Sunday, December 23, 2012

പെണ്‍കുഞ്ഞ് 2013
 • പൂക്കളുടെ ചോര തുപ്പി
  തീയാല്‍ ശ്വാസപ്പെട്ട്
  ഓരോ പുരുഷാകൃതിയി ലേക്കും
  അവള്‍ പെറ്റു വീഴും .

  ഭൂമി നിറയെ അവയുടെ കാടുകളാണ്

  പരവതാനിയിലെ സൂചി ത്തലപ്പുകള്‍
  മൂടി വ യ്ക്കപ്പെട്ട മൈനുകള്‍
  അവളെ മരിച്ചടയാളം ചൊല്ലാന്‍
  കുതറി നില്‍ക്കുന്ന ഉണര്‍ച്ചകള്‍

  പൊട്ടി യൊലിച്ച്
  നിലവിളി ച്ചാലില്‍
  ചിതറിയ പൂമ്പാറ്റ പോലെ
  അവള്‍
  ലോകത്തെ കണ്ടു കണ്ടങ്ങനെ കിടക്കും

  ലിംഗ വ്യവസായിയായ ഒരു
  ധര്‍മ്മ പുരുഷന്‍
  ക്ലാസ്സിക് കണ്ണീരിനെ
  അവളിലേക്ക്‌ ഊതിക്കയറ്റും

  ഇപ്പോള്‍
  നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത്
  പെണ്‍കുഞ്ഞ് 2013 ന്‍റെ
  അതി ശരീര ഭാഷ യാണ്

  അവള്‍ക്കായി
  ആരെങ്കിലും വയലിടങ്ങളിലെ
  പതം വന്ന മണ്ണില്‍
  സ്നേഹം നടും വരെ
  പകര്‍ത്തപ്പെടുന്ന ഇന്നിന്‍റെ ലിപി .


Wednesday, December 19, 2012

കല്ലിന്റിടുക്കിലെ ഞണ്ടേ

 1. കല്ലിന്റിടുക്കിലെ ഞണ്ടേ
  കല്യാണത്തിനു പോകണ്ടേ "?

  കൈ പിടിച്ചേതോ ചാത്തനന്തി -
  ച്ചാവേറായിന്നു, കണ്ടുവോ നീ ?
  കോലോത്തു കാഴ്ചക്കു പണ്ടമായി
  കോലവും കെട്ടിയിരിപ്പൂ താത്രി .

  ആനയ്ക്കെടുപ്പോളം പൊന്നു വേണം
  ആളുമമ്പാരിയും കൂടെവേണം
  ആയിരം കണ്ടങ്ങള്‍ വേറെ വേണം
  അച്ചാരം വച്ചല്ലോ കല്യാണം -

  ആ സ്വപ്ന രാശി യെ കാണാതെ
  അല്ലിന്റെയുള്ളിലെ സ്നേഹത്തെ
  പെണ്കൊടി തന്നെ വീണ്ടെടുത്തു
  ഇഷ്ടത്തെ യങ്ങനെ കണ്ടെടുത്തു.
  ജാതി മതത്തോടിരക്കാതെ
  അവരാ സ്നേഹ ത്തിര മുറിച്ചു .

  ഓര്‍ക്കുന്നോ ഞണ്ടേ നീയന്നത്തെ
  രാവും കലമ്പലും കൊള്ളി വയ്പ്പും
  നീയിറങ്ങുന്ന നേരത്തല്ലോ
  പേടിക്കുടലായി വന്നു താത്രി .

  രാവു പണി ഞ്ഞൊരു കാതല്‍ പോലെ
  ചെക്കനിങ്ങെപ്പുറം ചാളയിന്മേല്‍
  ചെന്ന് തല ചായ്ക്കാനൊട്ടൊരുങ്ങെ
  ഞെട്ടറ്റു മുന്നിലായ് ചെമ്പകപ്പൂ .

  നെഞ്ചു പിടച്ചവള്‍ കൈ പിടിച്ചു
  "ചാത്തനു കൂട്ടിനി ഞാന്‍ തന്നെ "
  മിന്നല്‍ മുഖത്തേക്കു വീണ പോലെ
  ഞെട്ടിയാ മണ്ണിന്‍റെ കൂട്ടുകാരന്‍

  മൈന ക്കിളിയുടെ കണ്ണില്‍ നോക്കി
  മെല്ലെ മൊഴിഞ്ഞാ മിടുക്കത്തി
  തീണ്ടലും ചൂണ്ടലുമില്ലാത്ത
  ലോകം പണിയുവാന്‍ നമ്മള്‍ പോരും.
  .
  കല്ലിന്റിടുക്കിലെ തള്ള ഞണ്ടേ കഥ
  കണ്ണ് നിറഞ്ഞന്നു കേട്ടുവോ നീ ?

  കല്ലിന്റിടുക്കിലെ ഞണ്ടേ യിന്നും
  കല്യാണം കൂടാന്‍ പോകുന്നോ ?

  മിന്നും നിലാവല പോലൊരുത്തി
  മിന്നിച്ച സ്നേഹ വെളിച്ചത്തില്‍
  അവരൊന്നിച്ച ക്കൂര മേയാനായ്
  ഇപ്പം പുറപ്പെടും തള്ള ഞണ്ടേ .
  .
  അയ്യോ നീയേറെ വൈകിയല്ലോ
  ചാത്തന ച്ചാവേറു തന്നെയായി.
  ജാതി മുഴത്തിന്‍ കയറിനുള്ളില്‍
  അവനതാ മരണമായ മാറുന്നു .

  അമ്പിളി കണ്ണീരൊതുക്കത്തില്‍
  പുത്തനാം താലി പണിയുന്നു
  താത്രിയെ യാചാര ക്കൂടിനുള്ളില്‍
  താഴിട്ടു കാലം പൂട്ടുന്നു .

  ഏണും മുഴയുമായ് ശില്‍പ്പി തന്ത്രം
  ഏറെ പ്പിഴവുറ്റ ജീവിതത്തില്‍
  കവി യന്നു പാടി പ്പതിപ്പിച്ചു
  പുത്തനാം ചരിതം, മുറിയാതെ .

  അക്കഥ പാടെ മറന്നിട്ടാ
  ജാതി ബോധത്തിന്‍ ചുടുകാട്ടില്‍
  അറുകൊല ചെയ്യാനൊരുങ്ങി നില്‍ക്കും
  മാനവനെന്താണോ നീതി ബോധം?

  കല്ലിന്റിടുക്കിലെ കള്ള ഞണ്ടേ ,യിനി
  ജാതിയില്‍ നീയെന്ത് ?ചൊല്ലാമോ ?