Monday, November 21, 2011

സഭാചാരം

അമ്പല മുറ്റത്തെ  അന്തി പ്രണയത്തിന്‍റെ കണ്ണില്‍
മുളക്  പൊടി എറിഞ്ഞ്
സദാചാര വിദഗ്ദ്ധന്‍
ആള്‍ സ്വാധീനം നേടി
പള്ളി ക്കുരിശിനു മറവില്‍
പ്രാവുകള്‍ക്ക് തീറ്റ കൊടുത്തു കൊണ്ടിരുന്ന
ഒരാണിനേം പെണ്ണിനേം
തീ കൊടുത്തു കളിച്ചാണ്
സദാചാരത്തിന്‍ രണ്ടാമൂഴക്കാര്‍
കയ്യടി നേടിയത്
മുഖം മറച്ചിട്ടും മനം മറക്കാനാകാത്തോള്‍ക്ക്
മുല്ലപ്പടര്‍പ്പില്‍ നിന്നൊരു മുത്തം
അടര്‍ത്തി നല്‍കവേ   വീണ്ടും
സദാചാര ത്തപ്പന്മാര്‍ സട കുടഞ്ഞു  .
സദാ ചാരക്കാര്‍ സഭാചാരക്കാര്‍ ആയപ്പോള്‍
സദാ ............ചാരം മാത്രം
അമ്മമാരില്‍ ഭയം ചെറു കിളികളാകുന്നു.
കൂട് തുറന്നു വച്ചിട്ടും അവ പറന്നു പോകുന്നില്ല.
ചിറകും ചുണ്ടും  കാട്ടി  നേര്‍ക്ക്‌ നേര്‍
വളര്‍ന്നു വലുതാകുന്നു
മക്കളോടൊപ്പം അകത്തേക്കും പുറത്തേക്കും പോകുന്നു .

 മക്കള്‍ക്കൊപ്പം കിളികളെയും തടവിലാക്കി
അമ്മമാര്‍ വീട് പുലര്‍ത്തുന്നു .
അസ്ഥി വാരമില്ലാത്ത വീട് ...

 ആള്‍ പ്പാര്‍പ്പില്ലാത്ത ലോകം .....
ചോര്‍ന്നൊലിക്കുന്ന ഒരു സദാചാരപ്പുര !.







6 comments:

പൊട്ടന്‍ said...

ആക്ഷേപ ഹാസ്യത്തിന്‍റെ ലേശം മേന്പൊടി ചേര്‍ത്ത് പൊള്ളുന്ന സത്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിന്തിപ്പിക്കുന്ന നല്ല വരികള്‍ .

drkaladharantp said...

എന്തൊരു കേരളം ?
ആണും പെണ്ണും
കണ്ടാലും മിണ്ട്യാലും
ഉണ്ടാലും ഉടുത്താലും
കോങ്കകണ്ണുമായി അണി രോഗിയെപ്പോലെ പമ്മി പമ്മി കൂടും
കണ്ടോ കണ്ടൊന്നു നെറ്റിയില്‍ ചുളിവു തഴപ്പിക്കും
രാകി മൂര്‍ച്ച കൂട്ടിയ, അക്ഷരം പിഴച്ച പ്രാര്തനകള്‍
പര്‍ദയിട്ട പകലില്‍ മാളത്തില്‍ ഒളിഞ്ഞു നോക്കും
രാവില്‍ പടം പൊഴിക്കും പത്തി വിരിക്കും
സ്വമതസ്നേഹഹസ്തം നീട്ടും ആയുധം പിഴവില്ലാത്ത പരിചയം കാട്ടും


എന്തൊരു കേരളം
സ്നേഹിക്കുന്നതിനു ശിക്ഷ
നേതാവാനെങ്കില്‍ വീര മുദ്ര .വിജയ ഭേരി
ആണത്തം ..!

എന്തൊരു കേരളം
പട്ടിണി കിടന്നാല്‍ അല്പം കഞ്ഞിവെള്ളം കൊടുക്കാന്‍ കൂടില്ല
ഒരു പ്രതിഷേധം കൂടാം
ഉദ്ഘാടനം അഭയ തന്നെ ആയിക്കോട്ടെ .

dreamer said...

നന്നായി, ഈ സദാ ചാരക്കാര്‍ക്കെതിരെ കൂടുതല്‍ ആളുകള്‍ പ്രതികരിക്കട്ടെ...

krishnakumar513 said...

കാലികം,നന്നായി ഈ പോസ്റ്റ്...

ttwetew said...

നല്ല വരികള്‍, ആശംസകള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...