Friday, October 18, 2013

ഹൃദയ രേഖ

നീ വരച്ചു വച്ചതൊക്കെയും
ചോര ത്തുടുപ്പാല്‍
പിന്നെയും തിളങ്ങുന്നു
പാട്ടും കണ്ണീരും പ്രണയവും
എല്ലാം എല്ലാം .
ഇടത്തേ ചുവരില്‍നിന്നു
ഒരു കാവ്യ നദി കടലിലേക്ക്‌
പുറപ്പെടാറുണ്ട് .
ഓരോ തിരയും പ്രാണ-
സന്ധ്യകളെ തിരയും
രാ നിഴലില്‍ മേഘങ്ങളുടെ
ഒരു കൊളുത്തി ക്കേറ്റം
അവ വേഷങ്ങള്‍ അഴിച്ചു വച്ച്
വീണ്ടും മനുഷ്യരാകും
സങ്കടങ്ങളുടെ കറുപ്പായി
പരസ്പരം അലിഞ്ഞു തീരും
മുഖം കുനിച്ചിരിക്കുന്ന
ഒരു നക്ഷത്രത്തെ
സിമന്റ് ബെഞ്ചില്‍ നിന്ന്
കൈ പിടിച്ചുയര്‍ത്തും
അവളിലും ചുവന്നെരിയുന്ന
ഹൃദയ രേഖകളെ
പ്രണയ പഥം എന്ന്
ആരോ  പാടുന്നു .

Friday, October 11, 2013

തെരുവില്‍ ഒരു പൂമരം
കൊഴിഞ്ഞ പൂക്കളെ
ഓമനിക്കുന്നു
അവയുടെ നെറുകയിലെ
കുരിശു പൊള്ളിച്ച പാടുകളെ
ചുണ്ടുകളാല്‍ തൂത്തെടുക്കുന്നു
കല്ലറകളിലേക്ക് പറന്നു പോകുന്നവയെ
കണ്ണുകളില്‍ ഉമ്മ വയ്ക്കുന്നു
പ്രണയികളുടെ ഹൃദയത്താല്‍
വിശുദ്ധ മാകുന്നവയെ
സുഗന്ധ ക്കുപ്പികളിലേക്ക് പകരുന്നു
ഓരോ പൂവും
അതിന്‍റെ നാളെയാല്‍
പൂമരത്തിലേക്ക്
ഒരിടിമിന്നല്‍ പായിക്കുന്നു . [നേര് ]

Tuesday, October 8, 2013

ഇരുണ്ടു തുടങ്ങുമ്പോള്‍
കാട്
കടല്പോലെയാകും.
തിരയുടെ മുഴക്കങ്ങള്‍
ഒറ്റയ്ക്കു ചുറ്റുന്ന  കാറ്റ്
ഓര്‍മ്മകളുടെ  കടല മണികള്‍
കൊറിച്ചു മടങ്ങുന്ന വെളിച്ചം
കുട്ടികളെപ്പോലെ കിളികള്‍
ഒരു ഈറച്ചുണ്ടില്‍ നിന്ന്
പ്രണയത്തിലേക്ക് പാറുന്ന
മുളം പാട്ടുകള്‍
എത്ര  പെട്ടെന്നാണ്
കണ്ണുകളിലേക്കു  കടല്‍
അതിന്‍റെ  സ്വപ്നങ്ങളെ ചേര്‍ത്തു വയ്ക്കുക
കാടും അതിന്‍റെ വിരല്‍ വള്ളികളാല്‍
സന്ധ്യയുടെ മുടിയിഴകളില്‍
പ്രണയ കാവ്യം എഴുതി വയ്ക്കുന്നു
കടലെടുക്കാതിരിക്കാന്‍ .[രാത്രി ]

Monday, October 7, 2013

ഓരോ മുറിവും ഒരു  ചിത്രമാണ്
ചോരയാല്‍ അതിരിട്ടത്
ഞരമ്പുകളുടെ കീ റലുകളില്‍
മരുന്ന് മഞ്ഞകള്‍ പ്രണയം  കത്തിക്കുന്നത്
തെറ്റിപ്പോയ വരകള്‍ മായ്ച്ചു മായ്ച്ചു
തൊലിയുടെ ഭൂപടം ചുളുങ്ങുന്നത്
മാംസ ത്തിന്‍റെ ഇതളുകളില്‍
കത്രികയുടെ വെള്ളിപ്പിടികള്‍
ഇല  വരച്ചു വയ്ക്കുന്നത് .
തട്ടി മറിഞ്ഞ ചായംപോലെ
ചിലപ്പോള്‍
മുറിവിലെ നീണ്ട നനവ്‌
പഞ്ഞി ത്തുണ്ടുകളില്‍ വട്ടം  നിറയ്ക്കുന്നു
വൈകിയും തീരാത്ത  വരപ്പിനായി
ചില മുറിവുകള്‍ കാത്തു കിടക്കും
മഴ യുടെ നടത്ത ങ്ങളില്‍ ഒരാള്‍
അവയെ ഹൃദയ രക്തം കൊണ്ട്
ജ്ഞാന സ്നാനം ചെയ്യിക്കും വരെ .
അപ്പോള്‍ മുറിവിലെ വസന്തങ്ങള്‍
പൂക്കളിലേക്ക്‌ നൃത്തം ചെയ്യും
ആ പ്രേമം അനശ്വര മെന്ന്
ലിപികളില്‍ കൊത്തി വയ്ക്കപ്പെടുന്നത്
എത്ര  മനോഹരമാണ് !
[കാവ്യം]

Sunday, October 6, 2013

മഞ്ഞു പകര്‍ന്നു പകര്‍ന്ന
ഒരു പുലരിയില്‍
സ്നേഹത്തിന്‍റെ യാത്രാമുഖമായി
നീ വന്നുനിന്നപ്പോള്‍

ഒരു തളിരിലയുടെ തുഞ്ചത്ത്
എന്നെ കോര്‍ത്തു തന്നു ഞാന്‍
ഇപ്പോള്‍
മുനകളില്‍
കടല്‍ ക്കിലുക്കങ്ങള്‍
കാട്ടി റമ്പുകള്‍
ചോര മുറിഞ്ഞ
മഴപ്പീലികള്‍
ഇമയനക്കങ്ങളിലെ
കഥ യെഴുത്തുകള്‍
ഞാന്‍ നിന്നിലേക്ക്‌ ഇങ്ങനെ  പടരുന്നത്‌ കൊണ്ടാകാം
പുഴകള്‍ക്ക്  മരണ ഭയമില്ലാത്തത് .
ഓരോ ഒഴുക്കിലും അതിലെ
ഇലകളായി നാം
ചേരുന്നുവല്ലോ .[ഓര്‍മ്മ ക്കാട്]