Friday, November 14, 2025

ഒച്ച

 നീ കേൾക്കുന്നുണ്ടോ

രാത്രി അതിനോടു തന്നെ

ഇഷ്ടം കൂടുന്നത്?

നീ കേൾക്കുന്നുണ്ടോ

പുഞ്ചിരി അതിനെത്തന്നെ

മായ്ച്ചു കളയുന്നത് ?

നീ കേൾക്കുന്നുണ്ടോ

ചിറക് അതിന്റെ തന്നെ

ചിറകടിയെ

മുറിച്ചു കളയുന്നത്?

നീ കേൾക്കുന്നുണ്ടോ

നിന്നെ നീ തന്നെ

വിളിക്കുന്നത്?

നീ കേൾക്കുന്നുണ്ടോ?

ഉണ്ടോ?

കേൾവിയുടെ കേൾവി ?


ഋതു

മഞ്ഞ്

കൊടും ശൈത്യം

എങ്കിലും കാണാം

നിറയെ

പ്രണയ മന്ദാരങ്ങൾ

പ്രണയ മിനാരങ്ങൾ

പ്രണയ മൈനകൾ

പ്രണയ നദികൾ

പ്രണയ മൊഴികൾ

പ്രണയ സൂര്യൻ

പ്രണയ നക്ഷത്രം

പ്രണയ.....

Thursday, November 6, 2025

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു
ചെറുമഴയോടു ചേർന്ന് ഒരു കിളി
സല്ലപിക്കുന്നതു കേട്ടു
ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ
സന്ധ്യയെ തൊട്ടു
 ജലം തുടിക്കുന്ന വേരുകളിൽ 
ഭൂമിയെ മണത്തു.
പ്രണയത്തിന്റെ തളിരിലകൾ രുചിച്ചു 
അങ്ങനെ എല്ലാം
എന്നേയ്ക്കും പുതിയതായി. 


Sunday, January 28, 2024

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു
ഋതു
നൊന്തുവിളിക്കുന്നതായി
തോന്നുന്നുണ്ട്
മഞ്ചാടിമഴയിലെന്ന  പോലെ
ചുവന്നു നനയുന്നുണ്ട് 
പനകളുടെ ചില്ല കീറി 
വരുന്നൊരു
പിടച്ചിലിൽ
ചേർത്തൊതുക്കി
മധുര വെള്ളത്തിൻ്റെ
മരണമിറ്റിച്ച്
അതു കടന്നു 
പോകുമ്പോൾ
ഉടൽ മാത്രം 
കരയുന്നതെ
ന്തിനാവാം. 







Monday, January 2, 2023

 സ്നേഹലോഹം

നീലത്തിരകൾക്കുള്ളിൽ നിന്നും

നീലാകാശച്ചാട്ടുളിയാൽ

കഴുത്തു തുളഞ്ഞ

ഒരു വെള്ളിമീൻ മേഘം

കരയിലേക്കോടിക്കയറി.

കുടുകുടാ കണ്ണുച്ചുവന്ന്

ചെകിളപ്പൂ വിളറി

വാലറ്റത്താൽ

മരണക്കുഴി കുഴിച്ച്

ചലന മറ്റപ്പോൾ

മഴ വന്നൂരിയെടുത്തു

സ്നേഹലോഹത്തുണ്ടിനെ .





Sunday, January 1, 2023

രംഗം

 നാടകത്തിലെ സ്ഥാനം

അരങ്ങിന്റെ മധ്യത്ത്

തല കുനിച്ചിരിക്കണം

കള്ളിമുൾച്ചെടിയാകണം

മണലുപ്പു രുചിക്കണം

കണ്ണിലുരസും കാഴ്ചയെ

കണ്ടില്ലെന്നു വയ്ക്കണം

ഇതെന്തു ചെടിയാണെ-

ന്നാരാനും ചോദിച്ചാൽ

മൗനം കൊണ്ടു മുറിക്കണം

പിന്നെയും ചോദിച്ചാൽ

അരങ്ങൊഴിയണം.

അപ്പോൾ

കൈയടി കേൾക്കാം

മികച്ച നടി


Monday, May 24, 2021

 എ ബ്യുട്ടി ഫുള്‍ മൈന്‍ഡ് 

അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ  ജോണ്‍ ഫോര്‍ബ്സ് നഷിന്റെ ജീവ ചരിത്രം പറയുന്ന ചലച്ചിത്രം . ലോകത്തിലെ ഏറ്റവും മികച്ച കോഡ് ബ്രേക്കര്‍ ആയ നാഷ്  സിക്സോഫ്രീനിയ എന്ന മനോരോഗത്തിലേക്ക് വഴുതുകയാണ്  .അയാള്‍ വാസ്തവികതയില്‍ നിന്നൂ മിഥ്യയുടെ ലോകത്തേക്ക് തെന്നി മാറുന്നു  പ്രണയത്തിലൂടെ ഒന്നായ അലീഷ്യയുടെ സ്വപ്‌നങ്ങള്‍  വളരെ വേഗം  മൃതിപ്പെടുകയാണ് .അലീഷ്യ യുടെ ശ്രമങ്ങള്‍ ജോണിനെ ജീവിതത്തിലേക്ക് വലിച്ച ടു പ്പിക്കുന്നു .എക്കനോമിക്   സയന്‍സിനു  നോബല്‍ സമ്മാനത്തിനു അര്‍ഹാനാവുകയാണ്  നാഷ് .ഇതൊരു സിനിമയായി മാത്രം കണ്ടിരിക്കനാവില്ല .മനോരോഗാ ശുപത്രിയിലെ നീണ്ട ചികില്സാകാലം  നമ്മെ വല്ലാതെ മുറി പ്പെടുത്തും .അയാളുടെ നിസ്സഹായതയുടെ ഫ്രെയിമുകളാണ് ചിത്രത്തെ  ധ്യാന പ്പെടുത്തുന്നത് . 


സില്‍വിയ നാസര്‍  രചിച്ച ബ്യുട്ടിഫുള്‍ മൈന്‍ഡ്  എന്ന ജീവ ചരിത്രം അതെ പേരില്‍ സിനിമയാവുകയായിരുന്നു .റസ്സല്‍ ക്രോവ് ആണ് നാഷ്  എന്ന ജീനിയസ്സിനെ അവതരിപ്പിച്ചത് 

 

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...