Saturday, August 13, 2011

ഉത്തരം

കടല്‍ത്തീരം തിരകളുടെ ചങ്ങാത്തത്തില്‍
കവിത മെനയുകയായിരുന്നു 
കാറ്റ്  കവിതയെ  കൈകളിലൊതുക്കി 
പ്രണയികളുടെ നെഞ്ഞിലേക്ക് കറക്കിക്കുത്തി .
സമയത്തിന്‍റെ രഥത്തില്‍ വാക്കുകള്‍ ലോഹത്തൊപ്പി അണിഞ്ഞു 
പ്രാണ സങ്കടങ്ങള്‍ക്ക് അവളുടെ മുഖമെന്നു  അവന്‍ .........
ഹൃദയ വേഗങ്ങളില്‍ അവന്‍ മാത്രമെന്ന് അവള്‍ ....
നക്ഷത്രങ്ങള്‍ക്ക് ചിറകുകള്‍ വച്ചുണ രുന്നത്  അവര്‍ കണ്ടു
മാലാഖ മാരില്ലാത്ത  കാലത്തിലേക്ക് അവ പറന്നു പോയി 
ദൈവം   അവയോടു  ഭൂമിയുടെ അടയാളം ചോദിച്ചു
നക്ഷത്രങ്ങളുടെ കാഴ്ച........
 അവനോടും അവളോടും മാത്രം  കടപ്പെട്ടിരുന്നു .




Friday, August 5, 2011

യുദ്ധ വിരുദ്ധം

പള്ളിക്കൂടത്തില്‍ നിന്ന് മടങ്ങുകയായിരുന്നു അവള്‍ 
അരപ്പാവാട നിറയെ ക്രയോണ്‍ നിറങ്ങള്‍..
വര്‍ണ്ണ ക്കടലാസില്‍ അവള്‍   വരച്ചെടുത്ത തത്തമ്മ 
പുസ്തക സഞ്ചിയില്‍ നിന്ന് പറന്നു പോകാന്‍ 
പുറത്തേക്ക് ചുണ്ട് നീട്ടി .
അവളുടെ കൈ നിറയെ സടാക്കോ കൊക്കുകള്‍ 
കണ്ണില്‍ ആന്‍ ഫ്രാങ്കിന്‍റെ സ്നേഹക്കുറിപ്പ്...
അവള്‍ വീട്ടിലെത്താന്‍ തിടുക്കം കാട്ടുകയായിരുന്നു ...
.......................................................................................
പുലരിയില്‍ ...........
ഉടച്ച   പെന്‍സില്‍ പോലെ 
ഞെരിച്ച മഷി ത്തണ്ട് പോലെ 
പഴയ ബിംബ കല്‍പ്പനകളില്‍ 
അവള്‍ വെറുങ്ങലിച്ചു കിടന്നു .
ക്രയോണ്‍ നിറങ്ങളില്‍ ചാലിച്ച്  ചോരത്തുള്ളികള്‍ 
പാവാടയുടെ നിറത്തെ കത്തിച്ചു .
അവള്‍ക്കരികില്‍ സമൂഹവും മരിച്ചു കിടന്നു ...
.ഏതു യുദ്ധ ത്തിലാണ് തുടക്കത്തിലേ 
അവള്‍ .തോറ്റു പോയത്?


യാത്ര

മഞ്ഞു നിലങ്ങളില്‍ പൂവ് വിരിയുമെന്നും 
അതിനു ഹൃദയാകൃതിയും 
ചോരയുടെ നിറവും 
സ്നേഹത്തിന്‍റെ സുഗന്ധവു മായിരിക്കുമെന്നും 
അവനെന്നോട് പറഞ്ഞു 
കണ്ണുകളില്‍ ഞാന്‍ അവിശ്വാസത്തിന്‍ രേഖ പടര്‍ത്തിയപ്പോള്‍
ഉള്ളം കയ്യില്‍ എന്നെയുമെടുത്ത് 
അവന്‍ പ്രണയ നിലങ്ങള്‍ക്ക്‌ മീതെ പറന്നു 
ഭയാനകമായ ദൂരം പിന്നിട്ട്‌
ഞങ്ങള്‍ എത്തുമ്പോഴേക്കും 
മഞ്ഞു പാളികളില്‍ ഒരു കുഞ്ഞുപൂവ് 
തുടുക്കുകയായിരുന്നു 
ഞാനതിന്‍ നെഞ്ഞിലേക്ക് കാതുകള്‍ ചേര്‍ത്തു
ഹോ !അവന്‍റെ ഹൃദയത്തിന്‍റെ അതെ മിടിപ്പ് ....

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...