Tuesday, December 28, 2010

പോപ്ലാര്‍ മരങ്ങളില്‍ ക്രിസ്തുമസ്  ചായുമ്പോള്‍
....പ്രാര്‍ഥനകള്‍ ഏറ്റു ചൊല്ലാനാവാതെ അവ മിഴിയടയ്കും.
നീട്ടിയ കാസയിലെ ചുവന്ന തുളു മ്പലുകള്‍
വേരുകളെ  തൊടുമ്പോള്‍ ...
ഇലകളുടെ  തൊട്ടിലായങ്ങളില്‍
അമ്മമാരുടെ  ആധി എഴുതി വയ്ക്കും .
ചില്ലകളുടെ  രക്തമൊഴുക്കി നക്ഷത്രത്തിനു
വഴി കാട്ടും ....
എല്ലാ പകലിനും വിരല്‍ മുറിച്ചു നല്‍കും .
ഉള്‍ ത്തടത്തില്‍ വീട് പണിത്....
മെലിഞ്ഞ ജനാലകള്‍ നാട്ടി
വാതിലിന്റെ  എടുപ്പുയരത്തില്‍
വളര്‍ത്തു ചെടി നട്ട്....
പോപ്ലാര്‍ മരങ്ങള്‍ ക്രിസ്മസ്സിനെ ചുംബിക്കുമ്പോള്‍ ...
ദേശ കാലങ്ങളില്ലാതെ ..നമ്മള്‍  ഉയിര്‍ ത്തെഴുന്നേ ല്‍ക്കും
അടിമയും ഉടമയും അല്ലാത്തവരായി.

Friday, December 24, 2010

തൂക്കിക്കൊലയുടെ തലേന്ന്
അവര്‍ നല്‍കിയത്
സമീകൃതാഹാരം.
ഇറാക്കിലെ നനഞ്ഞു നാറുന്ന അടുക്കളകള്‍ ഓര്‍ത്ത്
അവനതു നിരസിച്ചു
രാവിലെ,കുളിക്കാന്‍
വാസനസോപ്പും
തൊട്ടു പ്രാര്‍ഥിക്കാന്‍
ഖുറാനും നല്‍കി .
ഒന്നില്‍ ശ രീരവും
മറ്റേതില്‍ ആത്മാവും മണത്തു .
കുടുക്ക്   ഉരഞ്ഞു   മുറുകവേ
മുഴുവനിലും തന്നെ  ചേര്‍ത്ത്‌
അവന്‍ ഉയിരു വെടിഞ്ഞില്ല.
കൊടുംകാറ്റു പോലെ ശ്വാസവും
കൊള്ളിമീന്‍ പോലെ കാഴ്ചയും
ബാക്കിവച്ചു.
അതുകൊണ്ട്  നമ്മള്‍ അവനെ
കണ്ണീരിന്റെ തിളപ്പോടെ
രക്തസാക്ഷി എന്നു വിളിക്കുന്നു.

Sunday, December 19, 2010

മിഴാവിനോട്

മിഴാവേ ..നീ ഉറങ്ങിക്കളയരുത്
മുയല്‍ ചെവികളാട്ടി ഒരു കാറ്റ്
തെങ്ങോല തുമ്പില്‍ നിന്നും വീഴുമ്പോള്‍
സ്വപ്നത്തില്‍ ഒരു പൂവ് ഞെട്ടി ക്കിതയ്കുമ്പോള്‍
മഴ നനഞ്ഞ വീട് പനിച്ചു വിറയ്ക്കുമ്പോള്‍
വെളുത്ത പുലച്ചി വഴി തെറ്റിയെന്നു കേള്‍ക്കുമ്പോള്‍
വായ്ത്താരി പഠിച്ച തത്ത വാളെടുക്കുംപോള്‍
ഏട്ടിലെ പുല്ലു മാത്രം തിന്ന പശു 
കൊളസ്ട്രോള്‍ ഹൃദയത്തിലേക്ക് പാല്‍ ഒഴുക്കുമ്പോള്‍
ഭൂപടം ആരോ ചെത്തി വെടിപ്പാക്കുമ്പോള്‍
മിഴാവേ ..നീ ഉറങ്ങിപ്പോകരുത് .
ഉറക്കം വന്നാല്‍ അരങ്ങില്‍ക്കയറി
നീയും നൃത്തം വച്ചോളു
തുള്ളല്‍...തുള്ളലായത് നിന്‍റെ മിടുക്കിലെന്നു
വേറെ ചരിത്രം  പറയും .!

Wednesday, December 15, 2010

ധ്രുവങ്ങളില്‍ നിന്ന് മഞ്ഞുരുകുമ്പോള്‍
ഇസഡോര,,യുടെ പാവാട ചുരുളുകളില്‍
സംഗീതം നൃത്തമെഴുതും പോലെ
നമ്മള്‍ ആഹ്ലാദത്തില്‍ വേവലാതിപ്പെട്ടു തുടങ്ങും .
അപ്പോള്‍ ..ഒരു മരം ചില്ല തരും
ഒരു പൂവ് കൂട് തരും
ജല കണങ്ങളെ മേഘങ്ങള്‍ പൊതിയും
പിരിയുവാനാകാത്ത അകലത്തില്‍ നിന്ന്
നമ്മള്‍ പറയുന്നതത്രയും
കടല്‍ നീലമാകും ...
തിര ത്തിളക്ക ങ്ങളില്‍  തീമഞ്ഞു പോലെ നമ്മള്‍ ...

Saturday, December 4, 2010

മലയാളവും ഇംഗ്ലീഷും
ഒരേ ബഞ്ചിലിരുന്നു  പഠിച്ചു
ഇട വേളകളില്‍  അവര്‍ കഴുത്തില്‍
ടൈ മുറുക്കി ക്കളിച്ചു .
ശ്വാസം മുട്ടിപ്പിടഞ്ഞു .
ക്രിട്ടിക്കല്‍ പെടഗോജിയുടെ കലാവിരുത്  ...
അറിവ് നിര്‍മ്മിതിയുടെ അകം പൊരുള്‍
സ്നേഹാകാശ ങ്ങളുടെ  ക്ലാസ് മുറികള്‍ ..
കണക്കും കവിതയും കൈകോര്‍ത്ത്
വിരുന്നു വരുന്ന പള്ളിക്കൂടങ്ങള്‍..
ഇതൊന്നും കാണാതെ.. ഇംഗ്ലീഷ്  മൂക്ക് പിഴിഞ്ഞു.
മലയാളം മന്ത് കാലിഴച്ചു
അങ്ങനെയും ഒരിടം
ഒരിന്ഗ്ലീഷ്  മീഡിയം.
ഒരു നാലാം ക്ലാസ് കാരി യുടെ
പിണക്കക്കവിത .....
എനിക്ക് ഇംഗ്ലീഷും മലയാളവും വേണം
അവരെന്നാണ് നല്ല ക്ലാസ്മേട്സ് ആവുക...

Sunday, November 28, 2010

താരാട്ട്‌

ഉറുമ്പേ ...കടിക്കല്ലേ
പേനെ ...കടിക്കല്ലേ
തങ്കക്കട്ടീ ..പൊന്നുംകുടമേ
ആരിരാരോ ...ആരിരാരോ
വയലും രാവും താണ്ടി ഒരു താരാട്ട്
ഇഴഞ്ഞു വരുന്നുണ്ട്
അത് കുന്നു കയറി കാണാ മറയത്തു ...
തുണിച്ചുരുളില്‍ താരാട്ടിന്‍റെ തല
ഒളിച്ചു കടന്നത്‌ കണ്ടവരുണ്ട്
.....................................................
ഇന്ന് രാവിലെ പോലിസ് വണ്ടിയില്‍
അവളെ  കണ്ടു
മൂക്കിലെ റബ്ബര്‍ ക്കുഴലില്‍ അമ്മ ചത്തു കിടന്നു .
തളര്‍ന്നിട്ടും വിടര്‍ന്ന കണ്ണില്‍
മനുഷ്യര്‍ ചത്തു കിടന്നു ,
പേനും ഉറുമ്പും വേദനിപ്പിക്കാതെ
കുറുമ്പ് കാട്ടുമ്പോള്‍
അവള്‍ ഊറി ചിരിച്ചു.
ഒരു സ്പൂണ്‍ പാല് തൊണ്ട വഴി
യാത്ര പോയപ്പോള്‍
താരാട്ട് കണ്ണാടി പൊട്ടിച്ചു ഐ  .സി .യു  വില്‍ കയറി .
പുതിയ വീട്ടില്‍ കൂട്ട് പോകാന്‍ കൂടെ ക്കേറി .
മണി ക്കുഞ്ഞേ  ..വായൊന്നു തുറന്നാല്‍
നീ പറഞ്ഞോണം
മരിച്ചവര്‍ക്കാ ണ് താരാട്ട് നല്ലതെന്ന് .

Friday, November 19, 2010

പ്രിയനേ ...
ആകാശം ഒരു നിലാപ്പാല യാണെന്നും
നീയതില്‍ പൂക്കളായ് കിലുങ്ങുമെന്നും ഞാന്‍ ...
തെളിവെന്തെന്നു ..ഭൂമി
മരങ്ങള്‍ ...കിളികള്‍ ...
പാതിരാവുകളില്‍
അരമണി കള്‍  പാടുന്നതും
തൂക്കു വിളക്കിന്‍റെ തിരികളില്‍
രണ്ടു കണ്ണുകള്‍ മിന്നുന്നതും
രാ വെളുക്കുമ്പോള്‍  
മുറിവ് പറ്റാതെ മുല്ലമാല
മുഖത്തുലയുന്നതുമെന്നു ഞാന്‍ ....
ചമയങ്ങളില്ലാത്ത്ത പ്രണയത്തിന്‍റെ
പുറം കാടുകളിലേക്ക്  നീ
എന്നെ യുമെടുത്ത് മറയവേ ...
കിളികളെ മടിയിലിരുത്തി
ഭൂമി മരങ്ങള്‍ക്കായി  വസന്തമെഴുതി
പിന്നെ കിളികള്‍ പാടി പ്പറ ന്നതൊക്കെയും
നമ്മുടെ .....

Sunday, November 7, 2010

കാണിക്ക

....ഉറക്കമുണര്‍ ന്നതേ ഉള്ളു
മുന്നിലെ സ്വര്‍ണ്ണ പ്രഭയില്‍
കണ്ണു കള്‍ ഇടറിപ്പോയി .
തലയില്‍ കൈ വച്ചു
കിരീടം......
വല്ല  പാവങ്ങളും എടുത്തോട്ടെന്നു കരുതി
ഇപ്പോള്‍
ഉറക്കം നടിച്ചു കിടക്കും. എങ്കിലും
ഒന്നും പോയിട്ടില്ല .
കനത്ത  കാവലാണ്  ദൈവത്തിനും !
പിന്നെ ഇത് ...ഈ സുവര്‍ണ്ണ മാളിക
പച്ചപ്പവനില്‍ കാണിക്ക ...
 പണ്ട് കുചേലന് കൊടുത്ത അതേ തരം .
ലോഡ്ജിനു മുന്നില്‍ ആംബുലന്‍സ്
ഒരു പവന്‍ കുറഞ്ഞത്‌ കാരണം
കല്യാണം മുടങ്ങിയോള്‍
തന്നോട് പകരം വീട്ടിയിരിക്കുന്നു.
 ഭഗവാന്‍റെ നെഞ്ച് വിങ്ങി
വിരക്തിയുടെ  രാഗാലാപം
ഗോവര്‍ധന മുയര്‍ത്തിയ വിരല്‍  തളര്‍ന്നു
കാളിയ മര്‍ദ്ദന മാടിയ ഉടല്‍  വിളര്‍ത്തു
കാണിക്ക  തിരിഞ്ഞു നോക്കാതെ
പുറത്തേക്ക്
മഞ്ഞ മുണ്ടും പീലിക്കിരീടവും
കാളിന്ദിയും കടമ്പും
ഉടഞ്ഞ തയിര്‍ ക്കലവും
കാത്ത് വച്ചിരിക്കുന്ന
ഏതോ കുടിലിലേക്ക് .

Friday, November 5, 2010

ജനനം

എഴുന്നള്ളത്താണ്
ഉറക്കറ ഉടുപ്പിട്ട  പെണ്ണുങ്ങള്‍ 
മെയ് കുലുങ്ങാതെ  നേര്‍ച്ച പ്പറ വച്ചു 
ഉറക്കച്ചടവോടെ  ഒരാനച്ചന്തം 
അതിനു മുകളില്‍ ഒരു പെണ്‍ ചന്തം 
താലപ്പൊലി ഏന്തിയ കുട്ടിക്ക് 
കൂട്ട് പോയ ചേച്ചി 
 കൂട്ടുകാരനില്‍ ഉത്സവം കണ്ടു
ഒരാണ്ടത്തെ നാട് കാണല്‍
നട വാതില്‍ അടഞ്ഞു കിടന്നു 
കൃത്യം പത്താം മാസം 
നിശ്ചയി ക്കപ്പെട്ട  അജണ്ടയോടെ 
അകത്ത്
കാവി നിറമുള്ള 
അണലി ക്കുഞ്ഞുങ്ങള്‍ 
വിഷം ചീറ്റി
നോവ്‌ 
പുറത്ത് പരക്കാ ത്തതിനാല്‍ 
ഐ ഡ ന്ടി റ്റി  ആരും അന്വേഷിച്ചില്ല. 


Monday, November 1, 2010

നവംബര്‍ ഒന്ന്

ഒരു   കസവ് മുണ്ട് ....
ഒരു മുഴം മുല്ലപ്പൂ ...
..............................
...............................
അറ്റു വീണ  കൈപ്പത്തി 
അറ്റം തേഞ്ഞ മലയാളം
തിളങ്ങുന്നത റിഞ്ഞും 
മണക്കുന്നത റിഞ്ഞും 
മറന്നു പോകുന്നില്ല 
കാലം തുടലഴിച്ചു പായുമ്പോള്‍ 
വെളിച്ചപ്പെട്ടു പോകുന്നവയെ .
കുറിക്കട്ടെ 
ഒരു
പിറന്നാള്‍  വാക്ക് 
എല്ലാവര്‍ക്കുമായി 
.....................................ജാഗ്രത .

Saturday, October 30, 2010

യാത്ര

ചെന്തെങ്ങ്  കുലച്ചത് പോലെയും
കൊന്ന പൂത്തത് പോലെയുമല്ല.
ഇരു വശ ത്തും തെറിച്ചു പടരുന്ന
ഒരു വഴക്കിന്‍റെ ബാക്കി യായി
അവള്‍ ...
തീവണ്ടികള്‍ പാളങ്ങളെ  കുഴക്കി
ഒന്നുമറിയാ ത്തവരെ പ്പോലെ
ഓടിപ്പോയി
കുരച്ചു നിര്‍ത്തുന്നു ദൂരെ
വിഷാദത്തിന്റെ ഒരു തെരുവുനായ.

Wednesday, October 27, 2010

തുളുമ്പി പ്പോയ തിരയെ
കടലാണ്
കൈകളാല്‍ ചേര്‍ത്ത് പിടിച്ചത് .
ഇലകളില്‍ നിന്ന് വേര്‍പെട്ടു പോയ പച്ചയെ
പൂവാണ് ചേര്‍ത്ത് വച്ചത്
മുന്തിരി യില്‍ നിന്നടര്‍ന്നു പോയ  മധുരത്തെ
ചുണ്ടുകളും  .
വിളറി പ്പോയ   മേഘങ്ങളെ
മോഹങ്ങളുടെ  മുയല്‍ക്കുഞ്ഞുങ്ങളും
കുളിര്‍ന്നു വിറയ്കുന്ന സന്ധ്യയെ
ആകാശ ത്തിന്‍  പുതപ്പും.
ചേര്‍ത്തു പിടിക്കുന്നു .
                                             എന്നിട്ടും വീടുകളുടെ അങ്കണ ങ്ങളില്‍  നിന്ന്
                                                കുട്ടികളെ  മാത്രം
                                                    കാണാതാകുന്നു.

Sunday, October 24, 2010

.അലഞ്ഞു തിരിയുന്നോന്....

അനന്തപുരി
കരീംസിനു മുന്നില്‍ തപിച്ചു നില്‍കെ
പൊട്ടിക്കിളിര്‍ക്കുന്നു
തൊട്ടുമുന്നില്‍ കവി .
പ്രിയതെ..കവിതയെങ്ങനെ
കണ്ണീരായ് പിടയുന്നുണ്ടിപ്പോഴും
ങാ ...ഞരമ്പില്‍ തീയായ് മാറുമ്പോള്‍
നിനക്കും വീശി പ്പടരാനായിടും.
എങ്കില്‍ ..കാശു താ
ക്ഷമിക്കാന്‍ നേരമില്ലിനി .
ചില്ലറ നല്‍കുന്നു .പോകും മുന്‍പൊന്നു
ചോദിച്ചേക്കാം ..അയ്യപ്പേട്ടാ..
ഓര്‍കുവാനെന്തെങ്കിലും..
സഞ്ചിയില്‍ നിന്നെടുക്കുന്നു
മൂന്നു പുസ്തകം .മൂന്നും
ആഫ്രിക്ക തന്‍ കവിത ക്കലാപങ്ങള്‍
പോകും മുന്‍പൊന്നും കൂടി
വാക്കുകള്‍ മുറിയുന്നു -
എന്‍ പെങ്ങള്‍ ലക്ഷ്മിക്കുട്ടി
നിന്നമ്മയോ ...സരസ്വതി
നാം തമ്മില്‍ ബന്ധമിങ്ങനെ
നീയെന്‍ ഭാഗിനേയി
ആയ്ക്കോട്ടെ ..കാണാം വീണ്ടും
വെയില്‍ നിലയ്ക്കുന്നു ചുറ്റും .
പക്ഷെ ..മുന്നില്‍ ചിരി മുഴക്കവും
കവിത്യ്ക്കിടി മുഴക്കവും വീണ്ടും
കേള്‍കുവാനാകില്ലിനി
അവനെ തിരികെ ത്തരാതെയാ
'പോക്കറ്റടിക്കാരന്‍ 'പോയീ ദൂരെ

Friday, October 22, 2010

പെണ്‍ വീട്

കുളിച്ചു കുറിയിട്ട്
ചന്ദന ചേലയണിഞ്ഞു
കിഴക്കോട്ടു നോക്കി
ഒരു പെണ്‍ വീട് .
ചുടല ഭസ്മം പോലെ
കനലടുപ്പില്‍ ചാരം.
നിറം മാഞ്ഞ പാത്രത്തിന്‍റെ
ഇരുണ്ട മൂലയില്‍
അവളെ കാണാതെ വരണ്ട ഒരില .
ഉടുത്തൊരുക്കിചിതയില്‍ നട്ടുപോകുമെന്നു
വീട്ടു മുറ്റത്തെ സൂര്യന്‍
ഏതു മഴയിലും കെട്ടുകുതിരില്ലെന്ന
വാശി യോടെ പെണ്‍ വീട്
അടവച്ച് വിരിയിക്കുന്നു
അസ്ഥി വാരത്തില്‍
ഒരാള്‍ ക്കൂട്ടത്തിന്‍ ആരവം .

കരുതല്‍

നിനക്കായി ഞാന്‍ കരുതുന്നു
ചിതറുന്ന ചിരിയുടെ ചില്ല് .
എന്നും പൂക്കുന്ന കാട്
വരാമെന്ന് കൈവീശിപ്പോയ മഴ
മയില്‍ പ്പീലി യുടെ കുഞ്ഞുങ്ങള്‍
രാപ്പാടിയുടെ ഗീതകം
തിരകളുടെ മഞ്ചല്‍
നിലാവിന്‍റെ കണ്ണ്
സ്നേഹത്തിന്‍റെ വെട്ടം
കിനാവിന്‍റെ വേനല്‍ ....പിന്നെ
കവിതയുടെ ....കിലുക്കം .

Tuesday, October 19, 2010

കാഴ്ച

വഴിയരികില്‍
പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടിയില്‍
തനിച്ചിരിക്കുന്ന
പെണ്ണിനെപ്പോലെ
ഒക്ടോബറിലെ രാത്രി .

ചാവു ജീവിതം

എട്ടും പൊട്ടും തിരിയാത്തോള്‍ എന്ന് ...
മുള്ള് തിരിഞ്ഞും മറിഞ്ഞും വീണാലും -
കേടാകുന്ന ഇലയെന്നു ...
ബ്രഹ്മനും തടുക്കാനാവാത്ത
ഒരുമ്പെട്ട ഇറക്കമെന്നു...
ഇങ്ങനെയൊക്കെ കേട്ടു കേട്ടാവും
'അതൊരു 'ചാവു ജീവിതമായത് .

Sunday, October 17, 2010

മഴ

താന്‍സെന്‍ പാടുന്നു
മേഘം ചുട്ടു പഴുത്തു പരത്തും
തീ വെയിലിനു നേരെ
താന്‍സെന്‍ പാടുന്നു .
തംബുരു ചേര്‍ക്കുന്നു മഴയുടെ
മുത്തു കിലുങ്ങും ശ്രുതിയില്‍
വിസ്മയ നാദ തരംഗങ്ങള്‍
കിളി വാതില്‍ മറവില്‍
കാതര നയനങ്ങള്‍
വളയിട്ടുമുറിഞ്ഞ കരങ്ങള്‍
പട്ടിന്‍ തൊങ്ങല്‍ തൊട്ടു
മിനുക്കും പാദങ്ങള്‍
നീണ്ട മുടി ത്തുമ്പഴകില്‍.......
വിടരുന്നു മഴയുടെ നെഞ്ചില്‍
താണുമയങ്ങാന്‍ .
താന്‍സെന്‍ പാടുന്നു .
ദൂരെ ഒരു ചില്ലയിലാടി വിറക്കു -
മൊഴിഞ്ഞ കിളിക്കൂടായ്
മഴ മേയും കൂരകള്‍ ...
തകരം കൊണ്ടു മറച്ചോരിരുളില്‍
കാറ്റ് വരച്ചു മടങ്ങും ചിത്രം.
ഏതോ ദര്‍ബാറില്‍ ... താന്‍സെന്‍ പാടുകയാവാം .
വീണ്ടും പാടുകയാവാം.

Thursday, October 14, 2010

അരാഷ്ട്രീയം

ആസിഡ് ബള്‍ബി ന്‍റെ നിറഞ്ഞ
കണ്ണില്‍ നിന്നും
കൂട്ടുകാരന്‍റെ കുസൃതി ക്കണ്ണിനുള്ളില്‍
ഒരു തുള്ളി ക്കണ്ണീര്‍ ..
ഒപ്പിയെടുക്കാന്‍ ആഞ്ഞ തൂവാലയില്‍
നിസ്സംഗത യുടെ കാറ്റ്
ചെങ്കു ത്തായ ഇറക്കത്തില്‍
വഴുവഴുപ്പുള്ള ഒരു സൂര്യന്‍
മിന്നിയും കെട്ടും കത്തുന്നു .
പേസ് മേക്കര്‍ ഘടിപ്പിച്ചു
ഭൂമിയെ നടക്കാന്‍ വിട്ടു
സമയം അളക്കുന്നവന്‍
കുതിരപ്പുറത്ത്‌ പോയി .
വെള്ളം വാലാന്‍ വേണ്ടി
സമുദ്രത്തെ
അരിപ്പയിലൂടെ കടത്തുന്നവന്‍
കിളിയുടെ പാട്ടിനെ
കൊക്കില്‍ നിന്ന് മോഷ്ടിച്ചു
സ്നേഹിതന്റെ നെഞ്ചില്‍ നിന്ന്
തീ നിറച്ച തൂവാല
അരാഷ്ട്രീയമായി ജീവിക്കുന്ന
ഒരുവന്‍റെ നേര്‍ക്ക്‌
ഉള്‍ക്കരുത്തോടെ ...പാഞ്ഞു ചെല്ലുന്നു.

Wednesday, October 13, 2010

ഓര്‍മകളുടെ പരാതി

കൂട്ട് കൂടാനാവുന്നില്ലെന്ന്
കളം നിറയ്കാനും .
തോ റ്റതും ജയിച്ചതും ....
ആരാണെന്ന് ....
ആരും പറയുന്നുമില്ലെന്നു .
പിന്നെ ...
ഓര്‍മ്മിക്കാന്‍ ഒന്നുമില്ലെന്നും .

Sunday, October 10, 2010

സ്നേഹം

ഇപ്പോഴും കേള്‍ക്കുന്നുണ്ട്
അവനെന്നോട് ആദ്യം പറഞ്ഞ വാക്ക്,
സ്നേഹം എന്നായിരുന്നു .
ഒരു മല കയറുമ്പോള്‍
ഒരു തിരിഞ്ഞു നോട്ടത്തിനിടയില്‍ ..
അവനതു കൈമാറി ക്കഴിഞ്ഞിരുന്നു
...അങ്ങനെ ...നീലാകാശം ...ഞങ്ങളുടെതായി .

Thursday, October 7, 2010

പ്രിയ കവിക്ക്‌.....

മരക്കൂട്ടത്തിനിടയ്കു വീഴുന്ന വെയില്‍ നാളംപോലെ
നീ
വല്ലപ്പോഴും കടന്നു വരുമ്പോള്‍
ദര്‍വിഷ് ...
ഞാനൊരു പാലസ്തീനിയാവാന്‍ കൊതിക്കുന്നു.
സ്വര്‍ണ ക്കടല്‍ പോലെയുള്ള ഗോതമ്പ് പാടത്തിനുള്ളില്‍
പറന്നിറങ്ങി
നിനക്ക്
സ്വാതന്ത്ര്യത്തിന്റെ ഒലിവില നല്‍കാന്‍
ഒരു കിളിച്ചുണ്ട് ..എനിക്ക് വേണം .
പര്‍വതങ്ങള്‍ക്കു മീതെ ....
ഖഡ്ഗമൂര്‍ച്ചകളെ ഖബര്‍ അടക്കിയ
ആഗ്നേയാസ്ത്രങ്ങളെ പരിഹസിച്ച
നിന്‍റെ നെഞ്ചകം പോലെ ഉറപ്പുള്ള
ചിറകില്‍ ...ഞാന്‍ നിന്നെയും കൊണ്ട് പറക്കും.
മുന്തിരി ത്തോട്ടങ്ങളിപ്പോള്‍ ...വെടിപ്പുക തിന്നു തളരുകയാണ് .
ദര്‍വിഷ്
മുന്തിരി വള്ളികള്‍ ഒരു നിലവറ യിലേക്
പതുങ്ങും മുന്‍പ് ...
അവയുടെ ..ഐ .ഡി.കാര്‍ഡുകള്‍ അമ്മയില്ലാത്ത ഒരു കുട്ടിക്ക് നല്‍കി .
കഫന്‍ തുണി ..പോലുമില്ലാത്ത മരണം നിനക്ക് ഒറ്റയ്ക്ക് വേണ്ട .
അഭയം തേടുന്നവന്റെ കവിത പോലെ ...ഞാനും നീയും എവിടെയും മുള പൊട്ടും.

ആധി

നെഞ്ചു കൂരച്ച ഒരു ചന്ദ്രനേയും കൊണ്ട്
എന്നേ മുടന്തി ഓടുന്നു ഒരു വാനം .
വെളുത്ത പകലുകളും
കറുത്ത രാവുകളും
നാവിലരച്ചു തേച്ചു കൊടുത്തിട്ടും
അവനായി ഒരു തെളിച്ചവുമില്ല
വെളിച്ചവുമില്ല.
വിഷമിച്ചതന്നാണ്
..ദൂരെ നിന്നൊരാള്‍
രാജാവിനോട് പറഞ്ഞത്രേ
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്‍ മുഖം ..എന്ന്
അയാളുടെ ഉള്ളിലെന്തായിരുന്നോ എന്തോ ...

Sunday, October 3, 2010

ഗന്ധര്‍വ ഗീതി

താമരപ്പൂവിന്‍ സുഗന്ധമുള്ള കരതലത്തില്‍
നീയെന്നെ വഹിച്ചു പറക്കുമ്പോള്‍
പാലപ്പൂക്കള്‍ മദംകൊണ്ട്...
ഇലകളുടെ കണ്പീലിയില്‍ ചുംബിക്കുന്നത്
ഞാനറിഞ്ഞു.
സരസിജ വലയങ്ങള്‍ ..ഭക്ഷിച്ചുറങ്ങുന്ന
ചക്രവാകങ്ങളെയും കണ്ടു
...ഞാന്‍ സ്നേഹത്തെക്കുറിച്ച് നിര്‍ത്താതെ പറയുമ്പോള്‍ ..
നീ ഗന്ധര്‍വ ലോകത്തെക്കുറിച്ച് പാടി ..
കാടിനേയും മേഘത്തെയും തൊട്ടും
എന്നെ ...നിലാവ് പുതപ്പിച്ചു ഉറക്കിയും
നീ ...കാത്തു വച്ച യാമങ്ങള്‍ ..
പകല്‍ കടഞ്ഞ നോവുകളില്‍ സൂര്യന്‍
ജ്വലിച്ചപ്പോള്‍ ...
കരിഞ്ഞു പോകുമെന്ന് നമ്മള്‍ ഭയന്നു.
..അപ്പോഴൊക്കെയും ...ഗന്ധര്‍വ ദീപ്തിയാല്‍ നീയെന്നെ
മഴമേഘമാക്കി മിഴിയില്‍ സൂക്ഷിച്ചു.
ഞാനോ ....നിന്നിലെ ഗംഗയായി .
കൊടും താപങ്ങളിലും ...നമ്മള്‍
ഭൂമിക്കും ആകാശത്തിനുമിടയില്‍ ...സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു .

ബാല്യം

മാമ്പൂവായും മഷിത്തണ്ടായും
മുത്തശ്ശിയായും മഴക്കാലമായും
ബാല്യം വേഷം മാറാറുണ്ട് ചിലനേരം .
വിശ ന്നലച്ചു മണ്‍സൂണ്‍
വിശ ന്നിട്ടും ഇഷ്ടക്കേട് കാട്ടാത്ത കുട്ടിയായി
മുറ്റത്തു വഞ്ചിയോടിക്കുംപോള്‍
അഞ്ചാറു വറ്റിന്റെ സ്നേഹവുമായി
അമ്മയെപ്പോലെ ഒരുവള്‍ നനഞ്ഞു കുതിര്‍ന്നു വരും .
മുലപ്പാലിന് കണ്ണീരിന്‍റെമണം ...അമ്മ തന്നെ .
ഏതു മഴക്കോളിലുംപുരയെ ആഞ്ഞു പുല്‍കുന്ന
കൊന്നത്തെങ്ങു ....ഉറക്കത്തെ പേടിയാക്കി
വഴിത്തര്‍ക്കമുള്ള അയല്ക്കാരന്റെ ഭാവത്തോടെ
കളിക്കൂട്ടുകാരന്‍ ...
കട്ടതത്രയും ലോക്കറിലാക്കി
അവന്‍ യജമാനനായി .
....പാറക്കൂട്ടത്തില്‍ മുഖം തല്ലിയും
പാഴ്മുളയില്‍ചുണ്ട് ചേര്‍ത്തും
..പകയേതുമില്ലാതെ ബാല്യം
ഇപ്പോള്‍ വിരുന്നു വന്നാലും ..
കണ്ടില്ലെന്നു നടിക്കും .
ഓര്‍മകളുടെ ട്രാഷില്‍ ,,,,
സ്വയമഴിയാനായി അത് കാത്തു കിടക്കുന്നു .

Saturday, October 2, 2010

കുലവധു

കൂലം കുത്തി ഒഴുകണമെന്നു തോന്നുമ്പോഴൊക്കെ
കുലപ്പെരുമ ..മോഹത്തെ വിഴുങ്ങും .
അരിഞ്ഞുതള്ളിയും അരച്ചെടുത്തും
പൊള്ളി പ്പെരുപ്പിച്ചും സമയം
ആത്മ ഹത്യ ചെയ്യുമ്പോള്‍
...നീരാവിയിലെ മഴവില്ല് പോലെ ...കുലവധു .

ഒക്ടോബര്‍ 2

.....സമ്മേളനത്തിനു ഞാന്‍ നന്ദി പറയുകയാണ്‌
പ്രിയമുള്ളവരേ..
സ്നേഹംനിറഞ്ഞ ഒരു തൂവാല യെങ്കിലും
ആ ഇരിപ്പിടങ്ങളില്‍ അവശേഷിപ്പിക്കുക
ബാ ...യോടുള്ള ആദര സൂചകമായി .
കാരണം ഇന്ത്യ ഒരിക്കലും അവരെ ഓര്‍ത്തു കരഞ്ഞില്ല.
ധര്‍മ പത്നി യില്‍ നിന്ന് കസ്തൂര്‍ബയിലേകുള്ളദൂരം
ഒരുപാടായിരുന്നു എന്നറിഞ്ഞിട്ടും.

Tuesday, September 28, 2010

എന്‍ഡ്...സള്‍ഫാന്‍

അടച്ചിട്ട പരീക്ഷണ ശാലകള്‍ പോലെ കുട്ടികള്‍
കൊക്കില്‍ നിന്നും ഒരു കുടം മരണം കുടയുന്ന ലോഹപ്പക്ഷി ..
വസന്തത്തിലും കരിഞ്ഞുപിറക്കുന്ന കുഞ്ഞു പൂവ്
വിണ്ട നിലങ്ങളായനാവുകളില്‍
മുളച്ചു പൊന്തുന്ന രാസക്കൂണുകള്‍
ഇഴകാലുകള്‍ പിരിച്ചു
ഇരുട്ട് പാത്തികളില്‍വീണു
കുറെ ജന്മങ്ങള്‍ ....
കൂരക്കീഴില്‍
തര്‍ക്കവും തീര്‍പ്പുമില്ലാതെ
കുലച്ചാര്‍ക്കുന്ന
കറുത്ത വാവുകള്‍ക്കരികെ
ആരോ ഒരു ബോര്‍ഡ് നാട്ടുന്നു
എന്‍ഡ് ....സള്‍ഫാന്‍ .

Thursday, September 23, 2010

എ .ബോയ്‌ .......

നെഞ്ചോടടുക്കി പ്പിടിക്കുന്തോറും
കുതറി ച്ചാടി പ്പോയി ഒരു വാക്ക് ..
കോണ്‍ സെന്‍ ട്രേഷന്‍ ക്യാമ്പ്‌
ഹോളോകോസ്റ്റ് കവിത ....
ഗില്ലറ്റിന്‍ ...ഗ്യാസ് ചേംബര്‍ ..
എല്ലാമിന്നലെ കാഴ്ച്ചയുടെ തലയറുത്തു.
മുള്ളുവേലികള്‍
അപ്പുറവും ഇപ്പുറവും ഇടവേളകളില്‍
പൂത്ത ഇളം പൂവുകള്‍ ...
വരകളുള്ള പൈജാമയിട്ട ജൂതക്കുട്ടിയും
നാസി കമാണ്ടരുടെഅരുമ മകനും .
അവര്‍ ഒന്നിച്ചു കളിച്ചു...
പിരിയാനാകാതെ കരഞ്ഞു
ഒടുവില്‍
ആരുമറിയാത്ത സൌഹൃദത്തിന്‍ കൈകോര്‍ത്ത്
ഗ്യാസ് ചേംബറില്‍ ..ഒന്നിച്ച്...
നനഞ്ഞ സാന്‍ഡ് ....വിച്ച് പോലെ അവര്‍..
അമ്മമാരുടെ നിലവിളി പേടിച്ച്
തലകള്‍ കാതുപൊത്തി.
കുതറിചാടിപ്പോയ വാക്കാണ്‌ ശിക്ഷ...
ഇനി ചരിത്രത്തിന്‍റെഎല്ലാ പേജും തിരയണം
(എ ബോയ്‌ വിത്ത് സ്ട്രൈപട് പൈജാമ ...എന്ന സിനിമ)

Friday, September 17, 2010

ഫോസിലുകള്‍

നടുമുറിയില്‍ അരിമുല്ലയാവാനും
മുറ്റത്തെ ചെമ്പരത്തിയാവാനും
നാട്ടു വഴിയിലെ തെച്ചിയാവാനും
കഴിയുന്നോളെ ആരാണ്
നീട്ടിയ ഇലക്കുമ്പിളില്‍
തുളസിയായി കുടഞ്ഞിട്ടത് .....
ഇത്തിരി തീര്‍ഥ ത്തില്‍ തൊട്ടു
ചെവിക്കുടയില്‍ തിരുകി വച്ചത്....
എണ്ണത്തിളപ്പില്‍ കൈതോന്നിയായും
ചിരി നിറത്തില്‍ തുമ്പയായും
കലിക്കാലത്തില്‍ കാക്കപ്പൂവായും
ചിലപ്പോള്‍ ദീന പ്പൂവായും
മാറുന്നോ ളെ......
ആരാണ്
അത്തമായി വരച്ചത് ....
മലര്‍ന്നാലും കമിഴ്ന്നാലും മണംചോരുമെന്നു
കള്ളം പറഞ്ഞതാരാണ് ....
കയറ്റുമതിക്കാരന്‍ മതിപ്പ് വില പറയവേ...
തുലാസിന്‍ തട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ കൊത്തിക്കൊണ്ടു പോയ
പൂവിനു മുള്ള് മുളച്ചതും
നിലം പതുങ്ങിയതും ശേഷപത്രം .
തൊട്ടാവാടിക്കാടുകളുടെവിലാസം തേടിയോര്‍ക്ക്
ഏതോ അടുപ്പിന്‍റെ ശ വക്കുഴിയില്‍ നിന്നൊരു
കനലിന്‍ എല്ല് കിട്ടി.
ഫോസിലുകള്‍ ....ഒന്നു തന്നെ.

Thursday, September 16, 2010

ഇതിഹാസം

വലിയ ക്ലാസ് മുറിയിലെ ചെറിയ മൂലയിലിരുന്നു
കുട്ടി വിളിച്ചു പറഞ്ഞു....
....ചെടി കരഞ്ഞാല്‍....നമ്മളും കരയും.
അത് ടീച്ചര്‍ കേട്ടില്ല.
ഇല മേഞ്ഞു വീടൊരുക്കുന്നകൂട്ടുകാര്‍ കേട്ടില്ല .
കുട്ടി പുറത്തേക് നോക്കി .
വിതുമ്പുന്ന ചെടിക്ക്ചുറ്റും
വിഷമത്തോടെ
ശ ലഭങ്ങള്‍
മിണ്ടാ ,,,,കാറ്റ്
പെയ്യാമേഘം.
അവള്‍ ഓടി പുറത്തിറങ്ങി
ചെടിയെ ഉമ്മ വച്ചു.
കുട്ടി ചെടിയോടെന്തോ പറഞ്ഞു
ചെടി കുട്ടിയോടും.
അവരിരുവരും പറഞ്ഞതാണത്രെ.......രാമായണ മായത്

പൂക്കളുടെ യുദ്ധം

മുറിഞ്ഞു ചോരയോഴുകും വരെ
അത് തുടരാറുണ്ട് പോലും.
ഒരു കളിവാക്കിലാണ് ആദ്യം കോര്‍ക്കുക.
പിന്നെപ്പിന്നെ ....
അകവും പുറവും കാണും വിധം
ഓരോന്ന് വിളിച്ചു ചൊല്ലും.
മണ്ണിനെ
വിതയെ
വിളയെ
നട്ടുപോയവരെ ....
ഉച്ചവെയില്‍ ഉച്ചിക്കുടുമ കെട്ടുമ്പോള്‍
വേര്‍ത്ത് കുതിര്‍ന്നു പതംവരും
വെയില്‍ പടിഞ്ഞാറു പന്തലിട്ടാല്‍
ചിരിയും കരച്ചിലും ഒന്നിച്ചു തന്നെ .
പിറ്റേന്ന്
കത്രിക പോലെ രണ്ടു വിരലുകള്‍
മുറിച്ചെടുത്ത്
മുടിക്കാട്ടില്‍ കളഞ്ഞാലോ....
ഇപ്പോള്‍ യുദ്ധ ത്തിന്‍ അവസാനമായി .
ഇതളുകള്‍ തറയില്‍ ഊര്‍ന്നു
കൈകാലിട്ടടിക്കുന്നു.
ഉണങ്ങിയ തണ്ടില്‍ ....
കൊടും വേനലിന്‍റെ വാറണ്ട് .

Saturday, September 11, 2010

സംക്രമണം ഭാഗം മൂന്ന്

എന്‍റെ ഉടയവനെ....ഇവളുടെ പരുഷ മൊഴികളാല്‍ മുറിയ്കപ്പെട്ടു
....ഉത്തരീയത്താല്‍ കണ്ണ് പൊത്തി നീ മടങ്ങിയതോര്‍കുന്നു
അപ്പോള്‍ കുന്തിരിക്കത്തില്‍ഞാന്‍ മരണം വാസനിച്ചു.
മലരും പാനീയവും തുളസിയിലകളും
നിന്‍റെ കോപത്തോടൊപ്പംഎനിക്ക് ചുറ്റും ചിതറി മലര്‍ന്നു.
അയോധ്യയിലെ വധു ക്കള്‍ അതാണ്‌ അഭ്യസിപ്പിക്കപ്പെട്ടിട്ടുള്ളത് .
പുലര്‍കാലങ്ങളില്‍
മഞ്ഞിന്‍റെകനത്തിലൂടെ നീയെന്നെ നോക്കി കൊതിക്കുമ്പോള്‍
നിന്‍റെ അടിമ ജനങ്ങള്‍ അസൂയയുടെ വാളാല്‍
എന്‍റെ ശിരസ് പിളര്‍ന്നു കൊണ്ടേയിരിന്നു ..............
.......................................................................................................................
സീത മണ്ണിലേക്ക് വീണു
പുല്‍നാമ്പുകള്‍ അവളെ താങ്ങി
മുന്നില്‍ പുലരിയുടെ നിഴലനക്കം
ഉദയാസ്തമയങ്ങള്‍ ഉരുകിയൊലിച്ച കണ്ണുകളില്‍
കടും പ്രണയത്തിന്‍റെ ഇളകിയാട്ടം
മണ്ണില്‍ നിന്ന് സംഭ്രമങ്ങളില്ലാതെ അവള്‍ ഉയര്‍ന്നു നിന്നു
രാമ ബാണമേറ്റ് ഉടഞ്ഞുപോയ നെഞ്ചിലേക്ക് അവളുടെ കൈകള്‍ നീണ്ടു .
ഒന്നിച്ചു .................ഒന്നിച്ചു എന്ന് ഉച്ചരിച്ചു
അമ്മഭൂമി അത് നോക്കിനിന്നു
ആത്മ സമര്‍പ്പണങ്ങളുടെ അരുവി അയോധ്യയില്‍ ഉറവ പൊട്ടി

സംക്രമണം ....ഭാഗം രണ്ട്‌

ലങ്കയിലെ കിണറും കാശിത്തുമ്പയുംപുല്‍ച്ചാടിയും
അയോധ്യയിലെപ്പോലെപരിഷ്കരിക്കപ്പെട്ടതല്ല.
താപസരുടെ കണ്‍ വെട്ടങ്ങളാല്‍
കഴുത്തരിയപ്പെട്ട കന്യാദളങ്ങളുമില്ലവിടെ.
എല്ലാ പെണ്ണും ത്രികാല ജ്ഞാനിയാണെന്ന്
മറന്നുപോയ വയസ്സന്‍ രാജാവുമില്ലവിടെ.
ഓമന ബാല്യത്താല്‍ ...അരമന കൈയ്യാളുന്ന
അരുമ സന്താനവുമായിരുന്നില്ല നീ
തീയില്‍ വെന്ത മാംസത്തിലൂടെ
അറക്കവാള്‍പോലെ നിന്‍റെ പല്ലുകള്‍ ....മുഖത്ത്
മറ്റവയവങ്ങള്‍ സന്ധിക്കാത്തസൂര്യനെ
നീ തടവിലിട്ടു.
ആശങ്കാകുലമായനിന്‍റെ ബാല്യത്തില്‍ നിന്ന്
യൌവനത്തിന്‍ ജൈവ സംസ്കൃതി കള്‍ പിന്മാറി .

സംക്രമണം

യാഗ ശാലയിലെ കനത്ത ഇരുട്ടിലൂടെ
അവള്‍ പാഞ്ഞു നടന്നു
പൊതിഞ്ഞു നില്‍കുന്ന പുകയിലും
അവള്‍ക് വഴി തെറ്റിയില്ല.
പുറത്തെ ഏകാന്തതയിലേക് കമിഴ്ന്നു വീണ
വൈദേഹി വേദനയോടെ നിലവിളിച്ചു.
അല്ലയോ രാവണാ ...
ഇപ്പോള്‍ ഞാന്‍ ...
ശയ്യാവലംബിയായഒരു രോഗിയെപ്പോലെ
എകയും നിസ്സഹായയും അപമാനിതയുമാണ്.
എല്ലാം കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു
ഇറങ്ങിപ്പോകാനുള്ള കല്‍പ്പന
മുഖം നോക്കാതെ നല്‍കി രാജാവും.
സീതാച്ചരിത്രം ശേഷം കുറിക്കാനുള്ള
മുനികുമാരന്മാര്‍
ഇവിടെ എവിടെയോ ഉണ്ട്.
കൊടും നോവിന്‍റെവരള്‍ച്ചയില്‍ നിന്ന്
നീ എന്നെ വീണ്ടെടുക്കുമ്പോള്‍
ആകാശ ങ്ങള്‍ തുടുക്കും
അമാവാസികളില്ലാതെയാവും
അല്ലയോ രാവണാ
അന്തപ്പുരത്തിലെ കെട്ടുവിളക്കുകളില്‍
തിരികെടാരാവുകളെ പകലാക്കി
നിന്‍റെപെണ്ണുങ്ങള്‍ കാവലിരിക്കുന്നു
രാമബാണം ഏറ്റുപിളര്‍ന്ന നിന്‍ മാറിലാകട്ടെ
എന്‍റെരൂപവും.
തളിര്‍ വള്ളി പോലെ കരങ്ങളും
ഇളം ചുണ്ടുകളും
ഇടതിങ്ങിയ മുലകളും
വനനാഭിയില്‍ ഇറ്റുവീണ മഴത്തുള്ളിയും
എല്ലാം അതുപോലെ.

Wednesday, September 8, 2010

ദയാവധം

പുഴ മരിച്ചു വീണിടത്താണ്
മരം കിളിര്‍ ത്തുയര്‍ന്നത്‌.
കൂര്‍പ്പിച്ച നഖങ്ങളുമായിഇളം വേരുകള്‍ ...
ചോരച്ച കണ്ണുകള്‍
കോമ്പല്ലുകള്‍.;...
നെറുകയില്‍ തീ പ്പൊട്ടും.
കിളികള്‍ ഭയന്നൊഴിഞ്ഞു
ശിഖരങ്ങളില്‍ രാത്രി കൂട് കെട്ടി.
......ഈ ജന്മം എന്‍റെകുറ്റമല്ല,
മരം കരഞ്ഞു.
ദയാവധത്തിനു കേണു.
ഒട്ടും ദയവില്ലാതെ വെയില്‍
അതിന്മേല്‍ തറഞ്ഞു നിന്നു
ശവമെടുക്കാന്‍ വന്നവര്‍ കണ്ടു
വെട്ടിമുറിച്ച അതിന്‍റെഹൃദയത്തിലൂടെ
ഒരു പുഴ താഴേയ്ക്ക് ഒഴുകി നിറയുന്നു,
നിലാവിന്‍റെ പാട്ടുപോലെ.

Sunday, September 5, 2010

സര്‍ട്ടിഫിക്കറ്റ്

ശരീരം ഒരു കലയാണ്‌
കലാപവും.
അത് കിടക്കകളെ എടുത്തു നടക്കും
മുടന്ത് മാറ്റും
അന്ധന് കാഴ്ച നല്‍കും.
വെയില്‍ മൂക്കുന്ന ലഹളയായി
മരക്കൊമ്പുകളില്‍ തടഞ്ഞിരിക്കും
ശര മുഴക്കത്തില്‍
ആകാശം പിളരുംവരെ അതിനു
പ്രത്യയശാസ്ത്രം ഇല്ല.
മൈനുകള്‍ വിതറിയ ഭൂമി
കുട്ടികളെ ഭയക്കും പോലെ അത്
ആഗ്രഹങ്ങള്‍ക്ക് അംഗ ത്വം നല്‍കുന്നു
എന്നാലും
ഞാനിഷ്ടപ്പെടുന്നു അതിന്റെ
ടെറാകോട്ടാ ശൈലി ....
.....ഉടഞ്ഞാലുംഅതിലൊരു
കടല്‍ കലമ്പും .

സന്ദേഹം

താത്രിക്കുട്ടിയുടെ അപ്രകാശിത രാത്രികളെ കുറിച്ച് എനിക്ക്
ശാ രദക്കുട്ടിയോടു വഴക്കിടാന്‍ വയ്യ.
മാധവിക്കുട്ടിയുടെ ഒടുവിലെ കവിതകളില്‍
പ്രണയ ചന്ദനം മണക്കാനും.
ഓര്‍മ വച്ചപ്പോള്‍ മുതല്‍ ....എം.ടി ...മുന്നിലെ പുഴയായി .
പിന്നെ...
നാലുകെട്ടിനോട് കെ .ഇ .എന്‍ ഭാഷയില്‍ ഏറ്റുമുട്ടി ..
എങ്കിലും..സന്ദേഹം...
ഉജ്ജയിനിയില്‍ ചാവേറുകള്‍
ഉന്മാദ ങ്ങളെ ചുമക്കുന്നുണ്ടാവുമോ.....

അതിഥി

ഇന്നലെ
ഒരു വെളുത്തപ്രാവ്
നഗരമധ്യത്തില്‍ പറന്നിറങ്ങി .
അവളുടെ കഴുത്തിലെ
....കത്തി പാഞ്ഞ അടയാളം കണ്ടു
ഒരാള്‍ പറഞ്ഞു
മാലാഖമാരുടെ പ്രാവ്
...ചൂളിയ നോട്ടവും
നാണം വച്ച നടത്തയും
കൂര്‍ത്ത ശ്രദ്ധയും ...
ലോകം അവള്‍ക്കു ചുറ്റും കുറുകി നിന്നു
പറന്നുയരാന്‍ തുടങ്ങിയപ്പോള്‍
അറിഞ്ഞു... ആരോ അവളുടെ കാലില്‍
ചെരുപ്പ ണിയിച്ചിരിക്കുന്നു....

Wednesday, September 1, 2010

അസംഘടിത

മിനുമിനുങ്ങനെ
ഉരുണ്ടുരുണ്ട്‌
ചോറ് മണമുള്ള ഒരരിമണി .....
ഉറുമ്പ്‌ അതിനുനേരെ ആര്‍ത്തിയോടെ നിറഞ്ഞു നീങ്ങി
ഉള്ളുലച്ചു ഒരു കാറ്റും പാഞ്ഞെത്തി
അരി മണി യിലെ നീലിച്ച ഞരമ്പുകള്‍ പിടച്ചു
വെന്തു കലങ്ങാനുള്ള കണ്ണില്‍
ജീവന്‍റെ വിശ പ്പ് ഓളം വെട്ടി
മിണ്ടാതിരുന്ന ഹൃദയ സൂചി
ആവിപ്പുകയില്‍ കറങ്ങിയോടി
ഞാന്‍...എന്നെ തിളച്ചു തുടങ്ങിയോ
അതോ തിന്നുതുടങ്ങിയോ ..
അരി മണിയെ ഉള്ളംകൈയ്യില്‍ കോരിയെടുത്ത്
കാറ്റ് പാഞ്ഞു
പാടത്ത് മഴക്കൂടുകള്‍...
അരി മണി നിലത്ത്ഒളിച്ചു
കാറ്റ് ചില്ലകള്‍ വിടര്‍ത്തി പറന്നു പോയി
ഉറുമ്പ്‌ മുന്നോട്ടു നീങ്ങി
അരി മണി എവിടെ
ഒരുപക്ഷേ ആ വലിയ ഇലയുടെ അടിയില്‍ .....
കാറ്റും ഇലയും വാ പൊത്തി ചിരിച്ചു.
അമ്മയെ കെട്ടിപ്പുണര്‍ന്നു ഉറങ്ങുമ്പോള്‍ ഞാന്‍ അടുക്കള മണത്തു
കരിയുടെയും ചാണകത്തിന്റെയുംനിലത്ത്തെഴുത്ത്തില്‍
തന്നെത്തന്നെ എഴുതി മായ്ച്ചു അമ്മ പലവട്ടം
വാടിയ കണ്ണുകളില്‍ പളിക്കൂടത്ത്തിന്റെ നിഴലുമായി
ഞാന്‍ തളര്‍ന്നു ഉറങ്ങുമ്പോള്‍ അമ്മയുടെ
ഉള്ളിലെ നോവിന്റെ പാട്ട്
എനിക്ക് കേള്‍കാനായില്ല.
നിലാവത്ത് കാല്‍ നീട്ടിയിരുന്നു അമ്മ
ചീകി അടുക്കുന്ന ഈര്‍ക്കിലുകള്‍
പിറ്റേന്ന്
ഒന്നിച്ചു നിലമടിക്കുന്നത്‌എന്റെ കാഴ്ച
എന്നിട്ടും അമ്മ ഒരുനാള്‍ കരിഞ്ഞു കിടന്നു
ഇതളുകള്‍ കൊഴിഞ്ഞ പൂത്തണ്ടുപോലെ
മഞ്ഞക്കുത്തുകളുള്ള ഇലക്കൂട്ടംപോലെ
എന്റെ അമ്മമരം
വെള്ളം പാര്‍ന്നില്ലെന്നും
തണല്‍ കെട്ടി കൂട്ടായില്ലെന്നും
മണ്ണില്‍ അലിഞ്ഞപ്പോള്‍ വീണ്ടെടുത്തില്ലെന്നും
ഇന്നും ഞാന്‍ ....
ഇരുളില്‍ നിന്നൊരു മുത്തം
നെറുക തേടി അലയുംനേരം
കേള്‍ക്കാം അമ്മവാക്ക് ....
മഴ നനയല്ലേ കുട്ടാ .....

Saturday, August 28, 2010

ഉടല്‍ മാപിനി

അനാക്രമണ സന്ധിയില്‍ ഒപ്പിട്ട ഉടലുകള്‍
കൈയ്യാമം വച്ച രാത്രികള്‍ ....
മുറ്റത്തെ പൂച്ചട്ടിയില്‍ ചത്ത പൂച്ചക്കുട്ടി
വിരിഞ്ഞു വിരിഞ്ഞു ഇല്ലാതായ പൂക്കളം
നടുങ്ങി ത്തെറിച്ച ഒരു നക്ഷത്രം മാത്രം നീട്ടി നില്കുന്നു ...
വിസ്ഫോടനങ്ങളുടെ ഒരു ഉടല്‍മാപിനി.

Friday, August 27, 2010

ഗരീബി ഹട്ടാവോ

അന്ചിന്ദ്രിയവും ഒരേ കാര്യമാണ് പറഞ്ഞത്
കുഴഞ്ഞു വീഴാന്‍ നേരം ഹൃദയവും .
കുചേലന്റെ യാത്രയും
കൃഷ്ണന്റെ ആതിഥ്യവും
വഞ്ചി പ്പാട്ടായി തുഴ കുത്തി മറിയുന്നു.
മൊബൈല്‍ കോടാലി കള്‍തലയറുത്ത് തനിനിറം കാട്ടുന്നു.
കോമഡി റിങ്ങ്ടോണ്‍ കൂകിയാര്‍ക്കുന്നു
ചോരപ്പാത്തിയില്‍ പുതിയ നഖ നിറത്തിന് ടെന്ടെര്‍...
ദൈവങ്ങള്‍ ബി.പി .എല്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നു
സൌജന്യ ആരോഗ്യ ഇന്ഷുറന്സ്....
റേഷന്‍ ....
ദൈവം ബാനര്‍ പിടിക്കുന്നു
രാഷ്ട്രത്തിന്റെ ഭാഷയില്‍ പന്തെറിയുന്നു
.....ഗരീബി ഹട്ടാവോ.......അവസാനത്തെ സി ക്സര്‍.....രാജാവിനുള്ളത്.

Thursday, August 26, 2010

പാഠം ഒന്ന്

തുമ്പക്കുടം പൊട്ടി
തുമ്പി പാറി വന്നു
വമ്പുള്ള കാറ്റ്
അതിന്റെ കാലൊടിച്ചു
തുമ്പി ..തുമ്പക്കുടം തേടി
തുമ്പ ഒരമ്മവയറില്‍
മരുന്നായി പോയത്രേ ..
കേട്ടറിവും കണ്ടറിവും ഇല്ലാത്ത
തുമ്പിയെ
കുട്ടി പുസ്തകത്തില്‍ ഒട്ടിച്ചു
നല്ല പുസ്തകം ....തുമ്പി തുള്ളാന്‍ തുടങ്ങി.