Tuesday, December 28, 2010

പോപ്ലാര്‍ മരങ്ങളില്‍ ക്രിസ്തുമസ്  ചായുമ്പോള്‍
....പ്രാര്‍ഥനകള്‍ ഏറ്റു ചൊല്ലാനാവാതെ അവ മിഴിയടയ്കും.
നീട്ടിയ കാസയിലെ ചുവന്ന തുളു മ്പലുകള്‍
വേരുകളെ  തൊടുമ്പോള്‍ ...
ഇലകളുടെ  തൊട്ടിലായങ്ങളില്‍
അമ്മമാരുടെ  ആധി എഴുതി വയ്ക്കും .
ചില്ലകളുടെ  രക്തമൊഴുക്കി നക്ഷത്രത്തിനു
വഴി കാട്ടും ....
എല്ലാ പകലിനും വിരല്‍ മുറിച്ചു നല്‍കും .
ഉള്‍ ത്തടത്തില്‍ വീട് പണിത്....
മെലിഞ്ഞ ജനാലകള്‍ നാട്ടി
വാതിലിന്റെ  എടുപ്പുയരത്തില്‍
വളര്‍ത്തു ചെടി നട്ട്....
പോപ്ലാര്‍ മരങ്ങള്‍ ക്രിസ്മസ്സിനെ ചുംബിക്കുമ്പോള്‍ ...
ദേശ കാലങ്ങളില്ലാതെ ..നമ്മള്‍  ഉയിര്‍ ത്തെഴുന്നേ ല്‍ക്കും
അടിമയും ഉടമയും അല്ലാത്തവരായി.

Friday, December 24, 2010

തൂക്കിക്കൊലയുടെ തലേന്ന്
അവര്‍ നല്‍കിയത്
സമീകൃതാഹാരം.
ഇറാക്കിലെ നനഞ്ഞു നാറുന്ന അടുക്കളകള്‍ ഓര്‍ത്ത്
അവനതു നിരസിച്ചു
രാവിലെ,കുളിക്കാന്‍
വാസനസോപ്പും
തൊട്ടു പ്രാര്‍ഥിക്കാന്‍
ഖുറാനും നല്‍കി .
ഒന്നില്‍ ശ രീരവും
മറ്റേതില്‍ ആത്മാവും മണത്തു .
കുടുക്ക്   ഉരഞ്ഞു   മുറുകവേ
മുഴുവനിലും തന്നെ  ചേര്‍ത്ത്‌
അവന്‍ ഉയിരു വെടിഞ്ഞില്ല.
കൊടുംകാറ്റു പോലെ ശ്വാസവും
കൊള്ളിമീന്‍ പോലെ കാഴ്ചയും
ബാക്കിവച്ചു.
അതുകൊണ്ട്  നമ്മള്‍ അവനെ
കണ്ണീരിന്റെ തിളപ്പോടെ
രക്തസാക്ഷി എന്നു വിളിക്കുന്നു.

Sunday, December 19, 2010

മിഴാവിനോട്

മിഴാവേ ..നീ ഉറങ്ങിക്കളയരുത്
മുയല്‍ ചെവികളാട്ടി ഒരു കാറ്റ്
തെങ്ങോല തുമ്പില്‍ നിന്നും വീഴുമ്പോള്‍
സ്വപ്നത്തില്‍ ഒരു പൂവ് ഞെട്ടി ക്കിതയ്കുമ്പോള്‍
മഴ നനഞ്ഞ വീട് പനിച്ചു വിറയ്ക്കുമ്പോള്‍
വെളുത്ത പുലച്ചി വഴി തെറ്റിയെന്നു കേള്‍ക്കുമ്പോള്‍
വായ്ത്താരി പഠിച്ച തത്ത വാളെടുക്കുംപോള്‍
ഏട്ടിലെ പുല്ലു മാത്രം തിന്ന പശു 
കൊളസ്ട്രോള്‍ ഹൃദയത്തിലേക്ക് പാല്‍ ഒഴുക്കുമ്പോള്‍
ഭൂപടം ആരോ ചെത്തി വെടിപ്പാക്കുമ്പോള്‍
മിഴാവേ ..നീ ഉറങ്ങിപ്പോകരുത് .
ഉറക്കം വന്നാല്‍ അരങ്ങില്‍ക്കയറി
നീയും നൃത്തം വച്ചോളു
തുള്ളല്‍...തുള്ളലായത് നിന്‍റെ മിടുക്കിലെന്നു
വേറെ ചരിത്രം  പറയും .!

Wednesday, December 15, 2010

ധ്രുവങ്ങളില്‍ നിന്ന് മഞ്ഞുരുകുമ്പോള്‍
ഇസഡോര,,യുടെ പാവാട ചുരുളുകളില്‍
സംഗീതം നൃത്തമെഴുതും പോലെ
നമ്മള്‍ ആഹ്ലാദത്തില്‍ വേവലാതിപ്പെട്ടു തുടങ്ങും .
അപ്പോള്‍ ..ഒരു മരം ചില്ല തരും
ഒരു പൂവ് കൂട് തരും
ജല കണങ്ങളെ മേഘങ്ങള്‍ പൊതിയും
പിരിയുവാനാകാത്ത അകലത്തില്‍ നിന്ന്
നമ്മള്‍ പറയുന്നതത്രയും
കടല്‍ നീലമാകും ...
തിര ത്തിളക്ക ങ്ങളില്‍  തീമഞ്ഞു പോലെ നമ്മള്‍ ...

Saturday, December 4, 2010

മലയാളവും ഇംഗ്ലീഷും
ഒരേ ബഞ്ചിലിരുന്നു  പഠിച്ചു
ഇട വേളകളില്‍  അവര്‍ കഴുത്തില്‍
ടൈ മുറുക്കി ക്കളിച്ചു .
ശ്വാസം മുട്ടിപ്പിടഞ്ഞു .
ക്രിട്ടിക്കല്‍ പെടഗോജിയുടെ കലാവിരുത്  ...
അറിവ് നിര്‍മ്മിതിയുടെ അകം പൊരുള്‍
സ്നേഹാകാശ ങ്ങളുടെ  ക്ലാസ് മുറികള്‍ ..
കണക്കും കവിതയും കൈകോര്‍ത്ത്
വിരുന്നു വരുന്ന പള്ളിക്കൂടങ്ങള്‍..
ഇതൊന്നും കാണാതെ.. ഇംഗ്ലീഷ്  മൂക്ക് പിഴിഞ്ഞു.
മലയാളം മന്ത് കാലിഴച്ചു
അങ്ങനെയും ഒരിടം
ഒരിന്ഗ്ലീഷ്  മീഡിയം.
ഒരു നാലാം ക്ലാസ് കാരി യുടെ
പിണക്കക്കവിത .....
എനിക്ക് ഇംഗ്ലീഷും മലയാളവും വേണം
അവരെന്നാണ് നല്ല ക്ലാസ്മേട്സ് ആവുക...