Sunday, January 30, 2011

സങ്കീര്‍ത്തനം

അവന്‍.....
തിരകളെ  സമുദ്രമെന്നപോലെ 
എന്നെ കൈകളില്‍ എടുത്ത്
മുന്തിരിപ്പാടത്തെക്ക്കൊണ്ട്  പോയി
അതിരാവിലെ ...
മുന്തിരി പ്പഴങ്ങളില്‍ തട്ടി സൂര്യ രശ്മി കള്‍
സ്വയം കുലച്ചു നിവരുന്നത്‌ കാണാമായിരുന്നു
ഇരുണ്ടതും മെല്ലിച്ചതും രോമാവൃതവുമായ
അവന്‍റെ കൈകളില്‍
ഞാന്‍ അപ്പോള്‍ തളിര്‍ത്ത മുന്തിരി വള്ളിയായി .
അവിടെ വച്ച് സ്നേഹം പകുക്കുവാനുള്ള
ഞങ്ങളുടെ ആഗ്രഹത്തെ മറച്ചു കൊണ്ട്
വിഷാദ ഭരിതമായ നോട്ടത്തോടെ
പാല്‍ക്കുടം തലയിലേറ്റിയ യാത്രക്കാരി കടന്നു പോയി .
എന്നിട്ടും   കാമരൂപികളുടെ സങ്കീര്‍ത്തനങ്ങളായി
നിശ്വാസങ്ങള്‍  ഞങ്ങളോടു ഹൃദയം ചോദിച്ചു . 
ആകാശ ത്തിന്‍ നഗ്നതയും
ഭൂമിയുടെ പശ്ചാത്തലവും
വെറുക്കുന്നവരെ ഉപേക്ഷിച്ചു
ഞങ്ങള്‍ ആ പുരാതനമായ യുദ്ധ ത്തിന്‍റെ
നിണമണി യാന്‍  തുടങ്ങിയിരുന്നു
അങ്ങനെയാകയാല്‍ ...അന്ത്യ വിധിയുടെ
നാളുകള്‍ ഞങ്ങളെ തേടിയെത്തി .
അന്നേരം മുന്തിരിപ്പാടങ്ങളെ
കാറ്റുപറത്തിക്കൊണ്ടു പോകുമെന്നവന്‍ പറഞ്ഞു
മുന്തിരി വള്ളികളുടെ നിഴലുകളില്‍ നിന്ന്
എന്നെ വാരിയെടുത്ത്
ജീവന്‍റെ പാടത്തേക്കു വീശി വിതക്കെ
മൂന്നാം നാള്‍ ഉയിര്‍ക്കും നമ്മളെന്നു മന്ത്രിച്ചു ..
ആയതിനാല്‍
ഞങ്ങളിപ്പോള്‍ ക്ഷമയോടെ
സ്നേഹത്തിന്‍റെ പുലരികളായി
പിടഞ്ഞ്‌ ഉണരുന്നു ....




Wednesday, January 26, 2011

ശ ത്രു

കടല്‍ മുട്ട കൊത്തിപ്പറന്നു വന്നത്
വലിയ ഒരു കാക്കയാണ് .
കണ്ണാടി ക്കൊക്കും
കപ്പല്പ്പായ ചിറകുകളുമുള്ള
അതു
കടല്മുട്ട കൊത്തിക്കുടഞ്ഞു
കാക്കേ ..കാക്കേ
അതു വലിയ നെയ്യപ്പം
കുട്ടികള്‍ കൂകിയാര്‍ ത്തു
അല്ല
ഇത് വെളുത്ത കോഴികുഞ്ഞാണ്
കണ്ടില്ലേ നഖങ്ങള്‍ ആഴ്ത്തുമ്പോള്‍
പിടഞ്ഞു കുറുകുന്നത്
കുട്ടികള്‍ കളിയാക്കി
കള്ളക്കാക്ക കാവതികാക്ക
കാക്കയ്കു കലി വന്നു
കോഴികുഞ്ഞിനും
കടല്‍മുട്ടക്കും
നെയ്യപ്പത്തിനുമിടയില്‍
ഒരു പ്രാദേശിക കലാപം .
ഒടുവിലെ കുട്ടിയും മരിച്ചു വീഴും വരെ
അതു തുടര്‍ന്നു.

Sunday, January 23, 2011

വാക്ക്

വരാന്തയിലൂടെ ഒരു വാക്ക്
ഇരിപ്പിടം കിട്ടാതെ അലഞ്ഞു .
അച്ഛനുപേക്ഷിച്ച ചാരുകസേര
അതിനെ ചവിട്ടി ത്തെ റിപ്പിച്ചു
അമ്മയുടെ വറചട്ടിയില്‍
അതു ശ്വാസം മുട്ടി പ്പിടഞ്ഞു .
പാഴായി നിന്ന എന്നെ ഒന്ന് നോക്കി
അതു പിടഞ്ഞു പുറത്തേക്ക് തെറിച്ചു .
അരപ്പട്ടയില്ലാത്ത മീന്‍ കാരനിലും
അഭിസാരികയുടെ സൂക്ഷിക്കാത്ത കണക്കിലും
അതു പെരുകിയിട്ടുണ്ടാവും .
ദീനമായ ഒരു മഴയില്‍ വാക്ക് വീണ്ടും വന്നു .
സ്വപ്നങ്ങളുടെ നെയ്ത്ത് ശാലയിലേക്ക്‌
നിലാത്തിരികളുടെ  യാത്ര ..
 

നിധി

പുള്ളിക്കുത്തുള്ള  പാവാടയ്കകത്ത്
അവള്‍ ഞെങ്ങിക്കുത്തി നിറഞ്ഞു .
പരതി വാരിയ ചോറില്‍ പാതി നിറഞ്ഞു
പടി കടക്കവേ
അടുക്കി ക്കെട്ടിയ മുല്ലയില്‍ നിന്നും
കരുതി വച്ച പോലൊരു മണം
കണ്ണു കലങ്ങിയും കവിളു നനച്ചും
കണ്ണാടി നോക്കി .
ഫീസ്‌ ... ചുരിദാര്‍ ... സിനിമ ..
................................................
രാത്രി ഉറങ്ങുമ്പോള്‍ അമ്മ കണ്ടു
നഷ്ട്ടപ്പെട്ടു പോയ അവളുടെ
ഒറ്റക്കൊലുസിന്റെ  സ്ഥാനത്ത്
പടര്‍ന്നു കയറുന്ന  ഒരു  സര്‍പ്പ ദംശ നം ....

വിധി

ചന്നം പിന്നം മഴ പെയ്യും നേരത്ത്
തൊടിയിലെ കവുങ്ങില്‍ നിന്നൊരു
കൂമ്പാള താഴേക്കു വീണ പോലെ
നേര്‍ത്തൊരു ഒച്ചയില്‍ അവള്‍ അവസാനിച്ചു .
ഓര്‍മ്മകളുടെ പരാതിയിന്‍ മേല്‍
കേസെടുക്കാന്‍ ചെന്നപ്പോഴാണ്
തെളിവുകള്‍ കുഴിമാടത്തില്‍
എണീറ്റ്‌ നടക്കുന്നത് കണ്ടത്
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നു
പറയാനാവാതെ
അവര്‍ വിഷമിപ്പിച്ചു കളഞ്ഞു
അനുഭവങ്ങളുടെ നാരായത്താല്‍
നൂറ്റൊന്നു തവണ നാവിലെഴുതാന്‍ ശിക്ഷ .
ജനനമെന്നും മരണമെന്നുമെഴുതിയപ്പോള്‍
'ജീവിതം'ഒബ്ജെക്ഷന്‍ വിളിച്ചു.
കവിതയെന്നും കല്യാണമെന്നും എഴുതിയപ്പോള്‍
ഓവര്‍ റൂള്‍ ടെന്നു  ജഡ്ജി
തെളിവുകള്‍ ജയിച്ചപ്പോള്‍
മരണ ശി ക്ഷയായി  കിട്ടിയത്
ജീവിതത്തിനു മേല്‍ ഒരു
കീറിത്തുന്നിയ ശ വക്കച്ച
 ,.


Saturday, January 15, 2011

പുലരി

മകര മഞ്ഞിനോടൊപ്പം
നടന്നുപോയ അവരുടെ കാലടികളില്‍
പുലരി പതിപ്പിച്ച മഞ്ചാടി മണികള്‍
ചോര ത്തുള്ളികളായി
മഴയുടെ വര്‍ത്തമാനങ്ങളില്‍
അവന്‍റെ വാക്കുകള്‍ ...
അവയ്ക്ക് പുലരിക്കാറ്റിന്റെ ഈണം
പാടം പൂത്ത മണവും
............................
മല്ലി ക്കൊഴുന്തായി
ഭൂമിയുടെ മാറില്‍ 
അവള്‍ 
ഉലര്‍ന്നു മറിയുമ്പോള്‍
അവന്‍ സ്വപ്നങ്ങളുടെ   ഹൃദയത്തില്‍
നട്ടു പോകുന്നു
ഒരു നീല തുളസി യുടെ കതിര് ..

യാത്ര

കാട് കണ്ണു കെട്ടുമെന്നും 
പുലി വരുമെന്നും
പുഴ പെരുകുമെന്നും
അമ്മ ചൊല്ലി അയച്ചതാണ്
നോക്കണേ ..കാത്തോണേ എന്നു
കണ്‍ മറയുവോളം
കര്‍പ്പൂരം പോലെ ജ്വലിച്ചതാണ്.
വരണ്ടാന്നു പറഞ്ഞിട്ടും
യാചനകളുടെ നിലവിളികളില്‍
അമ്മ കൂട്ട് പോന്നു
മരണത്തിന്‍റെ മഞ്ഞിന്
അല്ലെങ്കില്‍  അമ്മയുടെ ചൂടെങ്ങനെ
എന്നിട്ടും
ജഡങ്ങളില്‍ ഏക മകന്‍റെ മുഖം പരതുമ്പോഴും
അമ്മ വിശ്വസിക്കുന്നില്ല
ഒരിടത്തും ദൈവങ്ങള്‍ക്ക്
കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് ...
അതുകൊണ്ടാവും അമ്മ
കൂടെക്കൂടെ
നെഞ്ഞത്ത് കൈ വച്ചു
കണ്ണ്‌ അടയ്ക്കുന്നത് ...

.

Monday, January 10, 2011

 പെറ്റ വയറേ...                                                     
പൊക്കിള്‍ക്കൊടി വലിച്ചിഴച്ച്
അവള്‍ ഊര്‍ന്നു താണ തോര്‍ ത്ത് ...
നീയിപ്പോഴും ഞെട്ടുന്നോ...
ആ കുഞ്ഞിത്തല ഭൂമി തൊട്ടപ്പോള്‍
അവിടം വിറകൊണ്ടതോര്‍ക്കുന്നോ ..
അവളൂതി വിട്ട ജീവന്‍റെ ചൂടില്‍
ഞാനും നീയും തണുപ്പ് മാറ്റിയതോ ..
വഴുക്കുന്ന ഉടലുമായി അവളെന്‍റെ
മരുന്ന് മണമുള്ള ദേഹത്തോട് വഴക്കിട്ടു ...
പെറ്റ വയറേ ...
നീ നിന്നിലേക്ക്‌ ചുരുങ്ങി
എന്നെ അവളുടെ പാട്ടിനു വിട്ടു.
ബയനട്ടുകള്‍ ബഹളം വച്ചു വീട്ടുമുറ്റങ്ങളില്‍ എത്തിയപ്പോള്‍
അവള്‍ നിന്നെയും എന്നെയും മറന്നു .
.പൂമ്പാറ്റകളെ കൊല്ലാതിരിക്കാന്‍
പൂക്കളെ  മുറിക്കുന്നവരെ
ചെടിയില്‍ നിന്ന് തുരത്തി.
....അവള്‍ ഇറോം ശ ര്‍മ്മിള
ഞാന്‍  അമ്മ സഖീദേവി
ഇനിയും മുറിച്ചു മാറ്റാത്ത റബ്ബറിന്‍റെ
പൊക്കിള്‍ കൊടിയിലൂടെ  ജീവനെ പരതി അവള്‍ ...
അവള്‍ക്കു നല്‍കാന്‍ ഒരു രുള ചോറുമായി
ഞാന്‍ പടിക്കല്‍ കാവലുണ്ട്
പെറ്റ വയറേ..തുടിച്ചു കാട്ട് ....
സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശ മാണ്.
      

Sunday, January 9, 2011

                    വാസനത്തൈല ത്തില്‍  നനഞ്ഞു കുതിര്‍ന്ന തലമുടിയാല്‍  അവള്‍
അയാളുടെ പാദങ്ങളെ തുടച്ചു .
അനേകം പേരുടെ ചുംബനങ്ങള്‍ ഏറ്റു ചതഞ്ഞ ചുണ്ടുകള്‍ കൊണ്ട്
അവയെ ഉമ്മ വച്ചു .
വരണ്ട കിണര്‍ പോലെയുള്ള കണ്ണുകളില്‍ നിന്ന്
കണ്ണീരിന്റെ  അരുവിയെ കണ്ടെടുത്തു .
അതില്‍  അയാളുടെ തിരുവസ്ത്രം കഴുകുകയും
മുങ്ങി നിവരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു
ലോകമുണ്ടായ കാലം മുതല്‍ക്കേ ...
അവള്‍ മറിയവും അയാള്‍ യേശു വും അല്ലാത്തതിനാല്‍
ഇടപാടുകളില്‍ അവര്‍ക്ക് ദൈവഭയം   ഉണ്ടായില്ല.

Saturday, January 8, 2011

മയില്‍പ്പീലികള്‍
ഉടുത്തൊരുങ്ങി
പുസ്തക ത്താളിനകത്ത്
മാനം കാണാതെ ...
ഉള്ളില്‍ കവിത തോന്നിയ  ഒന്ന്
വെളിച്ചത്തിലേക്ക് വിരിഞ്ഞു .
...........ഒടുവില്‍
മഴക്കാറിന്റെ നെഞ്ചിലെ മഴവില്ലായി
മാനത്ത് തെളിഞ്ഞപ്പോള്‍
ഭൂമിയില്‍ തുടങ്ങി
ഒരു രാഷ്ട്രീയ ഗൂഡാലോചന.

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...