Thursday, November 27, 2014


ഇന്ന്

 നീയെന്നെ അപ്പോള്‍ പെയ്ത മഴയുടെ
ചുംബനം അറിയിച്ചു .
നമുക്കിടയില്‍ നക്ഷത്രങ്ങള്‍ ഉണ്ടോ എന്നറിയാന്‍
ഒളിച്ചു നോക്കിയ കാറ്റ്
നെടുവീര്‍ പ്പോടെ പറന്നു പോയി .
കണ്ണീരിന്റെ  നീളന്‍ ചാലുകളില്‍
മുങ്ങി ക്കളിച്ച പരലുകള്‍ പോലെ
എന്‍റെ കണ്ണുകള്‍ ..
നീ അവയെ കോരിയെടുത്തു .
അവ പിടയാന്‍ തുടങ്ങി
സ്ഫടികത്തിന്റെ  ആ പഴയ ജാര്‍
നീ തുറന്നു ..
എന്‍റെ  പുഴകളുടെ വഴി അടച്ചു .
കൊറിക്കാന്‍ രണ്ടോ മൂന്നോ ഇല യിതളുകള്‍ !

നീയെന്നെ കൊണ്ട് നടക്കുകയാണ് .

മുന്നില്‍ ഇരുള്‍ പകയോടെ .
നിനക്ക് വഴി തെറ്റില്ല  എന്ന വിശ്വാസം
എന്നെ ഉറക്കുന്നു .
ഉണരുമ്പോള്‍  കൈമാറ്റം ചെയ്യപ്പെടില്ല
എന്ന ഉറപ്പു
നിന്‍റെ ശ്വാസത്തില്‍ കേള്‍ക്കാം ..

എങ്കിലും
നമ്മളില്‍ ആരാവും
ആദ്യം വീണുടഞ്ഞു പോവുക ?  [വീണ്ടും ]Saturday, November 1, 2014

ഇപ്പോള്‍ പെട്ടിയില്‍ എന്തെല്ലാം 

തൊട്ടെടുത്ത കടല്‍ ക്കള്ളങ്ങള്‍
തൊട്ടറിഞ്ഞ ഉടല്‍ പ്പിരാന്തുകള്‍ 
കേട്ടെടുത്ത  പ്രണയ ദോഷങ്ങള്‍ 
പനിച്ചെ രിഞ്ഞ  രാത്രികള്‍ 

ഇപ്പോള്‍  മിഴികളില്‍ എന്തെല്ലാം 

എരിഞ്ഞു തീര്‍ന്ന  നക്ഷത്രങ്ങള്‍ 
കരഞ്ഞു തീര്‍ന്ന   കാടുകള്‍ 
പറഞ്ഞു മറന്ന   വാക്കുകള്‍ 
പട്ടു  പോകുന്ന  പാട്ടുകള്‍ 

ഇപ്പോള്‍ കൂട്ടിനു എന്തെല്ലാം  

കാവല്‍ നില്‍ക്കുന്ന കവിതകള്‍ 
കാറ്റുപേക്ഷിച്ച കപ്പലിന്‍ ഹുങ്കുകള്‍ 
കോര്‍ ത്തെടുക്കുവാന്‍ കഴുകുകള്‍ 
പുല്കിയും കൊല്ലുന്ന പുല്‍ക്കൊടി 

ഇപ്പോള്‍ മനസ്സില്‍ എന്തെല്ലാം 

നക്ഷത്ര മൊന്നു ണ്ട് നെറുകയില്‍ 
നെഞ്ചി  ലിത്തിരി ച്ചൂടുമുണ്ട് 
അലറി വിളിക്കുന്ന മൌനമുണ്ട് 
അതിരുകള്‍ ഇല്ലാത്ത സ്നേഹമുണ്ട് 

അങ്ങനെയങ്ങനെ ജീവിച്ചു പോകുവാന്‍ 
നീയുള്ളി ലെന്നും ബാക്കിയുണ്ട് .                
 


Friday, October 17, 2014

ഒരു കൂറ്റന്‍ ചിറ കടി യോടെ യാണ് 
ഇപ്പോള്‍ പകലുകള്‍ പിറക്കുന്നത്‌ .
ഒറ്റ ചെരുപ്പ് തിരയുന്ന സിന്ദ്രല്ലയെ 
രാജാവിനെ തിരയുന്ന ഭ്രാന്തിയെ 
വേലായുധനെ കെട്ടിപ്പിടിക്കുന്ന അമ്മൂട്ടിയെ 
താജ് മഹലില്‍ കണ്ണീര്‍ വാര്‍ത്തിരിക്കുന്ന മുംതാസിനെ 
മഞ്ഞില്‍ വിരിയുന്ന വിമലയെ ........
എല്ലാവരെയും മുറിക്കു മുന്നില്‍ നിര്‍ത്തി 
ചിറകടി മാത്രം ഉള്ളില്‍ കടക്കുന്നു .
ആരാവാം അത് ?
വിശ്വസ്തനായ ഒരു കൂട്ടുകാരനെ പ്പോലെ 
അത് വാക്കുകള്‍ കൊണ്ട്  ഉമ്മ വയ്ക്കുന്നു .
ഉദാരമായ സഹതാപം നല്‍കുന്നു .
വെളിച്ചം കെടുത്തി ഉറങ്ങാന്‍ പറയുന്നു .
നാളെ പിറക്കുന്ന സൂര്യനെ 
ഇന്നേ കാട്ടി ത്തരുന്നു .
കണ്ണീരിന്‍റെ ആഴങ്ങളില്‍ ചെന്ന് 
ആഘാതങ്ങളുടെ അറകള്‍ അടയ്ക്കുന്നു .
നിലാവിന്‍റെ തിരി മുറിയില്‍ കൊളുത്തുന്നു 
നിഴല്‍ പോലെ മുറി വിട്ടിറങ്ങുന്നു .
എപ്പോഴും കേള്‍ക്കാനായി 
ചിറകടിയൊ ച്ചയെ മുറിയില്‍ ഞാത്തിയിടുന്നു .[സുഹൃത്ത് ] 

Wednesday, October 8, 2014

വീട്


വാതിലുകളില്ലാത്ത വീട്
അടക്കമില്ലാത്ത പെണ്ണിനെ
ഓര്‍മ്മിപ്പി ക്കുമെന്ന്
ആരോ അടക്കം പറയുന്നു .

വരുന്നവര്‍  അവരുടെ ചെരുപ്പ്
പുര വരാന്തയില്‍ സൂക്ഷിക്കും .
ആരും കാണാതിരിക്കാന്‍ അവ
ഏറ്റവും ഇരുളുകള്‍ തേടി പ്പോകും .

വീട് വഴി തെറ്റിക്കാനെന്നോണം
തുറന്നു  കിടക്കുന്നു .
ഓരോ മണങ്ങളായി
ഞാന്‍ ഇവിടെ ഞാന്‍ ഇവിടെ
എന്ന് വിളിച്ചു പറയും

പഥികന്‍ ധ്യാന പ്പുര അന്വേഷിക്കുമ്പോള്‍
അടുക്കള വെളിച്ചം കബളിപ്പിക്കും .
ദൈവങ്ങളോടൊപ്പ മാണ് താന്‍ എന്ന വിചാരത്താല്‍
രതിയില്‍ നിന്നും അയാള്‍ മുക്തനാകും .

കിടക്കകളുടെ  മൃഗീയ വാസന യില്‍  വിരുന്നുകാര്‍

സ്വയം മറന്നിരിക്കാറുണ്ട് .

തൂവലുകളും  ചോരയും നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി

ആയിരത്തൊന്നു രാവുകളെ  കഥയാക്കുന്നത് കേള്‍ക്കാം .

ആരാവാം ഈ വീട് പണിഞ്ഞത് !


വാതിലുകളില്ലാത്ത വീട്
എപ്പോള്‍ വേണമെങ്കിലും
ആത്മഹത്യ ചെയ്തേക്കും
എന്നുള്ള തിനാലാവും

എല്ലാ വാതിലുകളും ബന്ധിച്ചു
ഒരുവള്‍ അതിനെ
കാത്തു വയ്ക്കുന്നത് ![കാവല്‍ ]


Sunday, October 5, 2014

പ്രിയനേ ...
ആ  രാവില്‍ നമ്മള്‍ 
പ്രണയത്തെ ക്കുറിച്ചു പറഞ്ഞിരുന്നോ ?
കോപ്പയിലെ തീരാറായ വെള്ളവും 
കൊതുകുകളുടെ മൂളലും 
വന്നും പോയുമിരിക്കുന്ന കറണ്ടും 
മോഡിയുടെ ഇന്ത്യയും ഒഴികെ 
മറ്റെന്തെങ്കിലും ......
 
പൊടുന്നനെ 

തിരകള്‍ സ്തംഭിച്ച കടലുകലിലെ  
പരസ്പരം പ്രത്യക്ഷപ്പെടാന്‍ കൊതിക്കുന്ന 
വെളിച്ചങ്ങള്‍ 
മൌനങ്ങളുടെ ഇടവേളകളോട്
"ഒന്ന് കൊന്നു തരൂ "
എന്ന് പറയുന്നത് കേട്ടില്ലേ ... 


പിന്നെ .....
ഉടലുകളാല്‍ കെട്ടി മറിയുന്ന കിടക്കകള്‍ 
 ഉപ്പു രസങ്ങളുടെ ചുണ്ടുകള്‍ 
ഉയര്‍ച്ച താഴ്ചകളുടെ  നീര്‍ ക്കുമിള കള്‍ 
രക്തത്തിലെ കൊടുംകാറ്റുകള്‍
 കടലുകളെ  തൂവാലയില്‍ ഒതുക്കുമ്പോള്‍ 

നമ്മള്‍  പ്രണയിക്കുക മാത്രമായിരുന്നു .    [അന്നും ]
Monday, September 22, 2014

മെഴുകു മരങ്ങള്‍ ഉരുകുകയാണ്
മുറുകുന്ന കാറ്റില്‍  വേഗം വേഗം
വേരിലേക്ക് പൊള്ളല്‍ പോലെ പതിച്ചത്
അതിന്‍റെ ഒടുവിലെ ശി ഖരമായിരുന്നു .

ഇപ്പോള്‍   മെഴുകു പാടങ്ങള്‍...


ഉരുകലിനും ഉറയലിനും ഇടയില്‍

തളിര്‍ത്തു വന്ന ഇല ..

ഒരു കുരുവിക്ക് തണല്‍  നല്‍കുന്നു ..

[ കൂട്]


Friday, September 19, 2014

കീറി മുറിയ്ക്കപ്പെട്ട ചേലയും  
ഉടഞ്ഞു പോയ ഉടലുമായി
ഞാന്‍ ഒരുദിനം മുട്ടി വിളിയ്ക്കുമെന്ന്
നിനക്കറി യാമായിരുന്നു !
നീ വിളവെടു ത്തില്ല !
ധാന്യ മണികള്‍ പോലും ഭക്ഷിച്ചില്ല !
കാറ്റിന്റെ സംഗീതം ശ്ര വിച്ചില്ല
കടല്‍ ത്തിരകളെ അറിഞ്ഞില്ല !
നിദ്രയുടെ തൂവലുകളെ മിഴികളില്‍ ചേര്‍ത്തില്ല !

താഴ്വാരത്തില്‍ നിന്നും മെല്ലെ മെല്ലെ
നിന്നിലേക്ക്‌   മഞ്ഞു കാറ്റായി
ഞാനെത്തുമെന്ന് !
 ഇപ്പോള്‍
ഇതാ ഞാന്‍

കൈക്കുമ്പിളില്‍ കടുകു മണികള്‍.

ഭ്രഷ്ടായവ ളെ  സ്വീകരിക്കുന്ന
ഒരു  ബുദ്ധനെ വേണം!

കടലു കാണാത്തവനും
കാടുപേക്ഷിച്ചവനുമായ
ഒരുവനെ .

 എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനായി
തേജസ്സറ്റ  സൂര്യനുണ്ട്
മരിച്ച പോലെ കിടക്കുന്ന ഒരാകാശ മുണ്ട്

പ്രണയ ത്തിന്‍റെ  പ്രവാചകനേ....

"വൈകി യതെന്ത് " എന്നല്ലാതെ
"വന്നുവല്ലോ "എന്ന് മാത്രം നീ പറഞ്ഞെങ്കില്‍ !

[അരികെ ]

Saturday, September 6, 2014

സ്നേഹ ക്ഷീണിത മെങ്കിലും
ഇടറാത്ത പാദങ്ങളാല്‍ മുന്നേ
ഓണം  ഹൃദയത്തില്‍ പതിപ്പിച്ചു
കാല്‍ മുദ്ര ...

നിറവാര്‍ന്ന മിഴികളില്‍ നീര്‍
തിളങ്ങു മ്പോഴും
ഒന്നുമില്ലോന്നുമില്ലെന്നിമ ചിമ്മി
ചുണ്ടിലെഴുതിയ
ചിരി മുദ്ര

നീയാണോണം  എന്നൊച്ചയില്ലാതെ  ഭാഷയില്‍
എത്രയാവര്‍ത്തിക്കുമ്പോഴുമുള്ളി
ല്‍
കടലുപേക്ഷിച്ച  കാഴ്ചകള്‍
കയ്യിലെഴുതിയ
കനല്‍ മുദ്ര

കണ്ടു നെഞ്ചിലെ തീത്തിര കളില്‍
പാഞ്ഞു പോകുന്ന  പായ വഞ്ചിയില്‍
ആഴമെത്ര യെന്നോട്ടു മോര്‍ക്കാതെ
ജീവിതത്തിന്‍റെ  യാത്രകള്‍

ഓണമെത്തുന്നതിന്‍ മുന്നമേ
വന്നു പോയ നിലാവെളിച്ചമേ
നിന്നെയോര്‍ത്തിരിക്കുന്ന,തിന്‍
കാന്തിയാണ് ചുറ്റിലും

അന്ധകാരം  നാവുനീട്ടും  രാവാണ്‌
മുന്നിലെങ്കിലും
ഇരുളു പോകും വഴിക്കൊരു
വെള്ളി നക്ഷത്ര മുദിച്ചിടും

[ഓണം കഴിഞ്ഞിരുന്നു ]

Wednesday, August 13, 2014

 
വാക്കുകളെ പണിതു വച്ച്
ആഗ്രഹങ്ങളെ ഉമ്മവച്ച്
രണ്ടു കാലിലും  കുരിശു മുറിവോടെ
ഞാന്‍ മുറി വിട്ടിറങ്ങുന്നു .
ഒരു കടല്‍ത്തിര പോലെ അപ്പോള്‍ നീ
 കാത്തിരുപ്പില്‍ ഉരുണ്ടു കൂടുന്നുണ്ടാവും .
ആഹ്ലാദങ്ങളുടെ കാറ്റ് എന്നെ
അവിടേക്ക് പറത്തി ക്കൊണ്ട് വരും .
എത്ര അകലെ നിന്നേ ഞാന്‍ കാണും
പ്രണയത്തിന്‍റെ വിസ്മയം !
എന്‍റെ നേര്‍ക്ക്‌ നീളുന്ന നിന്‍റെ കയ്യുകള്‍ !
പിന്നെ
രുചികളാണ്
ഉപ്പിന്‍റെ
പിന്നെ
മണങ്ങളും.
മയിലാഞ്ചിയുടെ .
രാത്രി ക്ഷമ പറയുന്നത് കേള്‍ക്കാം
കടലിനോട്
ഞാന്‍ പോട്ടെ ,നാളെ കാണാം എന്നൊക്കെ .
അന്നേരം
ഞാനുംനീയും "കരയരുത് "എന്ന്  പരസ്പരം
ചുണ്ടുകള്‍ കൊണ്ട് ഓര്‍മ്മപ്പെടു ത്തുന്നുണ്ടാ വും .
എത്ര പൊട്ടി ത്തരിച്ചു പോകുന്നു
നമുക്ക് ചുറ്റുമുള്ള കടല്‍!
ഒരേ കടല്‍ !
[സംഗമം ].


.
ഞാന്‍ നിന്നോട് ചേരുന്നത്
സ്വപ്നങ്ങളുടെ ഇഴ ചേരല്‍ പോലെയാണ് .
ഒരു നുള്ള് പോലും തൊട്ടെടുക്കാനാവില്ല
എന്നില്‍ നിന്നും ആര്‍ക്കും നിന്നെ . [ഉം .]
.Monday, June 2, 2014

പ്രണയാഗാധതകളുടെ
ഉടല്‍ മുറിവുകളെ
നന്ദി ..       [മഴ]

Saturday, May 3, 2014

അപ്പോഴും
നക്ഷത്രങ്ങള്‍ വഴികാട്ടികളായിരുന്നു
കടലിന്‍റെ കാടിന്‍റെ കുന്നിന്‍റെ
അടയാളങ്ങളാല്‍
അവ തെളിച്ച രേഖകളിലൂടെ
കൈകള്‍ കോര്‍ത്തു ഞങ്ങള്‍
നടന്നിടത്തെല്ലാം
ഇപ്പോള്‍ വസന്തമെന്ന്
ഒരെഴുത്ത് .
വലുതായി ക്കൊണ്ടിരിക്കുന്ന  വരികളാല്‍
പ്രണയമെഴുതുന്നതെല്ലാം
നിന്നിലും എന്നിലും മാത്രം
നിറയുന്നുവെന്നു
കാലത്തിന്‍റെ
തൂലിക .                   [   കത്ത് ]

Monday, April 14, 2014

ഇപ്പോള്‍ എവിടെയാണോ നീ ...

അവിടെ
വയനാടന്‍ ചുരമിറങ്ങുന്ന
ഒരു മുളം പാട്ടുണ്ട്
പൊതിഞ്ഞു നില്‍ക്കുന്ന മുളം കാടുണ്ട്‌
രക്ത മുദ്രകള്‍ പതിഞ്ഞു വീഴുന്ന
വഴി യോര്‍മ്മ യുണ്ട്
ഉന്മാദങ്ങളുടെ തിര ക്കൂട്ടങ്ങളെ
തല്ലി  ത്തകര്‍ത്ത രാവുകളുണ്ട്.
എന്‍റെ ഭൂമിയുടെ തടവുകാരാ ...

ഇപ്പോള്‍ എന്തു ചെയ്യുകയാവും നീ ..

നിന്റെ മാത്രം സ്വപ്നങ്ങളുടെ
 ഈ തുന്നല്‍ക്കാരിക്കായി
യാത്രയുടെ  പുഴത്തനുപ്പുകള്‍
കരുതി വയ്ക്കുകയല്ലേ ....

വിരഹത്തിന്‍റെ  വര്‍ത്തമാനങ്ങള്‍
മൂന്നാം യാമത്തിലെത്തും മുന്‍പേ
നിന്റെ കൈകളിലേക്ക്
ഉണരുന്നതാണ്
എന്‍റെ എന്നത്തെയും പതിവ് ! [വേഗം ,,,]

Sunday, February 23, 2014

കറുത്ത വളകളോട് എനിക്കുള്ള ഭ്രമമാണ്
രാത്രിയോട്‌നിനക്ക്
ചുവന്ന പൊട്ടിനോടുള്ള എന്‍റെ ഇഷ്ടമാണ്
അസ്തമയത്തോട് നിനക്ക്
പച്ചയില്‍ പൂക്കണമെന്ന എന്‍റെ സ്നേഹമാണ്
പച്ച കുത്തുന്നതിനോട് നിനക്ക്
വെളുത്ത പൂക്കളാണ് എന്‍റെ കരച്ചിലുകള്‍.
നിന്‍റെ ചിരിയില്‍ മാത്രം  വിടരുന്നവ [ചിലപ്പോള്‍ ]


വേശ്യ ദൈവത്തെ  വിളിക്കുമ്പോള്‍
അയാള്‍ പുഴയോരത്ത് മലര്‍ന്നു കിടക്കുന്നു
പൂക്കളിലെന്നപോലെ  പുഴുക്കള്‍
അയാളെ കെട്ടിപ്പിടിക്കുന്നു .
അന്ധന്‍ ദൈവത്തെ കടയുമ്പോള്‍
കൈകാലിട്ടടിച്ചു അയാള്‍
നിലവിളിക്കുന്നു
കരച്ചിലിന്‍റെ ചീളുകളിലാണ്
ദൈവമെന്നു
അന്ധന്‍റെ നിര്‍വചനം .
മതം ദൈവത്തെ കാട്ടി ത്തരുമ്പോള്‍
അയാള്‍
കുഞ്ഞുങ്ങളെ തിരഞ്ഞു കൊല്ലുന്ന
തിരക്കിലുഴലുന്നു
മരിച്ച പുഞ്ചിരികളാണ്
ദൈവമെന്ന്
ഭേദമില്ലാതെ
വെളിച്ചപ്പെടുന്നു . 
അതാവും
പ്രാര്‍ഥനയുടെ  ഒരു കൈയ്യിലും 
ഇപ്പോള്‍
വിരലുകള്‍ ഇല്ലാത്തത് .[മരിച്ച ദൈവം ]