Thursday, April 11, 2013

നമ്മള്‍

പ്രിയനേ
കാടിന്‍റെ ഹൃദയത്തിലേക്ക്
നിന്‍റെ കൈകളില്‍ എന്‍റെ സഞ്ചാരം .
 മുളംപാട്ടു മദിക്കുന്ന  വന വഴികളില്‍
നീയും  ഞാനും ഒരേ  സ്വരമായി .
പച്ചകളുടെ  മണത്തില്‍ നീ എന്നെ അറിഞ്ഞു 
അനേകം സുഗന്ധങ്ങളാല്‍ നിറഞ്ഞ തൂവാല പോലെ
നീ
എന്നെ മുഖത്തോട് ചേര്‍ത്തു
ചുണ്ടുകളുടെ തുടിപ്പില്‍  സ്നേഹം തൊട്ട്
അന്തിവാനം പോലെ  ചുവപ്പിച്ചു
കാറ്റ്  എന്‍റെ മുടിയിഴകളെ ശകാരിക്കുമ്പോള്‍
നീ അതിനെ യും  കഠിനമായി ശാസിച്ചു .
അപ്പോഴേക്കും കരിനിറം  പൂണ്ട മേഘങ്ങള്‍
കാറ്റിന്‍റെ കണ്ണു കെട്ടിയിരുന്നു .
ഭൂമിയുടെ  മടിയില്‍ എന്നെ കിടത്തി
ഏതോ  പുരാണം തിരയുകയായിരുന്നു നീ .
 തിരകള്‍ കല മ്പുന്ന  ഒരു സമുദ്രത്തെ
എത്ര  പെട്ടെന്നാണ് നീ  എന്നില്‍ കണ്ടെടുത്തത് .
പ്രിയനേ
നിന്‍റെ   ഉയിര്‍പ്പിലാടി മയില്‍പ്പീലികള്‍ പോലെ
വന വസന്തങ്ങള്‍
അവ  എന്നോട്  പ്രണയം കടം ചോദിച്ചു .
നീ  പകുത്തതെല്ലാം പകര്‍ത്താ നുള്ളതല്ലല്ലോ
എന്ന്   കാട്ടാറിന്‍ കൌതുകം.
അതുകൊണ്ടാവും ഇപ്പോഴും   അവിടെ
പൂത്തു നില്‍ക്കാന്‍ നമുക്കാവുന്നത് .







ചിത്രം

ഒരുല്‍സവത്തിന്‍ നെറുകയിലാണ് അവരുടെ  വീട്
കൊടിയടയാളങ്ങള്‍ മുറിഞ്ഞു പോയ വീട്
കിണര്‍ ത്താഴ്ചകള്‍ അലറുന്നതും
മല മുടികള്‍ ചായുന്നതും
കവിത  കണ്ണ് കെട്ടുന്നതും
കലാപങ്ങളുടെ കരള്‍ പിളരുന്നതും
 കൊത്തിവച്ച വീട് .
ചുവരുകള്‍ സംഗീതമാകുന്നതും
നിലം പതുങ്ങികള്‍ വെള്ളം മോഷ്ടിക്കുന്നതും
നിശബ്ദത  പായ വിരിക്കുന്നതും
നിലാവള്ളികള്‍ ഇഴഞ്ഞു പിരിയുന്നതും
വരകളാക്കിയ വീട് .
അവരുടെ  ഉടലുകളില്‍ നിന്നു
ഉത്സവങ്ങള്‍ കൊടിയഴിക്കുമ്പോള്‍
വീട്
വാഴക്കുരലുകളുടെ വിള്ളലുകളില്‍
ഉറവ തേടി .
ദാഹങ്ങളെ  നനച്ചു .
അങ്ങനെയാണ്
മരണത്തിന്റെ മണിക്കൂറുകളില്‍
അവര്‍ക്ക്
സൂര്യനെ ഇത്രയും അടുത്തു  കാണാന്‍ കഴിഞ്ഞത് .








ഓര്‍മ്മ



അഴിച്ചു വച്ച ഒരു ചിലമ്പ്
ആഗ്രഹങ്ങളുടെ താളം ചവിട്ടുമ്പോള്‍
നദി
വിലക്കുകളുടെ ഒരു തീരം  ഒഴിച്ചിടും.
അപ്പോള്‍ 
കാറ്റ് കോതുന്ന ഒരു  കാഴ്ചയുണ്ട്
പ്രണയം  മുഴുവന്‍ നദിയില്‍
മറിഞ്ഞു  കിടക്കുന്നു.
വിഷാദ ത്തിന്‍ തോണി ക്കാരന്‍
മിന്നല്‍ വിളക്കുകള്‍ അവളിലേക്ക്
തെളിക്കുന്നു
കണ്ണുകളുടെ ആഴങ്ങളില്‍ നിന്നും
അടയാള മല്‍സ്യങ്ങള്‍ നീന്തി വരുന്നു
 നീലനിറത്തില്‍ അവയുടെ
കരച്ചില്‍  പടരുന്നു
കലക്കങ്ങളില്‍ രാത്രി
ഇര മണക്കുന്നു .
തുഴ നീട്ടി ആകാശം  അവളോട്‌
ആശ്വാസം പറയുന്നു
മേല്‍ത്തട്ടില്‍ നിന്നു പറന്നു പറന്നു
വലക്കണ്ണി കള്‍ അവള്‍ക്കുമേല്‍ വിരിച്ച്
ചെറു കിളികള്‍
മഴ മഴ എന്ന് ചിലയ്ക്കുന്നു .
നദി  മാത്രം നൃത്തം വയ്ക്കുന്നു
അവളുടെ കാലില്‍ ചിലമ്പ്
മുറുകിക്കഴിഞ്ഞിരുന്നു.



 




തീവണ്ടി


ഉടല്‍മറിച്ചിലുകളെ തടഞ്ഞും തഴഞ്ഞും
നിലവിളികളെ  ചേര്‍ത്ത മര്‍ത്തിയും
താളമെന്നു ചിലര്‍ .
 അമ്മയോട് കരുണ ചെയ്തും
കുഞ്ഞിനോട്  കടുപ്പിച്ചും
ഇരുവരെയും സ്നേഹിച്ചും
ചിലപ്പോള്‍
ഹൃദയത്തിലേക്ക് വലിച്ചെടുക്കും .
പ്രണയത്തെ ഉലച്ചു ലച്ചു
ഉരുമ്മിയും ഉണര്‍ത്തിയും
ഉറക്കത്തിലേക്ക് നീക്കിയിടും .
ഒരു കല്‍ക്കരി ക്കനം കൊണ്ട്
വെളുത്തു  പോകുന്ന പകലേ
എന്ന് കൂവാന്‍ തുടങ്ങുമ്പോള്‍
ഓര്‍മ്മയിലെത്തും
കോരികയും  കോരുകാരനും .
പച്ചയും ചുവപ്പും നാട്ടിയ
നീട്ടു വഴികളില്‍
തമ്മില്‍ തല്ലാതെ പാളങ്ങള്‍ .
ഉള്ളില്‍ തീ നിറച്ചവരൊക്കെയും
ഇറങ്ങിപ്പോകുന്നു .
 സീറ്റിനടിയി ലെ പൊതിയില്‍ നിന്ന്
തല നീട്ടുന്ന തീത്തിരികള്‍
എവിടെ വച്ചാണ് അവ
പൂമ്പാറ്റ കളാകുന്നത് ?
കരിഞ്ഞ പൂക്കളുടെ തേന്‍ ഉണ്ണുന്നവ .
തിരക്കിലും
ഒരു  തീവണ്ടി  നല്ല
ചരിത്രകാരനാണ്‌ .









Tuesday, February 19, 2013

കൊണവതി ..യാരം അഥവാ ഗുണവതി വിചാരം

  1. അവളാ പുഴ പോലൊരു പെണ്ണാണല്ലോ
    അവളാ കടല്‍ പോലൊരു കടലാണല്ലോ

    ആകാശം കാണുന്നേരം കണ്ണു പൊത്തും
    ആളില്ലാ വഴികളില്‍ നടക്കാത്തോള്
    കരിമാനം കണ്ടാലും പേടികൂടും
    തെളിമാനം കണ്ടാലും പേടി കൂടും
    അവളിന്നെവരെയന്തി കണ്ടിട്ടില്ല
    അവളെക്കുറി ച്ചൊന്നും കേട്ടിട്ടില്ല
    അവളാ ക്കിളിവാതില്‍ തുറന്നിട്ടില്ല
    തോണി നിലാവില്‍ തുഴഞ്ഞിട്ടില്ല
    ചന്രപ്പിറയൊത്ത നെറ്റിമേല്
    മര്യാദ ക്കുറി ഏഴും വരഞ്ഞിട്ടുണ്ട്
    അടിതൊട്ടു മുടിയോളം പൊതിഞ്ഞിട്ടുണ്ട്
    അനുവാദം ചോദിച്ചു ചിരിയ്ക്കുന്നുണ്ട്

    അവളാ വയല്‍ പോലൊരു വയലാണല്ലോ
    അവളാ മരം പോലൊരു മരമാണല്ലോ

    മാറത്തു കാറ്റെങ്ങാന്‍ കൈവച്ചാലും
    നാണിച്ചവളങ്ങു ചൂളിപ്പോകും
    കൈതയിരുള്‍ പെട്ടു മുറിഞ്ഞെന്നാലും
    മറുവാക്ക് പറയാത്ത പെണ്ണാണല്ലോ
    ഭൂമിയറിയാതെ നടക്കുന്നോള്
    ഭൂമാതിന്‍ മകളെന്നു ചെല്ലപ്പേര്

    എന്നിട്ടും ...
    എന്നിട്ടുമോളിങ്ങനെ കരയുന്നല്ലോ
    കണ്ണീരാല്‍ കുതിരുന്ന മണ്ണായല്ലോ

    അവളെങ്ങും തനിയെ പുറപ്പെട്ടില്ല
    അവളമ്മ വാക്കിനെ മറുത്തിട്ടില്ല
    അവളെങ്ങും തീണ്ടാ പ്പാടം തീണ്ടീട്ടില്ല
    ചൊല്ലുവിളിയുള്ള പെണ്ണാണല്ലോ
    അവളെങ്ങും ചോദ്യങ്ങള്‍ ചോദിച്ചില്ല
    അവള്‍ക്കൊട്ടറിയാനു മൊന്നുമില്ല

    എന്നിട്ടും ...........

    അവളാ നടവഴീല്‍ പിഞ്ഞിക്കീറി
    ചോരനാരായി ക്കിടക്കുന്നല്ലോ
    കൂമന്‍ കുറുനരി കാര്‍ന്നോമ്മാരും
    കുറ്റം തെളീക്കാന്‍ നടക്കുന്നല്ലോ

    അഴിഞ്ഞാടി നടക്കുന്ന തിള വെയില-----
    ന്നരുംകൊല കണ്ടതു പറഞ്ഞിട്ടും
    നേരും നെറീ മില്ലാ പെണ്ണായി
    അവളെ പനയോല പൊതിഞ്ഞു കെട്ടീ

    അതിലൊരു കടലിപ്പോള്‍
    ഇരമ്പുന്നുണ്ട്
    അതിലൊരു പുഴയിപ്പോള്‍
    കവിയുന്നുണ്ട്
    പോകുന്ന പോക്കിലാ കൈതക്കാടിന്‍
    അടിയോളം തീ വന്നു
    മൂടുന്നുണ്ട്‌
    അവളിങ്ങനെ വാക്കായി
    പൂത്തിട്ടാകും
    മിണ്ടാപൂവെല്ലാം മിണ്ടിപ്പോയി

    അനുവാദം ചോദിക്കാതവളിന്നത്തെ
    സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു
    അവളാ നിറമായി പടരുന്നല്ലോ
    അവളാ കടലായി നിറയുന്നല്ലോ .
    കാര്‍ന്നോമ്മാരും
    കുറ്റം തെളീക്കാന്‍ നടക്കുന്നല്ലോ

    അഴിഞ്ഞാടി നടക്കുന്ന തിള വെയില-----
    ന്നരുംകൊല കണ്ടതു പറഞ്ഞിട്ടും
    നേരും നെറീ മില്ലാ പെണ്ണായി
    അവളെ പനയോല പൊതിഞ്ഞു കെട്ടീ

    അതിലൊരു കടലിപ്പോള്‍
    ഇരമ്പുന്നുണ്ട്
    അതിലൊരു പുഴയിപ്പോള്‍
    കവിയുന്നുണ്ട്
    പോകുന്ന പോക്കിലാ കൈതക്കാടിന്‍
    അടിയോളം തീ വന്നു
    മൂടുന്നുണ്ട്‌
    അവളിങ്ങനെ വാക്കായി
    പൂത്തിട്ടാകും
    മിണ്ടാപൂവെല്ലാം മിണ്ടിപ്പോയി

    അനുവാദം ചോദിക്കാതവളിന്നത്തെ
    സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു
    അവളാ നിറമായി പടരുന്നല്ലോ
    അവളാ കടലായി നിറയുന്നല്ലോ 

Friday, January 11, 2013

കല്ലുകളുടെ മരണം

( ദി സ്ടോനിംഗ് ഓഫ് സോറായ എം -എന്ന സിനിമ  ഓര്‍ത്തു കൊണ്ട് .)


എന്റെ നെറുകയിലേക്ക്
ഒരു തീപ്പൂമ്പാറ്റ പോലെ നീ 
ഒളിച്ചു കടക്കുമ്പോള്‍
കുതിച്ചു ചാടിയ ചോരയുടെ ഉദ്യാനത്തില്‍
എന്റെ കുറ്റങ്ങള്‍ക്കൊപ്പം
നൃത്തം വയ്ക്കുകയായിരുന്നു ഞാന്‍ .
നീ വരുന്ന മൂളല്‍,മിന്നായം
ഒന്നിന് പിറകെ ഒന്നായി
ഇടം തേടാന്‍ എന്നില്‍ മത്സരിച്ചു .
കൂര്‍ത്ത നോക്കുള്ള ഒന്ന്
 കുഴഞ്ഞ കാല്‍ കൊണ്ട്
കണ്ണുകളുടെ ആഴം കുഴിക്കെ
ഞാന്‍
എന്റെ മുറിവുകള്‍ക്കൊപ്പം
വിലസാന്‍ തുടങ്ങിയിരുന്നു
അല്ലലില്ലാതെ ഭൂമിയുടെ
അടിവയര്‍ കുത്തിപ്പിളര്‍ക്കുന്ന
പ്രകാശ രശ്മികളുടെ കത്തികള്‍
അലകും പിടിയുമൂരി
സൂര്യനിലേക്കു തന്നെ വലി ച്ചെറി യുമ്പോള്‍
നീ വെറും കല്ലാണ് എന്നും
നിന്നില്‍ കുതിപ്പാകുന്നത്
എന്നില്‍ വരഞ്ഞിടപ്പെട്ട  പരാതികളെന്നും
വാനില്‍ എഴുതി വച്ച്
പതറിപ്പതറി ഒരു മഴവില്ല്
മാഞ്ഞു പോകുന്നത്  എന്‍റെ
ചോരയിഴകളില്‍ തങ്ങിവിറച്ചു .
പ്രണയത്തിന്റെ  ഞാവല്‍ നിറം 
കല്ലറകള്‍ക്കുമേല്‍ പ്രളയം വിതച്ചു .
പൊടിഞ്ഞു ചിതറിയ കല്ലുകള്‍
എനിക്ക് ചുറ്റും
ധൈര്യം ചോര്‍ന്നു മരിക്കുന്നത്
കണ്ണുകള്‍ നല്‍കുന്ന കനിവിലൂടെ
കാണുകയാണ് ഞാന്‍. 
വികാര രഹിതമായ  പ്രാര്‍ഥനാലയങ്ങളായി
മനുഷ്യര്‍
കല്ലുകളോട് കരുണ യാചിക്കുന്നു
അവയുടെ  ഖബറുകളില്‍ കാലുടക്കി
അവര്‍ എന്‍റെ മൂടുപടം ഏറ്റുവാങ്ങുന്നു
എനിക്ക് ചുറ്റും എത്ര കല്ലുകള്‍ !
എല്ലാം മരിച്ചവ .




 

Sunday, December 23, 2012

പെണ്‍കുഞ്ഞ് 2013




  • പൂക്കളുടെ ചോര തുപ്പി
    തീയാല്‍ ശ്വാസപ്പെട്ട്
    ഓരോ പുരുഷാകൃതിയി ലേക്കും
    അവള്‍ പെറ്റു വീഴും .

    ഭൂമി നിറയെ അവയുടെ കാടുകളാണ്

    പരവതാനിയിലെ സൂചി ത്തലപ്പുകള്‍
    മൂടി വ യ്ക്കപ്പെട്ട മൈനുകള്‍
    അവളെ മരിച്ചടയാളം ചൊല്ലാന്‍
    കുതറി നില്‍ക്കുന്ന ഉണര്‍ച്ചകള്‍

    പൊട്ടി യൊലിച്ച്
    നിലവിളി ച്ചാലില്‍
    ചിതറിയ പൂമ്പാറ്റ പോലെ
    അവള്‍
    ലോകത്തെ കണ്ടു കണ്ടങ്ങനെ കിടക്കും

    ലിംഗ വ്യവസായിയായ ഒരു
    ധര്‍മ്മ പുരുഷന്‍
    ക്ലാസ്സിക് കണ്ണീരിനെ
    അവളിലേക്ക്‌ ഊതിക്കയറ്റും

    ഇപ്പോള്‍
    നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത്
    പെണ്‍കുഞ്ഞ് 2013 ന്‍റെ
    അതി ശരീര ഭാഷ യാണ്

    അവള്‍ക്കായി
    ആരെങ്കിലും വയലിടങ്ങളിലെ
    പതം വന്ന മണ്ണില്‍
    സ്നേഹം നടും വരെ
    പകര്‍ത്തപ്പെടുന്ന ഇന്നിന്‍റെ ലിപി .