Saturday, July 27, 2013

കന്യാവ്


മേഘമരം വീണെന്‍ മുതുകൊടിഞ്ഞേ
മുല്ലപ്പൂ കൊണ്ടെന്‍റെ മുഖം മുറിഞ്ഞേ
തൂവലം കൊണ്ടാരോ തീ പൊതിഞ്ഞേ
കടലു കരിഞ്ഞു പറന്നു പോയേ ..
.
പൂക്കാ മരം വീണു കാറ്റടര്‍ന്നെ
മേക്കാവനം പാടി വട്ടമിട്ടേ
തത്തക്കിളിമൊഴി തപ്പടിച്ചേ
ഇല്ലി വളര്‍ന്നതിലാന ചത്തേ

ഒളിയമ്പിനുന്നം ചേര്‍ക്കാന്‍ ഒളിച്ചിരിക്കും
അറുവാണന്‍മാരുടെ പരദൈവങ്ങള്‍
തീകാഞ്ഞു കൊണ്ടോരോ വര്‍ത്താനം
പാറ്റുന്ന കണ്ടിങ്ങു നേരം വെളുത്തേ

കണ്ണാടി കണ്‍മഷി കരിവളയും
കാണിക്ക വച്ചവര്‍ മാറിനിന്നു
കരിവണ്ടു പോലൊരു ചോദ്യം മുരണ്ടു
"എവിടെടീ പെണ്ണേ പൊട്ടിക്കാളീ
കന്യാവിനടയാളം കാട്ടിത്താടീ "
അത് കേട്ടു പെണ്ണൊന്നു ചുറഞ്ഞിറങ്ങി.

ഒന്നാം പദം കൊണ്ട് മാനമളന്നു
രണ്ടാം പദം കൊണ്ടുപൂമിയളന്നു
കാലു നട്ട മണ്ണിലൊരടയ്ക്കാമരം
ഉള്ളിലെ തീ കൊണ്ടു പഴുത്തുനിന്നു

പെണ്ണു ചിരിച്ചാല്‍ കറുത്ത്‌ പോയി
പെണ്ണു പഠിച്ചാല്‍ പിഴച്ചു പോയി
പെണ്ണു വളര്‍ന്നു പരുവമാകാന്‍
ആരാനും ഊരാനും കാവല്‍നിന്നു

പെണ്ണിന് പന്ത്രണ്ടു തികഞ്ഞിട്ടില്ല
പാവ കളിച്ചു മുഴുത്തിട്ടില്ല
പള്ളി ക്കൂടം കണ്ടു നിറഞ്ഞി ട്ടില്ല
എങ്കിലും പേ റ്റി നു പരുവം തന്നെ !!

കള്ളടിച്ചിട്ടൊരു തെങ്ങുമറിഞ്ഞു വീണേ
കല്ലെറിഞ്ഞി ട്ടൊരു മല ഇടിഞ്ഞു വീണേ
നെല്ലെല്ലാം പതിരായി പറവയായെ
പെണ്ണിനെ പ്പെറ്റോരു പുഴുക്കളായെ!

കന്യാവിനടയാളം കാട്ടി ച്ചൊല്ലി
കരളു ചുവന്നൊരു ചെമ്പരത്തി
തൂവലം കൊണ്ടാരു തീ പൊതിഞ്ഞു !
തീക്കട്ട മേലേതുറുമ്പരിച്ചു !

Saturday, July 13, 2013

കറുപ്പും വെളുപ്പും

എട്ടും പൊട്ടും തിരിയാത്ത
എട്ടാം ക്ലാസ് ആയിരുന്നു അത് .
"ഞറുങ്ങനെ പിറുങ്ങനെ" ബോര്‍ഡില്‍
ഞാന്ന അക്ഷരങ്ങള്‍
വരേണ്യതയുടെ കാതില്‍മാത്രം കേറിക്കൂടി 
അവര്‍ തല്ലു കൊള്ളാതെ തല്ലു കൊള്ളികളായി
കറുപ്പും  വെളുപ്പും
വേര്‍ തിരിഞ്ഞിരുന്ന  മലയാളം ക്ലാസില്‍
"അന്യ ജീവനുതകാ"ന്‍ ആരുമില്ലായിരുന്നു .
കറുത്തത്  കാരയ്ക്ക തിന്നും കല്ലെറിഞ്ഞും
ഉച്ചനേരം കീഴടക്കി
വെളുത്തത് "ഭാരതമെന്ന പേരില്‍"
ജ്വലിച്ചു ജ്വലിച്ചു താല പ്പൊലിയായി
പള്ളി ക്കൂട പ്പെരുമ പത്രത്തിലെത്തിച്ചു.
മഴ പെയ്തപ്പോള്‍ വെളുപ്പ്‌" ഹായ് ഹായ്" എന്നും
കറുപ്പ് "അയ്യോ അയ്യോ" എന്നും ഒച്ചയിട്ടു .
ഒലിച്ചു പോകുന്ന കുടിലില്‍ മറിഞ്ഞു വീണു
മണ്ണു മൂടിയ മണ്ണെണ്ണ വിളക്കായിരുന്നു കറുപ്പ് .
മഴ കറുപ്പിനെ കൂടുതല്‍ സ്നേഹിച്ചു .
 ആദ്യ "രതി നിര്‍വേദം "റിലീസായ വാര്‍ത്ത
കറുപ്പാണ്ക്ലാസിന്റെ ഉള്ളംകൈ തുറന്ന്
ആരും കാണാതെചുരുട്ടി വച്ച് തന്നത്.
വിശപ്പിനെ  വിശ്വാസം കൊണ്ട് തോല്‍പ്പിച്ച
നട്ടുച്ചയിലെ  സര്‍പ്പക്കാവില്‍ രതിമരണം
പറഞ്ഞ്  ഒലിക്കുന്ന ആണ്‍ കൂട്ടങ്ങള്‍
കറുപ്പിന്റെ " സില്‍മാപ്പെര"യില്‍ ചെറ്റ പൊക്കി കളായി .
എല്ലാ പരീക്ഷണങ്ങളിലും കറുപ്പ് തേഞ്ഞു തീര്‍ന്നു .
വെളുപ്പ്‌ വെളുത്ത മുണ്ടുടുത്ത്
വെളിച്ച ത്തിലേക്കും
കറുപ്പ് കറുത്ത കൈ പിടിച്ച്
കറുപ്പിലേക്കും നടന്നു പോയി .
ഇപ്പോഴുംനടന്നു കൊണ്ടിരിക്കുന്നുഅത്
മുതുകത്തായി ഒരു കൂനുണ്ട് ,
വെളുപ്പിന്റെ ഉദ്ധാരണ പ്രക്രിയയിലെ
പുതിയ പരീക്ഷണ മായതിനാല്‍
ആ  കൂനാണ് ഇപ്പോഴും കറുപ്പിന്‍റെ തണല്‍. .














Wednesday, July 10, 2013

പ്രണയവും ഞാനും

പ്രണയവും ഞാനും പത്താംക്ലാസിലേക്ക്ഒന്നിച്ചു  ജയിച്ചപ്പോള്‍
എന്തു കൂട്ടായി രുന്നെന്നോ ഞങ്ങള്‍ തമ്മില്‍ .
മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞ കാലമായിരുന്നു അന്ന്
പുസ്തകം കീറി അമ്പടയാളം ഉണ്ടാക്കി യപ്പോള്‍
പരീക്ഷയുടെ നദി വെള്ളപ്പൊക്കം കാട്ടി പനിപ്പിച്ചു .
ഒരു മൈനയെക്കണ്ടാല്‍ അവനെ കാണില്ലെന്നും
രണ്ടെങ്കില്‍ കാണുക മാത്രമല്ല മിണ്ടുമെന്നും
അവളുടെ ജ്യോതിഷം
.
ഒടുവില്‍ അതൊരു രാജ്യാന്തര പുകിലായപ്പോള്‍
"ഇപ്പോള്‍ വരാ"മെന്നും പറഞ്ഞു  അവള്‍ഒളിച്ചു പോയി

നിറം വാര്‍ന്ന ഒരു നദി നിത്യം നിലവിളിച്ച്
മുന്നിലൂടെ കറങ്ങിയോടുന്നത് കാണാമായിരുന്നു എനിക്ക് .

ഒരുനാള്‍
അവള്‍ വന്നു മുന്‍പില്‍നിന്നു.
കട്ടിക്കണ്ണട യും കൈത്തറി സാരിയും അണിഞ്ഞ്
അവള്‍ ടീച്ചറാകാന്‍ പഠിക്കുക യായിരുന്നു .
പ്രണയത്തിനെന്തൊരു മൂപ്പ് !
ഓരോ കാലടി യും കൊണ്ട് സ്നേഹം അളന്നു
തരിശിടാന്‍ അവള്‍ക്കാകുന്നു
പ്രണയ ത്തിന്‍ ആപ്ത വാക്യങ്ങളെ
എന്‍റെ മനസ്സില്‍ നിന്നു മായ്ച്ചു കളഞ്ഞും

അവള്‍ എന്നെ എന്നില്‍ നിന്നു അഴിച്ചെടുത്തു

ഒരു പോലെ കറങ്ങിയോടുന്ന ചില നദികള്‍ .

ഒരു മഴയില്ലാ ക്കുന്നെ ടുത്ത്
മേഘ ക്കുഞ്ഞുങ്ങളെ എറിഞ്ഞു കൊണ്ട്
അവള്‍ പിന്നെയും  എവിടെയോ ഓടിപ്പോയി .

ഇന്നലെ വൈകി അവളെ എന്‍റെ കിടക്കയ്ക്കരികില്‍
ആരോകൊണ്ട് വന്നിരുത്തുകയായിരുന്നു .
അവള്‍ സമുദ്രംപോലെ ഉലയുകയും
രക്തം പോലെ ചുവക്കുകയും ചെയ്തു
അവള്‍ തീ പോലെ പഴുത്തിരുന്നു
പരവശമായ ഒരു നോട്ടം മാത്രമായി അവള്‍
കിടക്കയിലേക്ക് കുനിഞ്ഞു
എന്‍റെ  ഉള്ളം കയ്യിലെ മഞ്ഞില്‍ നിന്നു
  തണുത്തു  വിരിയുന്ന പൂക്കള്‍...
ഒരു മൈന പ്പാടം ...
ഇപ്പോള്‍
ചിരിച്ചു കൈകോര്‍ത്ത് ഞങ്ങള്‍
പ്രണയത്തിന്‍ പരീക്ഷകളുടെ
ചില  മുറിവുകളിലേക്ക്
വേദനയുടെ ഒരമ്പ് എയ്തു മറഞ്ഞിരിക്കുന്നു .











Tuesday, July 9, 2013

എന്തിനു സ്നേഹിക്കുന്നു,

എന്തിനു സ്നേഹിക്കുന്നു,
സ്വ ച്ഛമോരോ ചിരി
തങ്ങളില്‍ കാണുമ്പോഴേ
പക കറുപ്പിക്കുമെങ്കില്‍

എത്രയും പ്രിയപ്പെട്ട തെ-
ന്നുരയ്ക്കുവാന്‍ , വാക്കിന്‍
കൈകളാല്‍ പരസ്പരം
തൊടുവാനാകില്ലെങ്കില്‍

ഉള്ളിലോര്‍ക്കുന്ന കാലം
ഇന്നതെണ്ണി ക്കൂടെ
ചിരിക്കാനുംകരയാനും
മടിയായ് ക്കഴിഞ്ഞെങ്കില്‍

എന്തിനു സ്നേഹിക്കുന്നു,
മിന്നാനും തുടുക്കാനും
തമ്മിലൊന്നുരസ്സാനും
മറന്നേ കഴിഞ്ഞെങ്കില്‍

ഓര്‍മ്മ തന്‍ നൂലറ്റൊരാ
പട്ടത്തിന്‍ ചിറകിലെ
യാത്രയിപ്പോഴും നമ്മെ
സ്നേഹിച്ചു തളര്‍ത്തുമ്പോള്‍
എന്തൊരാകാശം !കടുംനീലം
നമ്മളീ ക്കുളിര്‍ താപം
കോരി ക്കുടിച്ചേ യിരിക്കുന്നു !.








കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...