Friday, January 11, 2013

കല്ലുകളുടെ മരണം

( ദി സ്ടോനിംഗ് ഓഫ് സോറായ എം -എന്ന സിനിമ  ഓര്‍ത്തു കൊണ്ട് .)


എന്റെ നെറുകയിലേക്ക്
ഒരു തീപ്പൂമ്പാറ്റ പോലെ നീ 
ഒളിച്ചു കടക്കുമ്പോള്‍
കുതിച്ചു ചാടിയ ചോരയുടെ ഉദ്യാനത്തില്‍
എന്റെ കുറ്റങ്ങള്‍ക്കൊപ്പം
നൃത്തം വയ്ക്കുകയായിരുന്നു ഞാന്‍ .
നീ വരുന്ന മൂളല്‍,മിന്നായം
ഒന്നിന് പിറകെ ഒന്നായി
ഇടം തേടാന്‍ എന്നില്‍ മത്സരിച്ചു .
കൂര്‍ത്ത നോക്കുള്ള ഒന്ന്
 കുഴഞ്ഞ കാല്‍ കൊണ്ട്
കണ്ണുകളുടെ ആഴം കുഴിക്കെ
ഞാന്‍
എന്റെ മുറിവുകള്‍ക്കൊപ്പം
വിലസാന്‍ തുടങ്ങിയിരുന്നു
അല്ലലില്ലാതെ ഭൂമിയുടെ
അടിവയര്‍ കുത്തിപ്പിളര്‍ക്കുന്ന
പ്രകാശ രശ്മികളുടെ കത്തികള്‍
അലകും പിടിയുമൂരി
സൂര്യനിലേക്കു തന്നെ വലി ച്ചെറി യുമ്പോള്‍
നീ വെറും കല്ലാണ് എന്നും
നിന്നില്‍ കുതിപ്പാകുന്നത്
എന്നില്‍ വരഞ്ഞിടപ്പെട്ട  പരാതികളെന്നും
വാനില്‍ എഴുതി വച്ച്
പതറിപ്പതറി ഒരു മഴവില്ല്
മാഞ്ഞു പോകുന്നത്  എന്‍റെ
ചോരയിഴകളില്‍ തങ്ങിവിറച്ചു .
പ്രണയത്തിന്റെ  ഞാവല്‍ നിറം 
കല്ലറകള്‍ക്കുമേല്‍ പ്രളയം വിതച്ചു .
പൊടിഞ്ഞു ചിതറിയ കല്ലുകള്‍
എനിക്ക് ചുറ്റും
ധൈര്യം ചോര്‍ന്നു മരിക്കുന്നത്
കണ്ണുകള്‍ നല്‍കുന്ന കനിവിലൂടെ
കാണുകയാണ് ഞാന്‍. 
വികാര രഹിതമായ  പ്രാര്‍ഥനാലയങ്ങളായി
മനുഷ്യര്‍
കല്ലുകളോട് കരുണ യാചിക്കുന്നു
അവയുടെ  ഖബറുകളില്‍ കാലുടക്കി
അവര്‍ എന്‍റെ മൂടുപടം ഏറ്റുവാങ്ങുന്നു
എനിക്ക് ചുറ്റും എത്ര കല്ലുകള്‍ !
എല്ലാം മരിച്ചവ .




 

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...