പുലരുവാന്‍ ഏഴര രാവുണ്ടായിരുന്നു
കിനാവുകള്‍ കാവലുണ്ടായിരുന്നു
ഇടവും വലവും വിലക്കുകള്‍
വി ശ്വാസമില്ലായ്മയുടെ കണ്ണുകള്‍ പായിച്ചു കൊണ്ട്
ഞങ്ങളെ അളന്നു കൊണ്ടിരുന്നു
.വഴിമരങ്ങള്‍ വിഷാദ രോഗികളുടെ പട്ടികയില്‍
സ്വന്തം പൂക്കളുടെ പേരു ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു
അവയുടെ നൊമ്പരങ്ങളായാണ് പിന്നെ ഞങ്ങള്‍
പലതായി പകുത്തതും ഒന്നായി നിറഞ്ഞതും.
യാത്രയില്‍ അന്ന്
പരസ്പരം പറഞ്ഞ തൊക്കെയും പകര്‍ത്തിയത് മൌനം
പ്രണയ നക്ഷത്രങ്ങളുടെ സഞ്ചാരങ്ങളില്‍ നിന്ന്
കളിയാട്ടത്തിന്‍റെ ഊരു കാഴ്ചകളിലേക്ക്
പുലരിയെ കൈമാറുമ്പോള്‍
ഹൃദയങ്ങളുടെ കൊടിപ്പടം ഒന്നായിക്കഴിഞ്ഞിരുന്നു
അതുകൊണ്ട്
തെയ്യക്കാലം ചുവടു വയ്ക്കുമ്പോഴെല്ലാം
പിന്നോട്ട് പായുന്ന വഴിമരങ്ങളിലെ പൂവുകള്‍
തുറന്നു വച്ച പ്രണയ പുസ്തകങ്ങള്‍...
മുന്നോട്ടുള്ള പ്രാണ സഞ്ചാരങ്ങള്‍
.
1 comment:
ചുവപ്പ് വീശുന്ന രാത്രിക്കനലുകളില്‍
നാടിന്റെ ചുവടുകള്‍ ഉലഞ്ഞു തുള്ളി
ആല്‍മരക്കോലം വിഷ്ണുമൂര്ത്തിയെയും
അമ്മക്കോലങ്ങളെയും കവിഞ്ഞു നിന്നു
ആയിരം ഇലകളില്‍ പതിനായിരം താളങ്ങള്‍
കുമ്പിട്ടു നിന്ന എന്റെ ശിരസ്സില്‍
നക്ഷത്രമലരുകള്‍ ചോരിഞ്ഞനുഗ്രഹം
ദേവതകള്‍ മടങ്ങിപ്പോയി
ഞാന്‍ പുലരിയിലേക്ക് നടന്നു
അപ്പോള്‍ കണ്ടു
കൂടെ ഒരു നക്ഷത്രം!
എന്റെ ആകാശത്ത് കളിയാട്ടം തുടങ്ങി
Post a Comment