Thursday, November 24, 2011

തിഹാര്‍

തിഹാര്‍ 
രണ്ടു ഇന്ത്യാക്കാര്‍ രാഷ്ട്ര ഭാഷയില്‍ തെറിച്ചു പറയുന്നു 
നെഞ്ചില്‍ വെടിപ്പുക ഉയരുന്ന മഹാനത് കേട്ട് നില്‍ക്കുന്നു 
ചെവിയില്‍ നിന്ന് സ്വാതന്ത്ര്യ സമരവും 
മൂക്കില്‍ നിന്ന്  വന്ദേ മാതരവും
കണ്ണില്‍ നിന്ന് ജാലിയന്‍ വാലാ ബാഗും 
പുറത്തേക്കൊഴുകുന്നു .
അകത്ത്
വെള്ളി ക്കോപ്പയില്‍ കുറുക്കന്മാര്‍ സൂപ്പ് നുണയുന്നു
വാര്‍ത്തകളുടെ വറുതിയിലേക്ക് 
മൊബൈലിന്റെ മുഖം കോര്‍ക്കുന്നു 
കോടി കോടി എന്ന് കേട്ട് 
കാമ കോടി പതിയെ നമിക്കുന്നു 
പത്രോസുമാര്‍ വശങ്ങളില്‍ പാറാവ്‌ നില്‍ക്കുന്നു 
തിഹാരില്‍ ഇപ്പോള്‍ 
കവിതകള്‍ കള്ളങ്ങളെ പ്രസവിക്കുന്നു 
ജനിച്ചയുടന്‍ വലുതാവുന്ന അല്‍ഭുത ക്കുഞ്ഞുങ്ങള്‍ !
തിഹാര്‍ 
രാത്രിയില്‍ ആത്മ കഥയെഴുതുന്നു 
അവള്‍ക്കിപ്പോള്‍ ജയിലിന്‍റെ ശരീരമല്ല 
അനേകം അറകള്‍ ഉള്ള പ്രപഞ്ചത്തില്‍ 
അവള്‍ 
ആര്‍ക്കും വേണ്ടാത്ത ഒച്ചുകളെ ചുമക്കുന്നു .



Monday, November 21, 2011

സഭാചാരം

അമ്പല മുറ്റത്തെ  അന്തി പ്രണയത്തിന്‍റെ കണ്ണില്‍
മുളക്  പൊടി എറിഞ്ഞ്
സദാചാര വിദഗ്ദ്ധന്‍
ആള്‍ സ്വാധീനം നേടി
പള്ളി ക്കുരിശിനു മറവില്‍
പ്രാവുകള്‍ക്ക് തീറ്റ കൊടുത്തു കൊണ്ടിരുന്ന
ഒരാണിനേം പെണ്ണിനേം
തീ കൊടുത്തു കളിച്ചാണ്
സദാചാരത്തിന്‍ രണ്ടാമൂഴക്കാര്‍
കയ്യടി നേടിയത്
മുഖം മറച്ചിട്ടും മനം മറക്കാനാകാത്തോള്‍ക്ക്
മുല്ലപ്പടര്‍പ്പില്‍ നിന്നൊരു മുത്തം
അടര്‍ത്തി നല്‍കവേ   വീണ്ടും
സദാചാര ത്തപ്പന്മാര്‍ സട കുടഞ്ഞു  .
സദാ ചാരക്കാര്‍ സഭാചാരക്കാര്‍ ആയപ്പോള്‍
സദാ ............ചാരം മാത്രം
അമ്മമാരില്‍ ഭയം ചെറു കിളികളാകുന്നു.
കൂട് തുറന്നു വച്ചിട്ടും അവ പറന്നു പോകുന്നില്ല.
ചിറകും ചുണ്ടും  കാട്ടി  നേര്‍ക്ക്‌ നേര്‍
വളര്‍ന്നു വലുതാകുന്നു
മക്കളോടൊപ്പം അകത്തേക്കും പുറത്തേക്കും പോകുന്നു .

 മക്കള്‍ക്കൊപ്പം കിളികളെയും തടവിലാക്കി
അമ്മമാര്‍ വീട് പുലര്‍ത്തുന്നു .
അസ്ഥി വാരമില്ലാത്ത വീട് ...

 ആള്‍ പ്പാര്‍പ്പില്ലാത്ത ലോകം .....
ചോര്‍ന്നൊലിക്കുന്ന ഒരു സദാചാരപ്പുര !.







Sunday, November 20, 2011

വരം

 ഇരുള്‍ മുറിച്ചു കടക്കാന്‍ എനിക്ക്
വെളിച്ചത്തിന്‍റെ വാതിലുകള്‍ വേണമായിരുന്നു
മഴയുടെ തെരുപ്പാട്ട് കേള്‍ക്കാതിരിക്കാന്‍
പുലരിയുടെ ഭൂപാളം വേണമായിരുന്നു
വെയില്‍ മുനകളില്‍ മുറിയാതിരിക്കാന്‍
വസന്തങ്ങളുടെ നിഴല്‍ വേണമായിരുന്നു
രാ ഭൂതങ്ങളുടെ തുടല്‍ക്കെട്ടു മുറുക്കുവാന്‍
തിരകളുടെ ഹൃദയ രാഗം വേണമായിരുന്നു
കടലിന്‍റെ ആവനാഴിയില്‍ നിന്നും
ജല കണങ്ങളായി അവനെന്നെ  തൊടുമ്പോള്‍
 സ്വപ്നങ്ങളുടെ ഒരു മാന്ത്രികപ്പുതപ്പ്!
ചോദിക്കുന്നതെല്ലാം തന്നു കൊണ്ടേയിരുന്നു
പിന്നെ
തൊടുന്നതെല്ലാം പുലരി
മായാത്ത തെല്ലാം സന്ധ്യ
ഒരേ ഭാരങ്ങളാല്‍ നെയ്തു  നീര്‍ത്തവ .

Monday, November 7, 2011

ആയിര വല്ലി

കുഞ്ഞുന്നാളില്‍ ഉറക്കം കൊത്തിയെടുക്കുവോളം 
വടക്കേ തിണ്ണയില്‍ നിന്ന് കണ്ണുകളെ ചൂണ്ടിക്കൊണ്ട് പോകാന്‍ 
ഒരു കാഴ്ചയുണ്ടായിരുന്നു .
ആയിര വല്ലി  ക്കുന്നില്‍ നിന്ന് മാടനും മറുതയും 
ചങ്ങലകളാല്‍ പരസ്പരം ബന്ധിച്ചു 
കുന്നിറങ്ങുന്ന കാഴ്ച 
 രാചെന്നിട്ടും കള്ള ഉറക്കം നടിക്കുന്ന കുട്ട്യോളെ 
രണ്ടാളും കൂടി താങ്ങിക്കൊണ്ടോകുമെന്നു അമ്മുമ്മ.
പേടി ക്കനം കുറഞ്ഞ പ്പോഴേക്കും വയസ്സ് വലുതായിരുന്നു 
കുന്നിന്‍റെ മുടിക്കെട്ടിനകത്ത് നങ്ങേലിയുടെ ഉണ്ണീം 
പിന്നെ പൂവു തേടി പ്പോയോരും ഉണ്ടാവുമെന്ന് അപ്പോള്‍ നിനച്ചു 
സന്ധ്യ  കൊളുത്തി വച്ചപോലെ  കുന്നിന്‍ നെറുകയില്‍
ഒറ്റത്തിരി വയ്ക്കാന്‍ ആരും പറഞ്ഞിട്ടല്ല  !
ചില്ല വച്ച തെക്കന്‍ കാറ്റ് ഒപ്പം കൂടിയത് അറിയാഞ്ഞല്ല!
ആയിര വല്ലി ആകാശ ത്തോളം വലുതായി നിന്നത് 
ഇതൊക്കെ കാണാനും കൂടിയാണെന്ന് 
നോവലില്‍  ഒരാള്‍ എഴുതി വച്ച് കുന്നിറങ്ങി   .
ദേശക്കാരുടെ നോവിലും നിനവിലും 
അവള്‍ ആള്‍ സാന്നിധ്യമായി വളര്‍ന്നതങ്ങനെ.
പ്രാക്കിലും ചാക്കാലയിലും സംബന്ധത്ത്തിലും 
ആളുകള്‍ അവളെ പുലയാട്ടും .....
വഴിമുടക്കിയെന്നു .....കൊഞ്ഞനം കുത്തും 
അതാവും 
അവള്‍ ആരോടും ഒന്നും പറയാതെ 
റബ്ബര്‍  മണങ്ങള്‍ ക്കൊപ്പം നാട് വിടാന്‍ തീരു മാനിച്ചത് 
അവളുടെ പള്ളയില്‍ ക്കൂടി റോഡുകള്‍ പുറത്ത് ചാടുമ്പോള്‍ 
കയ്യിലൊരു ഒറ്റ ത്തിരിയുമായി ഒരേ നില്പാണ് ..
മറി കടന്നു പോകാന്‍ മടിക്കുന്ന സന്ധ്യ  .          
കൊളുത്തി  ക്കാട്ടാന്‍  ആ പാദങ്ങലെങ്കിലും ബാക്കിയായാലോ ..
.



കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...