Saturday, July 13, 2013

കറുപ്പും വെളുപ്പും

എട്ടും പൊട്ടും തിരിയാത്ത
എട്ടാം ക്ലാസ് ആയിരുന്നു അത് .
"ഞറുങ്ങനെ പിറുങ്ങനെ" ബോര്‍ഡില്‍
ഞാന്ന അക്ഷരങ്ങള്‍
വരേണ്യതയുടെ കാതില്‍മാത്രം കേറിക്കൂടി 
അവര്‍ തല്ലു കൊള്ളാതെ തല്ലു കൊള്ളികളായി
കറുപ്പും  വെളുപ്പും
വേര്‍ തിരിഞ്ഞിരുന്ന  മലയാളം ക്ലാസില്‍
"അന്യ ജീവനുതകാ"ന്‍ ആരുമില്ലായിരുന്നു .
കറുത്തത്  കാരയ്ക്ക തിന്നും കല്ലെറിഞ്ഞും
ഉച്ചനേരം കീഴടക്കി
വെളുത്തത് "ഭാരതമെന്ന പേരില്‍"
ജ്വലിച്ചു ജ്വലിച്ചു താല പ്പൊലിയായി
പള്ളി ക്കൂട പ്പെരുമ പത്രത്തിലെത്തിച്ചു.
മഴ പെയ്തപ്പോള്‍ വെളുപ്പ്‌" ഹായ് ഹായ്" എന്നും
കറുപ്പ് "അയ്യോ അയ്യോ" എന്നും ഒച്ചയിട്ടു .
ഒലിച്ചു പോകുന്ന കുടിലില്‍ മറിഞ്ഞു വീണു
മണ്ണു മൂടിയ മണ്ണെണ്ണ വിളക്കായിരുന്നു കറുപ്പ് .
മഴ കറുപ്പിനെ കൂടുതല്‍ സ്നേഹിച്ചു .
 ആദ്യ "രതി നിര്‍വേദം "റിലീസായ വാര്‍ത്ത
കറുപ്പാണ്ക്ലാസിന്റെ ഉള്ളംകൈ തുറന്ന്
ആരും കാണാതെചുരുട്ടി വച്ച് തന്നത്.
വിശപ്പിനെ  വിശ്വാസം കൊണ്ട് തോല്‍പ്പിച്ച
നട്ടുച്ചയിലെ  സര്‍പ്പക്കാവില്‍ രതിമരണം
പറഞ്ഞ്  ഒലിക്കുന്ന ആണ്‍ കൂട്ടങ്ങള്‍
കറുപ്പിന്റെ " സില്‍മാപ്പെര"യില്‍ ചെറ്റ പൊക്കി കളായി .
എല്ലാ പരീക്ഷണങ്ങളിലും കറുപ്പ് തേഞ്ഞു തീര്‍ന്നു .
വെളുപ്പ്‌ വെളുത്ത മുണ്ടുടുത്ത്
വെളിച്ച ത്തിലേക്കും
കറുപ്പ് കറുത്ത കൈ പിടിച്ച്
കറുപ്പിലേക്കും നടന്നു പോയി .
ഇപ്പോഴുംനടന്നു കൊണ്ടിരിക്കുന്നുഅത്
മുതുകത്തായി ഒരു കൂനുണ്ട് ,
വെളുപ്പിന്റെ ഉദ്ധാരണ പ്രക്രിയയിലെ
പുതിയ പരീക്ഷണ മായതിനാല്‍
ആ  കൂനാണ് ഇപ്പോഴും കറുപ്പിന്‍റെ തണല്‍. .














1 comment:

ajith said...

കറുപ്പിനെന്നും കൂട്ട് ഇതൊക്കെത്തന്നെ.
എവിടെയും!!

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...