Friday, September 17, 2010

ഫോസിലുകള്‍

നടുമുറിയില്‍ അരിമുല്ലയാവാനും
മുറ്റത്തെ ചെമ്പരത്തിയാവാനും
നാട്ടു വഴിയിലെ തെച്ചിയാവാനും
കഴിയുന്നോളെ ആരാണ്
നീട്ടിയ ഇലക്കുമ്പിളില്‍
തുളസിയായി കുടഞ്ഞിട്ടത് .....
ഇത്തിരി തീര്‍ഥ ത്തില്‍ തൊട്ടു
ചെവിക്കുടയില്‍ തിരുകി വച്ചത്....
എണ്ണത്തിളപ്പില്‍ കൈതോന്നിയായും
ചിരി നിറത്തില്‍ തുമ്പയായും
കലിക്കാലത്തില്‍ കാക്കപ്പൂവായും
ചിലപ്പോള്‍ ദീന പ്പൂവായും
മാറുന്നോ ളെ......
ആരാണ്
അത്തമായി വരച്ചത് ....
മലര്‍ന്നാലും കമിഴ്ന്നാലും മണംചോരുമെന്നു
കള്ളം പറഞ്ഞതാരാണ് ....
കയറ്റുമതിക്കാരന്‍ മതിപ്പ് വില പറയവേ...
തുലാസിന്‍ തട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ കൊത്തിക്കൊണ്ടു പോയ
പൂവിനു മുള്ള് മുളച്ചതും
നിലം പതുങ്ങിയതും ശേഷപത്രം .
തൊട്ടാവാടിക്കാടുകളുടെവിലാസം തേടിയോര്‍ക്ക്
ഏതോ അടുപ്പിന്‍റെ ശ വക്കുഴിയില്‍ നിന്നൊരു
കനലിന്‍ എല്ല് കിട്ടി.
ഫോസിലുകള്‍ ....ഒന്നു തന്നെ.

1 comment:

drkaladharantp said...

ഇടവഴിയ്ല്‍ കടാക്ഷിച്ചു നില്‍കുന്ന തെച്ചിപ്പൂ ഞാന്‍ കണ്ടിട്ടുണ്ട് .ചുറ്റുമുള്ള കുറ്റിക്കാടും.
ഒട്ടും മോശമല്ലാത്ത നിറ ചിരി പൂത്ത തുമ്പ .ആ ചിരിയുടെ നിഴലായി ഒരു മൌനവും. ചാരത്തു ആരോ യാത്രികന്‍ ചിലന്തി വലയില്‍മറന്നു വെച്ച (?) മഞ്ഞും മഴവില്ലും
അത്തം കാഴ്ചയായി മാറുന്ന സമൃദ്ധിയിലും തൂത്തു വാരുന്നോളുടെ ചൂല്‍ അവരെ പിറ്റേന്ന് ആശ്വസിപ്പിക്കുന്നതും .
ഓണം കാഴ്ചയുടെ ഏതു പക്ഷത്ത് നിന്നാണ് നോക്കേണ്ടത്.
മുല്ലപ്പൂ ഞെരിഞ്ഞ രാവിന്റെ വാടിയ മണം ബാല്യ കൌമാര തുടിപ്പിന്‍ കഴുത്ത് മുറുക്കി മുറുക്കി ജാതകം തിരയും.

"എനിക്കാരും തന്നതുമല്ല, ഞാനോട്ടെടുത്തതുമല്ല,മുല്ലപ്പൂ ഇറുന്നെന്റെ മുടിക്കെട്ടില്‍ ചൂടിയതാണ്."എന്ന നാടന്‍ പാട്ടില്‍ കൊരുത്ത് ആ നിമിഷങ്ങളെ തിരിചെടുക്കാമോ .ആര്‍ക്കറിയാം.
ഒരു കണക്കില്‍ ഞാനും നീയുമെല്ലാം ഒരേ പൂവല്ലേ എന്ന് ചോദിക്കുന്ന കവിത.ഇടെയ്കാരോ ഒരു പൂവിനെ" നീല തുളസി കതിരേ "എന്ന് വിളിക്കും.
ഒരു ഫോസിലായി മാറാ നാവത്ത എന്തോ അവശേഷിപ്പിക്കും.
അതാണ്‌ കുട്ടികള്‍ കണ്‍ നനവില്‍ തിരയുന്ന പോയ പൂക്കാലം.
കവിത ഒര്മിപ്പിച്ചതിങ്ങനെ....

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...