Thursday, April 11, 2013

നമ്മള്‍

പ്രിയനേ
കാടിന്‍റെ ഹൃദയത്തിലേക്ക്
നിന്‍റെ കൈകളില്‍ എന്‍റെ സഞ്ചാരം .
 മുളംപാട്ടു മദിക്കുന്ന  വന വഴികളില്‍
നീയും  ഞാനും ഒരേ  സ്വരമായി .
പച്ചകളുടെ  മണത്തില്‍ നീ എന്നെ അറിഞ്ഞു 
അനേകം സുഗന്ധങ്ങളാല്‍ നിറഞ്ഞ തൂവാല പോലെ
നീ
എന്നെ മുഖത്തോട് ചേര്‍ത്തു
ചുണ്ടുകളുടെ തുടിപ്പില്‍  സ്നേഹം തൊട്ട്
അന്തിവാനം പോലെ  ചുവപ്പിച്ചു
കാറ്റ്  എന്‍റെ മുടിയിഴകളെ ശകാരിക്കുമ്പോള്‍
നീ അതിനെ യും  കഠിനമായി ശാസിച്ചു .
അപ്പോഴേക്കും കരിനിറം  പൂണ്ട മേഘങ്ങള്‍
കാറ്റിന്‍റെ കണ്ണു കെട്ടിയിരുന്നു .
ഭൂമിയുടെ  മടിയില്‍ എന്നെ കിടത്തി
ഏതോ  പുരാണം തിരയുകയായിരുന്നു നീ .
 തിരകള്‍ കല മ്പുന്ന  ഒരു സമുദ്രത്തെ
എത്ര  പെട്ടെന്നാണ് നീ  എന്നില്‍ കണ്ടെടുത്തത് .
പ്രിയനേ
നിന്‍റെ   ഉയിര്‍പ്പിലാടി മയില്‍പ്പീലികള്‍ പോലെ
വന വസന്തങ്ങള്‍
അവ  എന്നോട്  പ്രണയം കടം ചോദിച്ചു .
നീ  പകുത്തതെല്ലാം പകര്‍ത്താ നുള്ളതല്ലല്ലോ
എന്ന്   കാട്ടാറിന്‍ കൌതുകം.
അതുകൊണ്ടാവും ഇപ്പോഴും   അവിടെ
പൂത്തു നില്‍ക്കാന്‍ നമുക്കാവുന്നത് .







ചിത്രം

ഒരുല്‍സവത്തിന്‍ നെറുകയിലാണ് അവരുടെ  വീട്
കൊടിയടയാളങ്ങള്‍ മുറിഞ്ഞു പോയ വീട്
കിണര്‍ ത്താഴ്ചകള്‍ അലറുന്നതും
മല മുടികള്‍ ചായുന്നതും
കവിത  കണ്ണ് കെട്ടുന്നതും
കലാപങ്ങളുടെ കരള്‍ പിളരുന്നതും
 കൊത്തിവച്ച വീട് .
ചുവരുകള്‍ സംഗീതമാകുന്നതും
നിലം പതുങ്ങികള്‍ വെള്ളം മോഷ്ടിക്കുന്നതും
നിശബ്ദത  പായ വിരിക്കുന്നതും
നിലാവള്ളികള്‍ ഇഴഞ്ഞു പിരിയുന്നതും
വരകളാക്കിയ വീട് .
അവരുടെ  ഉടലുകളില്‍ നിന്നു
ഉത്സവങ്ങള്‍ കൊടിയഴിക്കുമ്പോള്‍
വീട്
വാഴക്കുരലുകളുടെ വിള്ളലുകളില്‍
ഉറവ തേടി .
ദാഹങ്ങളെ  നനച്ചു .
അങ്ങനെയാണ്
മരണത്തിന്റെ മണിക്കൂറുകളില്‍
അവര്‍ക്ക്
സൂര്യനെ ഇത്രയും അടുത്തു  കാണാന്‍ കഴിഞ്ഞത് .








ഓര്‍മ്മ



അഴിച്ചു വച്ച ഒരു ചിലമ്പ്
ആഗ്രഹങ്ങളുടെ താളം ചവിട്ടുമ്പോള്‍
നദി
വിലക്കുകളുടെ ഒരു തീരം  ഒഴിച്ചിടും.
അപ്പോള്‍ 
കാറ്റ് കോതുന്ന ഒരു  കാഴ്ചയുണ്ട്
പ്രണയം  മുഴുവന്‍ നദിയില്‍
മറിഞ്ഞു  കിടക്കുന്നു.
വിഷാദ ത്തിന്‍ തോണി ക്കാരന്‍
മിന്നല്‍ വിളക്കുകള്‍ അവളിലേക്ക്
തെളിക്കുന്നു
കണ്ണുകളുടെ ആഴങ്ങളില്‍ നിന്നും
അടയാള മല്‍സ്യങ്ങള്‍ നീന്തി വരുന്നു
 നീലനിറത്തില്‍ അവയുടെ
കരച്ചില്‍  പടരുന്നു
കലക്കങ്ങളില്‍ രാത്രി
ഇര മണക്കുന്നു .
തുഴ നീട്ടി ആകാശം  അവളോട്‌
ആശ്വാസം പറയുന്നു
മേല്‍ത്തട്ടില്‍ നിന്നു പറന്നു പറന്നു
വലക്കണ്ണി കള്‍ അവള്‍ക്കുമേല്‍ വിരിച്ച്
ചെറു കിളികള്‍
മഴ മഴ എന്ന് ചിലയ്ക്കുന്നു .
നദി  മാത്രം നൃത്തം വയ്ക്കുന്നു
അവളുടെ കാലില്‍ ചിലമ്പ്
മുറുകിക്കഴിഞ്ഞിരുന്നു.



 




തീവണ്ടി


ഉടല്‍മറിച്ചിലുകളെ തടഞ്ഞും തഴഞ്ഞും
നിലവിളികളെ  ചേര്‍ത്ത മര്‍ത്തിയും
താളമെന്നു ചിലര്‍ .
 അമ്മയോട് കരുണ ചെയ്തും
കുഞ്ഞിനോട്  കടുപ്പിച്ചും
ഇരുവരെയും സ്നേഹിച്ചും
ചിലപ്പോള്‍
ഹൃദയത്തിലേക്ക് വലിച്ചെടുക്കും .
പ്രണയത്തെ ഉലച്ചു ലച്ചു
ഉരുമ്മിയും ഉണര്‍ത്തിയും
ഉറക്കത്തിലേക്ക് നീക്കിയിടും .
ഒരു കല്‍ക്കരി ക്കനം കൊണ്ട്
വെളുത്തു  പോകുന്ന പകലേ
എന്ന് കൂവാന്‍ തുടങ്ങുമ്പോള്‍
ഓര്‍മ്മയിലെത്തും
കോരികയും  കോരുകാരനും .
പച്ചയും ചുവപ്പും നാട്ടിയ
നീട്ടു വഴികളില്‍
തമ്മില്‍ തല്ലാതെ പാളങ്ങള്‍ .
ഉള്ളില്‍ തീ നിറച്ചവരൊക്കെയും
ഇറങ്ങിപ്പോകുന്നു .
 സീറ്റിനടിയി ലെ പൊതിയില്‍ നിന്ന്
തല നീട്ടുന്ന തീത്തിരികള്‍
എവിടെ വച്ചാണ് അവ
പൂമ്പാറ്റ കളാകുന്നത് ?
കരിഞ്ഞ പൂക്കളുടെ തേന്‍ ഉണ്ണുന്നവ .
തിരക്കിലും
ഒരു  തീവണ്ടി  നല്ല
ചരിത്രകാരനാണ്‌ .









കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...