Sunday, October 30, 2011

ബ്യുട്ടി പാര്‍ലര്‍

മണങ്ങളാല്‍ ഉഴിഞ്ഞുഴിഞ്ഞു 
നിറം മാറിപ്പോയ ഒരു ബ്യുട്ടി പാര്‍ലര്‍ .
കറുത്ത പകലുകളെ വെളുക്കാന്‍ തേച്ചും 
മുടിഞ്ഞ ചിരികളില്‍ ചായമിട്ടും
കുരുങ്ങിപ്പോയ സ്വപ്നങ്ങളെ നനച്ചു നിവര്‍ത്തിയും ------
കണ്ണാടി നോക്കാത്ത ഒരുവള്‍ പണി യൊടുക്കുന്നു.
മുഖക്കുരുവിന്‍  അലോസര മക റ്റാന്‍
ഉര ഞ്ഞു തീര്‍ന്ന  ഓറഞ്ചുകള്‍കാണുമ്പോള്‍ 
അതിന്‍റെ മഞ്ഞയിലേക്ക് വിരല്‍ ചൂണ്ടുന്ന 
മകളുടെ  കൊതിക്കരച്ചില്‍ 
നെഞ്ചിലൊരു മുള്ള് കുത്തിക്കും .
അതിനാല്‍ 
ആപ്പിള്‍ത്തുടിപ്പുകള്‍ തുണി സഞ്ചിയില്‍ തൂങ്ങി 
കൂടെ പ്പോരുമ്പോള്‍
വേണ്ടെന്നു പറയില്ല .
മരണത്തിന്‍ മുഖം മിനുക്കിയും 
വധുവിന്‍റെ കണ്‍ പീലികളെ നൃത്തമാടിച്ചും
വിവശയാകുമ്പോള്‍
അവള്‍ ഉള്ളിലൊരു വീട് പണിയും .
പൂന്തോപ്പുകള്‍ തകര മേല്‍ ക്കൂര യിലേക്ക് 
തകര്‍ന്നു വീഴുന്ന ഒരു വീട് .
അങ്ങനെ 
ഒരു യുവതിയുടെ എല്ലാ ജീവിതത്തിലേക്കും 
ബ്യുട്ടി പാര്‍ലര്‍ കൈ കടത്താറുണ്ട്.



Tuesday, October 25, 2011

വര

ചോരയില്‍ തീ കൊണ്ടെഴുതിയവനായിരുന്നു  
ഞരമ്പുകളില്‍ ലഹരിയെ തടവിലിട്ടിരുന്നവനും.
ഉള്ളില്‍ കടലിടിച്ചു നില്‍ക്കുമ്പോഴൊക്കെ 
കവിതയില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു 
വഴിയരികില്‍ കമിഴ്ന്നു കിടക്കുമ്പോള്‍ 
നെഞ്ചില്‍ സൂര്യനെ അണച്ചു 
ഉള്‍ ചൂടില്‍ നേര്  പൊള്ളുന്ന തറിയുന്ന
എതെങ്കിലു മൊരുവന്‍ നോവിന്‍റെ
കോര്‍മ്പ  പുറത്തെടുക്കും .
മണവുംമരുന്നും ഉരച്ചുരച്ചു
ആഴ്ച ക്കൂടാരങ്ങളില്‍ അത്താഴവും ആഴവും ........
നിമിഷങ്ങളുടെ പിഞ്ഞാണം മുട്ടി 
വാക്കുകളുടെ പട്ടത്തെ പറത്തുമ്പോള്‍
എതെങ്കിലു മൊരുവള്‍ അരക്കെട്ടില്‍ നിന്ന് 
ആവലാതികളെ കെട്ടഴിച്ചു വിടുന്നുണ്ടാകും .
നിലാ ക്കൂണ്കളെ  പുഴുങ്ങി ത്തരാന്‍ 
ആകാശ ത്തിന്‍റെ കുട്ടികള്‍ വാശിക്കരച്ചില്‍ കരയും 
പെങ്ങളിലയോടു കടം വാങ്ങി അവര്‍ക്കൊരു മഴ മധുരം 
രക്തത്തിലെ ഉപ്പില്‍ നിന്ന്  എല്ലാവര്‍ക്കുമായി 
ഉന്മാദത്തിന്റെ ഊറ്റം ..
നമുക്കവനെ അയ്യപ്പനെന്നു വിളിക്കാം 
മരിച്ചിട്ടില്ലാത്തതിനാല്‍ ഉയിര്‍പ്പില്ലാത്തവന്‍ 
ജീവന്‍റെ പച്ചയെ മരങ്ങള്‍ക്ക് വീതിച്ചവന്‍...
കൂട്ടുറക്കത്തിനൊരു  കട്ടില്‍ പണിഞ്ഞ്
അവനെ മാനിക്കുക.
മനസ്സിന്റെ വേരുകളില്‍  ജലച്ചായ ത്താല്‍  
അവന്‍ വരയ്ക്കുന്നതെല്ലാം 
ഇലകളില്‍ പടരുമെന്നുള്ളത് കൊണ്ട് .............


...



Tuesday, October 18, 2011

സങ്കടം

സങ്കടം
പുരികം ഷേപ്പ് ചെയ്ത്
ചുണ്ടുകള്‍ തുടുപ്പി ച്ച്
കണ്ണുകളില്‍ ചിരിയുടെ കരച്ചില്‍ തുളുമ്പിച്ച്
കൈലേസില്‍ കള്ളം പൊതിഞ്ഞ്
വെളിച്ചത്തില്‍
വികസിച്ചു നിന്നു.
സങ്കടം
കീ റത്തുണി ചുറ്റി
നിലവിളികളെ പുണര്‍ന്ന്
ഓര്‍മ്മകളെ മാന്തി മുറിച്ച്
വാക്കുകളായി നിലം പറ്റി
വെളിച്ചത്തില്‍
ചുരുണ്ട് കിടന്നു
രണ്ടും മരണമായിരുന്നു !
രണ്ടും പൊതു ദര്‍ശനത്തിനു വച്ചിരുന്നു!

Sunday, October 16, 2011

ജാലകം .

നിലാവിനെ ചുമലിലെടുക്കുകയായിരുന്നു ആകാശം .
ഭൂമിയുടെ ഇതളുകളില്‍ 
ഇണകളുടെ തയാറെടുപ്പില്‍ 
ഏറ്റവും പ്രണയാര്‍ദ്രമായ  ശവകുടീരങ്ങളില്‍ 
ദൂരവും തീരവും അറിയാത്ത സമുദ്രങ്ങളില്‍ 
കുഞ്ഞുങ്ങളുടെ കഥകളില്‍ 
ജലത്താല്‍ പൊള്ളിയ തൊണ്ടകളില്‍ 
ഒരു ഉറവയുടെ സ്വകാര്യതയില്‍ 
ഊര്‍ന്നിറങ്ങാന്‍ കൊതിച്ചപ്പോഴൊക്കെ 
ശാസിച്ചു ശ മിപ്പിക്കുകയായിരുന്നു  ആകാശം .
എന്നിട്ടും നിലാവ് പതറി വീഴുന്നു ......
ആകാശ ത്തിന്‍ നെഞ്ചിലെ ആരും കാണാത്ത --
ഒരു മേഘ പ്പഴുതിലൂടെ .....-

 . x

Sunday, October 9, 2011

ഉടമ്പടി

 എനിക്ക് 
മഞ്ഞു കനക്കുന്ന പര്‍വതങ്ങളിലെക്കും 
തിരകള്‍  നാ ളങ്ങളാകുന്ന കടലുകളിലേക്കും
യാത്ര പോകണമായിരുന്നു
അവന്‍റെ കൈകളില്‍ മയങ്ങി 
അതിരാവിലെ 
മുന്തിരിപ്പാടങ്ങളില്‍ ഉറക്കമുണ രണ മായിരുന്നു 
മെഴുതിരി വെളിച്ചത്തില്‍ 
സ്നേഹ ഗീതങ്ങളൊക്കെയും 
പാടി ത്തീര്‍ക്കണ മായിരുന്നു 
രാവില്‍ 
നക്ഷ്ത്രങ്ങളോട് മത്സരിച്ച്
ആകാശ ത്തെ കടം കൊള്ള ണ മായിരുന്നു
ഒടുവില്‍
 കിളികള്‍ ഒഴിഞ്ഞ ഒരു കൂട്
സന്ധ്യയുടെ ചില്ലയില്‍ ആരാണ്
കൊളുത്തിയിട്ടിരുന്നത്?
അവിടെ
അവന്‍റെ വാക്കുകളുടെയും  സ്വപ്നങ്ങളുടെയും
കമ്പിളി പ്പുതപ്പിനുള്ളില്‍
എന്നേ നിദ്രയാളുകയായിരുന്നു ഞാന്‍ !
സ്വയമറിയാതെ .....
പുലരിയില്‍
കടലായും കവിതയായും
എന്നേ
പിറവിയാളുകയായിരുന്നു ഞാന്‍
ആരുമറിയാതെ !





Saturday, October 1, 2011

പറഞ്ഞതൊന്നും മറന്നേക്കരുത് .


ആയതിനാല്‍ 
പ്രാര്‍ഥനയുടെ ചുമടുകള്‍ 
ഇവിടെ ആരും ഇറക്കി വയ്ക്കരുത് 
കരച്ചിലുകളുടെ കള്ളങ്ങളെ 
രീത്തുകള്‍ കൊണ്ട് അലങ്കരിക്കരുത് 
വെളിച്ചത്തും ഇരുട്ടത്തും ചെയ്തതിനെക്കുറിച്ച് 
അടക്കം പറയരുത് 
സൗഹൃദം ഭാവിച്ചിരുന്ന ശത്രുക്കള്‍ക്ക്
കസേര നല്‍കരുത് 
ശത്രുക്കള്‍ മടിച്ചു മടിച്ചു കടന്നു വന്നാല്‍ 
അവര്‍ക്ക് ഇരിപ്പിടം നല്‍കിയും കുടിക്കാന്‍ കൊടുത്തും സ്നേഹം കാ ട്ടാം
ഓര്‍ത്തു വച്ചോണം.
ഇതൊക്കെ കണ്ടും കേട്ടും ചത്തു കിടക്കുന്നോരെ 
പരസ്യമായി അപമാനിക്കാതിരിക്കാന്‍ . 
ആയതിനാല്‍ .
മരണാ നന്തര കസര്‍ത്തുകള്‍ ഒഴിവാക്കി ത്തരിക 
ജീവിതം കോരിയെടുക്കുന്ന ഒരു കവിത 
ചുണ്ടില്‍ ചേര്‍ത്ത് തരിക...
കണ്ണുകളുടെ വെളിച്ചത്തെ നുള്ളിയെടുത്ത് 
വേണ്ടുന്നവര്‍ക്ക് കൊടുക്കുക 
ഇനി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുവര്‍ക്കായി 
ഭൂമിലോകം വേണമെന്നുള്ളതിനാല്‍ ..
ഓര്‍മ്മയുടെ പരിസ്ഥിതി ബോര്‍ഡ്‌ എവിടെയെങ്കിലും  നാട്ടിപ്പോകുക ...
ഇത്രേയുള്ളൂ ...വാക്കിന്‍റെ ..............


കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...