Sunday, August 25, 2013

കലഹം

നദി സമുദ്രത്തോടു കലഹം പറഞ്ഞു കഴിഞ്ഞു
അവള്‍ മടങ്ങിപ്പോകുകയാണ്‌ .
മീനുകള്‍ കുത്തി മറിഞ്ഞ ഒരുടലും
നരച്ചു പിന്നിയ മുടിനാരുകളും
മിന്നലുകള്‍ കത്തി പായിച്ച ഇട നെഞ്ചും
പരാതികളുടെ കക്കത്തോടുകളും
മുങ്ങി ത്താണ തോണിയില്‍ നിന്ന്
പാഞ്ഞു വന്ന ഒരു നിലവിളിയും
അവള്‍ പൊതിഞ്ഞെടുത്തു .

മത്സ്യ കന്യകളുടെ ജയിലറ കളില്‍
സ്വാതന്ത്ര്യം നീന്തി മരിക്കുന്നതും
ചുരം കയറാനാഗ്രഹിച്ച തിരകളെ
പട്ടിണിയ്ക്കിട്ടു കൊല്ലുന്നതും
വല്ലപ്പോഴുമെത്തുന്ന മനുഷ്യ ജഡങ്ങളെ
വൈടൂര്യങ്ങളാക്കി മാറ്റുന്നതും
സുനാമികള്‍ അടുക്കി വയ്ക്കുന്നതും
കണ്ടു കണ്ടാണ്‌ അവള്‍ക്ക് മടുപ്പുണ്ടായത് .

നദി അതാ പുറപ്പെട്ടു പോകുന്നു .

സമുദ്രം പക്ഷികളെ പറത്തുന്നു.
പറന്നു വരുന്ന നദികളെ വല വീശുന്നു .

1 comment:

ajith said...

പൊട്ടനെപ്പോലെ ഞാനിതാ തിരിച്ചുപോകുന്നു

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...