്‌ പോയി
പെണ്ണു പഠിച്ചാല്‍ പിഴച്ചു പോയി
പെണ്ണു വളര്‍ന്നു പരുവമാകാന്‍
ആരാനും ഊരാനും കാവല്‍നിന്നു

പെണ്ണിന് പന്ത്രണ്ടു തികഞ്ഞിട്ടില്ല
പാവ കളിച്ചു മുഴുത്തിട്ടില്ല
പള്ളി ക്കൂടം കണ്ടു നിറഞ്ഞി ട്ടില്ല
എങ്കിലും പേ റ്റി നു പരുവം തന്നെ !!

കള്ളടിച്ചിട്ടൊരു തെങ്ങുമറിഞ്ഞു വീണേ
കല്ലെറിഞ്ഞി ട്ടൊരു മല ഇടിഞ്ഞു വീണേ
നെല്ലെല്ലാം പതിരായി പറവയായെ
പെണ്ണിനെ പ്പെറ്റോരു പുഴുക്കളായെ!

കന്യാവിനടയാളം കാട്ടി ച്ചൊല്ലി
കരളു ചുവന്നൊരു ചെമ്പരത്തി
തൂവലം കൊണ്ടാരു തീ പൊതിഞ്ഞു !
തീക്കട്ട മേലേതുറുമ്പരിച്ചു !

Saturday, July 13, 2013

കറുപ്പും വെളുപ്പും

എട്ടും പൊട്ടും തിരിയാത്ത
എട്ടാം ക്ലാസ് ആയിരുന്നു അത് .
"ഞറുങ്ങനെ പിറുങ്ങനെ" ബോര്‍ഡില്‍
ഞാന്ന അക്ഷരങ്ങള്‍
വരേണ്യതയുടെ കാതില്‍മാത്രം കേറിക്കൂടി 
അവര്‍ തല്ലു കൊള്ളാതെ തല്ലു കൊള്ളികളായി
കറുപ്പും  വെളുപ്പും
വേര്‍ തിരിഞ്ഞിരുന്ന  മലയാളം ക്ലാസില്‍
"അന്യ ജീവനുതകാ"ന്‍ ആരുമില്ലായിരുന്നു .
കറുത്തത്  കാരയ്ക്ക തിന്നും കല്ലെറിഞ്ഞും
ഉച്ചനേരം കീഴടക്കി
വെളുത്തത് "ഭാരതമെന്ന പേരില്‍"
ജ്വലിച്ചു ജ്വലിച്ചു താല പ്പൊലിയായി
പള്ളി ക്കൂട പ്പെരുമ പത്രത്തിലെത്തിച്ചു.
മഴ പെയ്തപ്പോള്‍ വെളുപ്പ്‌" ഹായ് ഹായ്" എന്നും
കറുപ്പ് "അയ്യോ അയ്യോ" എന്നും ഒച്ചയിട്ടു .
ഒലിച്ചു പോകുന്ന കുടിലില്‍ മറിഞ്ഞു വീണു
മണ്ണു മൂടിയ മണ്ണെണ്ണ വിളക്കായിരുന്നു കറുപ്പ് .
മഴ കറുപ്പിനെ കൂടുതല്‍ സ്നേഹിച്ചു .
 ആദ്യ "രതി നിര്‍വേദം "റിലീസായ വാര്‍ത്ത
കറുപ്പാണ്ക്ലാസിന്റെ ഉള്ളംകൈ തുറന്ന്
ആരും കാണാതെചുരുട്ടി വച്ച് തന്നത്.
വിശപ്പിനെ  വിശ്വാസം കൊണ്ട് തോല്‍പ്പിച്ച
നട്ടുച്ചയിലെ  സര്‍പ്പക്കാവില്‍ രതിമരണം
പറഞ്ഞ്  ഒലിക്കുന്ന ആണ്‍ കൂട്ടങ്ങള്‍
കറുപ്പിന്റെ " സില്‍മാപ്പെര"യില്‍ ചെറ്റ പൊക്കി കളായി .
എല്ലാ പരീക്ഷണങ്ങളിലും കറുപ്പ് തേഞ്ഞു തീര്‍ന്നു .
വെളുപ്പ്‌ വെളുത്ത മുണ്ടുടുത്ത്
വെളിച്ച ത്തിലേക്കും
കറുപ്പ് കറുത്ത കൈ പിടിച്ച്
കറുപ്പിലേക്കും നടന്നു പോയി .
ഇപ്പോഴുംനടന്നു കൊണ്ടിരിക്കുന്നുഅത്
മുതുകത്തായി ഒരു കൂനുണ്ട് ,
വെളുപ്പിന്റെ ഉദ്ധാരണ പ്രക്രിയയിലെ
പുതിയ പരീക്ഷണ മായതിനാല്‍
ആ  കൂനാണ് ഇപ്പോഴും കറുപ്പിന്‍റെ തണല്‍. .














Wednesday, July 10, 2013

പ്രണയവും ഞാനും

പ്രണയവും ഞാനും പത്താംക്ലാസിലേക്ക്ഒന്നിച്ചു  ജയിച്ചപ്പോള്‍
എന്തു കൂട്ടായി രുന്നെന്നോ ഞങ്ങള്‍ തമ്മില്‍ .
മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞ കാലമായിരുന്നു അന്ന്
പുസ്തകം കീറി അമ്പടയാളം ഉണ്ടാക്കി യപ്പോള്‍
പരീക്ഷയുടെ നദി വെള്ളപ്പൊക്കം കാട്ടി പനിപ്പിച്ചു .
ഒരു മൈനയെക്കണ്ടാല്‍ അവനെ കാണില്ലെന്നും
രണ്ടെങ്കില്‍ കാണുക മാത്രമല്ല മിണ്ടുമെന്നും
അവളുടെ ജ്യോതിഷം
.
ഒടുവില്‍ അതൊരു രാജ്യാന്തര പുകിലായപ്പോള്‍
"ഇപ്പോള്‍ വരാ"മെന്നും പറഞ്ഞു  അവള്‍ഒളിച്ചു പോയി

നിറം വാര്‍ന്ന ഒരു നദി നിത്യം നിലവിളിച്ച്
മുന്നിലൂടെ കറങ്ങിയോടുന്നത് കാണാമായിരുന്നു എനിക്ക് .

ഒരുനാള്‍
അവള്‍ വന്നു മുന്‍പില്‍നിന്നു.
കട്ടിക്കണ്ണട യും കൈത്തറി സാരിയും അണിഞ്ഞ്
അവള്‍ ടീച്ചറാകാന്‍ പഠിക്കുക യായിരുന്നു .
പ്രണയത്തിനെന്തൊരു മൂപ്പ് !
ഓരോ കാലടി യും കൊണ്ട് സ്നേഹം അളന്നു
തരിശിടാന്‍ അവള്‍ക്കാകുന്നു
പ്രണയ ത്തിന്‍ ആപ്ത വാക്യങ്ങളെ
എന്‍റെ മനസ്സില്‍ നിന്നു മായ്ച്ചു കളഞ്ഞും

അവള്‍ എന്നെ എന്നില്‍ നിന്നു അഴിച്ചെടുത്തു

ഒരു പോലെ കറങ്ങിയോടുന്ന ചില നദികള്‍ .

ഒരു മഴയില്ലാ ക്കുന്നെ ടുത്ത്
മേഘ ക്കുഞ്ഞുങ്ങളെ എറിഞ്ഞു കൊണ്ട്
അവള്‍ പിന്നെയും  എവിടെയോ ഓടിപ്പോയി .

ഇന്നലെ വൈകി അവളെ എന്‍റെ കിടക്കയ്ക്കരികില്‍
ആരോകൊണ്ട് വന്നിരുത്തുകയായിരുന്നു .
അവള്‍ സമുദ്രംപോലെ ഉലയുകയും
രക്തം പോലെ ചുവക്കുകയും ചെയ്തു
അവള്‍ തീ പോലെ പഴുത്തിരുന്നു
പരവശമായ ഒരു നോട്ടം മാത്രമായി അവള്‍
കിടക്കയിലേക്ക് കുനിഞ്ഞു
എന്‍റെ  ഉള്ളം കയ്യിലെ മഞ്ഞില്‍ നിന്നു
  തണുത്തു  വിരിയുന്ന പൂക്കള്‍...
ഒരു മൈന പ്പാടം ...
ഇപ്പോള്‍
ചിരിച്ചു കൈകോര്‍ത്ത് ഞങ്ങള്‍
പ്രണയത്തിന്‍ പരീക്ഷകളുടെ
ചില  മുറിവുകളിലേക്ക്
വേദനയുടെ ഒരമ്പ് എയ്തു മറഞ്ഞിരിക്കുന്നു .











Tuesday, July 9, 2013

എന്തിനു സ്നേഹിക്കുന്നു,

എന്തിനു സ്നേഹിക്കുന്നു,
സ്വ ച്ഛമോരോ ചിരി
തങ്ങളില്‍ കാണുമ്പോഴേ
പക കറുപ്പിക്കുമെങ്കില്‍

എത്രയും പ്രിയപ്പെട്ട തെ-
ന്നുരയ്ക്കുവാന്‍ , വാക്കിന്‍
കൈകളാല്‍ പരസ്പരം
തൊടുവാനാകില്ലെങ്കില്‍

ഉള്ളിലോര്‍ക്കുന്ന കാലം
ഇന്നതെണ്ണി ക്കൂടെ
ചിരിക്കാനുംകരയാനും
മടിയായ് ക്കഴിഞ്ഞെങ്കില്‍

എന്തിനു സ്നേഹിക്കുന്നു,
മിന്നാനും തുടുക്കാനും
തമ്മിലൊന്നുരസ്സാനും
മറന്നേ കഴിഞ്ഞെങ്കില്‍

ഓര്‍മ്മ തന്‍ നൂലറ്റൊരാ
പട്ടത്തിന്‍ ചിറകിലെ
യാത്രയിപ്പോഴും നമ്മെ
സ്നേഹിച്ചു തളര്‍ത്തുമ്പോള്‍
എന്തൊരാകാശം !കടുംനീലം
നമ്മളീ ക്കുളിര്‍ താപം
കോരി ക്കുടിച്ചേ യിരിക്കുന്നു !.








Monday, June 24, 2013

പൊട്ടി യടര്‍ന്ന കോവില്‍
വെറും മണം വായ്ക്കുന്ന പൂക്കള്‍
ദുഖിച്ചിരിക്കുന്നു ദൈവം .
വൃഥാ തുളുമ്പുന്നു മന്ത്രം .

വിശക്കുന്ന കാറ്റിന്‍ കരച്ചില്‍
കുമിഞ്ഞാളാന്‍ കയര്‍ക്കുന്നിതഗ്നി
മരിച്ച പോല്‍ സന്ധ്യ
തളിര്‍ക്കാത്ത ഭൂമി

മേഘ സത്രങ്ങളില്‍ കുളമ്പൊച്ച.
കിളികളായ് പ്പുഴകള്‍ .
പറ ന്നൊന്നിരിക്കാന്‍
പകലിന്റെ ഉമ്മറം

ഉദാരയാം രാത്രി
ഇരുട്ടിന്‍റെ നൌകയില്‍
വിളക്കെടുത്തെതോ
നദി കടക്കുന്നു .
നദി കടക്കുന്നു .

Sunday, June 9, 2013

വാക്ക്

വാക്കുകള്‍ നക്ഷത്രങ്ങളെന്നു
അവര്‍ പരസ്പരം പറഞ്ഞു
ഹൃദയത്തിന്‍റെ കാവല്‍ക്കാര്‍
കുടമുല്ല പോലെ വെളുത്തും
മഴമേഘംപോലെ നിറഞ്ഞും
ചോലമരങ്ങളായി പടര്‍ന്നും
തീയരികുകളായി വിരിഞ്ഞും
കാറ്റില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍
സന്ധ്യയില്‍
അവ കടല്‍ മുഴുവന്‍ .കോരി യെടുക്കും
പുലരിയില്‍
കൈക്കുടന്നയില്‍ മിഴി കൂമ്പും .
രാവില്‍
പ്രണയ ദീപം പോലെ 
നിദ്രയെഴാതെ കത്തി നില്‍ക്കും
വാക്കിന്‍റെ നന്മയത്രയും
മിഴിയിലേക്ക് നീട്ടി ..
വന പ്പച്ച ...
ഒരു കാട്ടു പൂവ്
കാറ്റിനോട് പറഞ്ഞത്
എന്താവാം എന്നലയുകയാണ്
മഴയുടെ പെണ് കുട്ടി .
വാക്കില്‍ സ്വയം തുന്നി ക്കെട്ടിയ
പെണ് കുട്ടി

Thursday, April 11, 2013

നമ്മള്‍

പ്രിയനേ
കാടിന്‍റെ ഹൃദയത്തിലേക്ക്
നിന്‍റെ കൈകളില്‍ എന്‍റെ സഞ്ചാരം .
 മുളംപാട്ടു മദിക്കുന്ന  വന വഴികളില്‍
നീയും  ഞാനും ഒരേ  സ്വരമായി .
പച്ചകളുടെ  മണത്തില്‍ നീ എന്നെ അറിഞ്ഞു 
അനേകം സുഗന്ധങ്ങളാല്‍ നിറഞ്ഞ തൂവാല പോലെ
നീ
എന്നെ മുഖത്തോട് ചേര്‍ത്തു
ചുണ്ടുകളുടെ തുടിപ്പില്‍  സ്നേഹം തൊട്ട്
അന്തിവാനം പോലെ  ചുവപ്പിച്ചു
കാറ്റ്  എന്‍റെ മുടിയിഴകളെ ശകാരിക്കുമ്പോള്‍
നീ അതിനെ യും  കഠിനമായി ശാസിച്ചു .
അപ്പോഴേക്കും കരിനിറം  പൂണ്ട മേഘങ്ങള്‍
കാറ്റിന്‍റെ കണ്ണു കെട്ടിയിരുന്നു .
ഭൂമിയുടെ  മടിയില്‍ എന്നെ കിടത്തി
ഏതോ  പുരാണം തിരയുകയായിരുന്നു നീ .
 തിരകള്‍ കല മ്പുന്ന  ഒരു സമുദ്രത്തെ
എത്ര  പെട്ടെന്നാണ് നീ  എന്നില്‍ കണ്ടെടുത്തത് .
പ്രിയനേ
നിന്‍റെ   ഉയിര്‍പ്പിലാടി മയില്‍പ്പീലികള്‍ പോലെ
വന വസന്തങ്ങള്‍
അവ  എന്നോട്  പ്രണയം കടം ചോദിച്ചു .
നീ  പകുത്തതെല്ലാം പകര്‍ത്താ നുള്ളതല്ലല്ലോ
എന്ന്   കാട്ടാറിന്‍ കൌതുകം.
അതുകൊണ്ടാവും ഇപ്പോഴും   അവിടെ
പൂത്തു നില്‍ക്കാന്‍ നമുക്കാവുന്നത് .







ചിത്രം

ഒരുല്‍സവത്തിന്‍ നെറുകയിലാണ് അവരുടെ  വീട്
കൊടിയടയാളങ്ങള്‍ മുറിഞ്ഞു പോയ വീട്
കിണര്‍ ത്താഴ്ചകള്‍ അലറുന്നതും
മല മുടികള്‍ ചായുന്നതും
കവിത  കണ്ണ് കെട്ടുന്നതും
കലാപങ്ങളുടെ കരള്‍ പിളരുന്നതും
 കൊത്തിവച്ച വീട് .
ചുവരുകള്‍ സംഗീതമാകുന്നതും
നിലം പതുങ്ങികള്‍ വെള്ളം മോഷ്ടിക്കുന്നതും
നിശബ്ദത  പായ വിരിക്കുന്നതും
നിലാവള്ളികള്‍ ഇഴഞ്ഞു പിരിയുന്നതും
വരകളാക്കിയ വീട് .
അവരുടെ  ഉടലുകളില്‍ നിന്നു
ഉത്സവങ്ങള്‍ കൊടിയഴിക്കുമ്പോള്‍
വീട്
വാഴക്കുരലുകളുടെ വിള്ളലുകളില്‍
ഉറവ തേടി .
ദാഹങ്ങളെ  നനച്ചു .
അങ്ങനെയാണ്
മരണത്തിന്റെ മണിക്കൂറുകളില്‍
അവര്‍ക്ക്
സൂര്യനെ ഇത്രയും അടുത്തു  കാണാന്‍ കഴിഞ്ഞത് .








ഓര്‍മ്മ



അഴിച്ചു വച്ച ഒരു ചിലമ്പ്
ആഗ്രഹങ്ങളുടെ താളം ചവിട്ടുമ്പോള്‍
നദി
വിലക്കുകളുടെ ഒരു തീരം  ഒഴിച്ചിടും.
അപ്പോള്‍ 
കാറ്റ് കോതുന്ന ഒരു  കാഴ്ചയുണ്ട്
പ്രണയം  മുഴുവന്‍ നദിയില്‍
മറിഞ്ഞു  കിടക്കുന്നു.
വിഷാദ ത്തിന്‍ തോണി ക്കാരന്‍
മിന്നല്‍ വിളക്കുകള്‍ അവളിലേക്ക്
തെളിക്കുന്നു
കണ്ണുകളുടെ ആഴങ്ങളില്‍ നിന്നും
അടയാള മല്‍സ്യങ്ങള്‍ നീന്തി വരുന്നു
 നീലനിറത്തില്‍ അവയുടെ
കരച്ചില്‍  പടരുന്നു
കലക്കങ്ങളില്‍ രാത്രി
ഇര മണക്കുന്നു .
തുഴ നീട്ടി ആകാശം  അവളോട്‌
ആശ്വാസം പറയുന്നു
മേല്‍ത്തട്ടില്‍ നിന്നു പറന്നു പറന്നു
വലക്കണ്ണി കള്‍ അവള്‍ക്കുമേല്‍ വിരിച്ച്
ചെറു കിളികള്‍
മഴ മഴ എന്ന് ചിലയ്ക്കുന്നു .
നദി  മാത്രം നൃത്തം വയ്ക്കുന്നു
അവളുടെ കാലില്‍ ചിലമ്പ്
മുറുകിക്കഴിഞ്ഞിരുന്നു.



 




തീവണ്ടി


ഉടല്‍മറിച്ചിലുകളെ തടഞ്ഞും തഴഞ്ഞും
നിലവിളികളെ  ചേര്‍ത്ത മര്‍ത്തിയും
താളമെന്നു ചിലര്‍ .
 അമ്മയോട് കരുണ ചെയ്തും
കുഞ്ഞിനോട്  കടുപ്പിച്ചും
ഇരുവരെയും സ്നേഹിച്ചും
ചിലപ്പോള്‍
ഹൃദയത്തിലേക്ക് വലിച്ചെടുക്കും .
പ്രണയത്തെ ഉലച്ചു ലച്ചു
ഉരുമ്മിയും ഉണര്‍ത്തിയും
ഉറക്കത്തിലേക്ക് നീക്കിയിടും .
ഒരു കല്‍ക്കരി ക്കനം കൊണ്ട്
വെളുത്തു  പോകുന്ന പകലേ
എന്ന് കൂവാന്‍ തുടങ്ങുമ്പോള്‍
ഓര്‍മ്മയിലെത്തും
കോരികയും  കോരുകാരനും .
പച്ചയും ചുവപ്പും നാട്ടിയ
നീട്ടു വഴികളില്‍
തമ്മില്‍ തല്ലാതെ പാളങ്ങള്‍ .
ഉള്ളില്‍ തീ നിറച്ചവരൊക്കെയും
ഇറങ്ങിപ്പോകുന്നു .
 സീറ്റിനടിയി ലെ പൊതിയില്‍ നിന്ന്
തല നീട്ടുന്ന തീത്തിരികള്‍
എവിടെ വച്ചാണ് അവ
പൂമ്പാറ്റ കളാകുന്നത് ?
കരിഞ്ഞ പൂക്കളുടെ തേന്‍ ഉണ്ണുന്നവ .
തിരക്കിലും
ഒരു  തീവണ്ടി  നല്ല
ചരിത്രകാരനാണ്‌ .









Tuesday, February 19, 2013

കൊണവതി ..യാരം അഥവാ ഗുണവതി വിചാരം

  1. അവളാ പുഴ പോലൊരു പെണ്ണാണല്ലോ
    അവളാ കടല്‍ പോലൊരു കടലാണല്ലോ

    ആകാശം കാണുന്നേരം കണ്ണു പൊത്തും
    ആളില്ലാ വഴികളില്‍ നടക്കാത്തോള്
    കരിമാനം കണ്ടാലും പേടികൂടും
    തെളിമാനം കണ്ടാലും പേടി കൂടും
    അവളിന്നെവരെയന്തി കണ്ടിട്ടില്ല
    അവളെക്കുറി ച്ചൊന്നും കേട്ടിട്ടില്ല
    അവളാ ക്കിളിവാതില്‍ തുറന്നിട്ടില്ല
    തോണി നിലാവില്‍ തുഴഞ്ഞിട്ടില്ല
    ചന്രപ്പിറയൊത്ത നെറ്റിമേല്
    മര്യാദ ക്കുറി ഏഴും വരഞ്ഞിട്ടുണ്ട്
    അടിതൊട്ടു മുടിയോളം പൊതിഞ്ഞിട്ടുണ്ട്
    അനുവാദം ചോദിച്ചു ചിരിയ്ക്കുന്നുണ്ട്

    അവളാ വയല്‍ പോലൊരു വയലാണല്ലോ
    അവളാ മരം പോലൊരു മരമാണല്ലോ

    മാറത്തു കാറ്റെങ്ങാന്‍ കൈവച്ചാലും
    നാണിച്ചവളങ്ങു ചൂളിപ്പോകും
    കൈതയിരുള്‍ പെട്ടു മുറിഞ്ഞെന്നാലും
    മറുവാക്ക് പറയാത്ത പെണ്ണാണല്ലോ
    ഭൂമിയറിയാതെ നടക്കുന്നോള്
    ഭൂമാതിന്‍ മകളെന്നു ചെല്ലപ്പേര്

    എന്നിട്ടും ...
    എന്നിട്ടുമോളിങ്ങനെ കരയുന്നല്ലോ
    കണ്ണീരാല്‍ കുതിരുന്ന മണ്ണായല്ലോ

    അവളെങ്ങും തനിയെ പുറപ്പെട്ടില്ല
    അവളമ്മ വാക്കിനെ മറുത്തിട്ടില്ല
    അവളെങ്ങും തീണ്ടാ പ്പാടം തീണ്ടീട്ടില്ല
    ചൊല്ലുവിളിയുള്ള പെണ്ണാണല്ലോ
    അവളെങ്ങും ചോദ്യങ്ങള്‍ ചോദിച്ചില്ല
    അവള്‍ക്കൊട്ടറിയാനു മൊന്നുമില്ല

    എന്നിട്ടും ...........

    അവളാ നടവഴീല്‍ പിഞ്ഞിക്കീറി
    ചോരനാരായി ക്കിടക്കുന്നല്ലോ
    കൂമന്‍ കുറുനരി കാര്‍ന്നോമ്മാരും
    കുറ്റം തെളീക്കാന്‍ നടക്കുന്നല്ലോ

    അഴിഞ്ഞാടി നടക്കുന്ന തിള വെയില-----
    ന്നരുംകൊല കണ്ടതു പറഞ്ഞിട്ടും
    നേരും നെറീ മില്ലാ പെണ്ണായി
    അവളെ പനയോല പൊതിഞ്ഞു കെട്ടീ

    അതിലൊരു കടലിപ്പോള്‍
    ഇരമ്പുന്നുണ്ട്
    അതിലൊരു പുഴയിപ്പോള്‍
    കവിയുന്നുണ്ട്
    പോകുന്ന പോക്കിലാ കൈതക്കാടിന്‍
    അടിയോളം തീ വന്നു
    മൂടുന്നുണ്ട്‌
    അവളിങ്ങനെ വാക്കായി
    പൂത്തിട്ടാകും
    മിണ്ടാപൂവെല്ലാം മിണ്ടിപ്പോയി

    അനുവാദം ചോദിക്കാതവളിന്നത്തെ
    സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു
    അവളാ നിറമായി പടരുന്നല്ലോ
    അവളാ കടലായി നിറയുന്നല്ലോ .
    കാര്‍ന്നോമ്മാരും
    കുറ്റം തെളീക്കാന്‍ നടക്കുന്നല്ലോ

    അഴിഞ്ഞാടി നടക്കുന്ന തിള വെയില-----
    ന്നരുംകൊല കണ്ടതു പറഞ്ഞിട്ടും
    നേരും നെറീ മില്ലാ പെണ്ണായി
    അവളെ പനയോല പൊതിഞ്ഞു കെട്ടീ

    അതിലൊരു കടലിപ്പോള്‍
    ഇരമ്പുന്നുണ്ട്
    അതിലൊരു പുഴയിപ്പോള്‍
    കവിയുന്നുണ്ട്
    പോകുന്ന പോക്കിലാ കൈതക്കാടിന്‍
    അടിയോളം തീ വന്നു
    മൂടുന്നുണ്ട്‌
    അവളിങ്ങനെ വാക്കായി
    പൂത്തിട്ടാകും
    മിണ്ടാപൂവെല്ലാം മിണ്ടിപ്പോയി

    അനുവാദം ചോദിക്കാതവളിന്നത്തെ
    സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു
    അവളാ നിറമായി പടരുന്നല്ലോ
    അവളാ കടലായി നിറയുന്നല്ലോ 

Friday, January 11, 2013

കല്ലുകളുടെ മരണം

( ദി സ്ടോനിംഗ് ഓഫ് സോറായ എം -എന്ന സിനിമ  ഓര്‍ത്തു കൊണ്ട് .)


എന്റെ നെറുകയിലേക്ക്
ഒരു തീപ്പൂമ്പാറ്റ പോലെ നീ 
ഒളിച്ചു കടക്കുമ്പോള്‍
കുതിച്ചു ചാടിയ ചോരയുടെ ഉദ്യാനത്തില്‍
എന്റെ കുറ്റങ്ങള്‍ക്കൊപ്പം
നൃത്തം വയ്ക്കുകയായിരുന്നു ഞാന്‍ .
നീ വരുന്ന മൂളല്‍,മിന്നായം
ഒന്നിന് പിറകെ ഒന്നായി
ഇടം തേടാന്‍ എന്നില്‍ മത്സരിച്ചു .
കൂര്‍ത്ത നോക്കുള്ള ഒന്ന്
 കുഴഞ്ഞ കാല്‍ കൊണ്ട്
കണ്ണുകളുടെ ആഴം കുഴിക്കെ
ഞാന്‍
എന്റെ മുറിവുകള്‍ക്കൊപ്പം
വിലസാന്‍ തുടങ്ങിയിരുന്നു
അല്ലലില്ലാതെ ഭൂമിയുടെ
അടിവയര്‍ കുത്തിപ്പിളര്‍ക്കുന്ന
പ്രകാശ രശ്മികളുടെ കത്തികള്‍
അലകും പിടിയുമൂരി
സൂര്യനിലേക്കു തന്നെ വലി ച്ചെറി യുമ്പോള്‍
നീ വെറും കല്ലാണ് എന്നും
നിന്നില്‍ കുതിപ്പാകുന്നത്
എന്നില്‍ വരഞ്ഞിടപ്പെട്ട  പരാതികളെന്നും
വാനില്‍ എഴുതി വച്ച്
പതറിപ്പതറി ഒരു മഴവില്ല്
മാഞ്ഞു പോകുന്നത്  എന്‍റെ
ചോരയിഴകളില്‍ തങ്ങിവിറച്ചു .
പ്രണയത്തിന്റെ  ഞാവല്‍ നിറം 
കല്ലറകള്‍ക്കുമേല്‍ പ്രളയം വിതച്ചു .
പൊടിഞ്ഞു ചിതറിയ കല്ലുകള്‍
എനിക്ക് ചുറ്റും
ധൈര്യം ചോര്‍ന്നു മരിക്കുന്നത്
കണ്ണുകള്‍ നല്‍കുന്ന കനിവിലൂടെ
കാണുകയാണ് ഞാന്‍. 
വികാര രഹിതമായ  പ്രാര്‍ഥനാലയങ്ങളായി
മനുഷ്യര്‍
കല്ലുകളോട് കരുണ യാചിക്കുന്നു
അവയുടെ  ഖബറുകളില്‍ കാലുടക്കി
അവര്‍ എന്‍റെ മൂടുപടം ഏറ്റുവാങ്ങുന്നു
എനിക്ക് ചുറ്റും എത്ര കല്ലുകള്‍ !
എല്ലാം മരിച്ചവ .




 

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...