Sunday, December 23, 2012

പെണ്‍കുഞ്ഞ് 2013




  • പൂക്കളുടെ ചോര തുപ്പി
    തീയാല്‍ ശ്വാസപ്പെട്ട്
    ഓരോ പുരുഷാകൃതിയി ലേക്കും
    അവള്‍ പെറ്റു വീഴും .

    ഭൂമി നിറയെ അവയുടെ കാടുകളാണ്

    പരവതാനിയിലെ സൂചി ത്തലപ്പുകള്‍
    മൂടി വ യ്ക്കപ്പെട്ട മൈനുകള്‍
    അവളെ മരിച്ചടയാളം ചൊല്ലാന്‍
    കുതറി നില്‍ക്കുന്ന ഉണര്‍ച്ചകള്‍

    പൊട്ടി യൊലിച്ച്
    നിലവിളി ച്ചാലില്‍
    ചിതറിയ പൂമ്പാറ്റ പോലെ
    അവള്‍
    ലോകത്തെ കണ്ടു കണ്ടങ്ങനെ കിടക്കും

    ലിംഗ വ്യവസായിയായ ഒരു
    ധര്‍മ്മ പുരുഷന്‍
    ക്ലാസ്സിക് കണ്ണീരിനെ
    അവളിലേക്ക്‌ ഊതിക്കയറ്റും

    ഇപ്പോള്‍
    നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത്
    പെണ്‍കുഞ്ഞ് 2013 ന്‍റെ
    അതി ശരീര ഭാഷ യാണ്

    അവള്‍ക്കായി
    ആരെങ്കിലും വയലിടങ്ങളിലെ
    പതം വന്ന മണ്ണില്‍
    സ്നേഹം നടും വരെ
    പകര്‍ത്തപ്പെടുന്ന ഇന്നിന്‍റെ ലിപി .


Wednesday, December 19, 2012

കല്ലിന്റിടുക്കിലെ ഞണ്ടേ

  1. കല്ലിന്റിടുക്കിലെ ഞണ്ടേ
    കല്യാണത്തിനു പോകണ്ടേ "?

    കൈ പിടിച്ചേതോ ചാത്തനന്തി -
    ച്ചാവേറായിന്നു, കണ്ടുവോ നീ ?
    കോലോത്തു കാഴ്ചക്കു പണ്ടമായി
    കോലവും കെട്ടിയിരിപ്പൂ താത്രി .

    ആനയ്ക്കെടുപ്പോളം പൊന്നു വേണം
    ആളുമമ്പാരിയും കൂടെവേണം
    ആയിരം കണ്ടങ്ങള്‍ വേറെ വേണം
    അച്ചാരം വച്ചല്ലോ കല്യാണം -

    ആ സ്വപ്ന രാശി യെ കാണാതെ
    അല്ലിന്റെയുള്ളിലെ സ്നേഹത്തെ
    പെണ്കൊടി തന്നെ വീണ്ടെടുത്തു
    ഇഷ്ടത്തെ യങ്ങനെ കണ്ടെടുത്തു.
    ജാതി മതത്തോടിരക്കാതെ
    അവരാ സ്നേഹ ത്തിര മുറിച്ചു .

    ഓര്‍ക്കുന്നോ ഞണ്ടേ നീയന്നത്തെ
    രാവും കലമ്പലും കൊള്ളി വയ്പ്പും
    നീയിറങ്ങുന്ന നേരത്തല്ലോ
    പേടിക്കുടലായി വന്നു താത്രി .

    രാവു പണി ഞ്ഞൊരു കാതല്‍ പോലെ
    ചെക്കനിങ്ങെപ്പുറം ചാളയിന്മേല്‍
    ചെന്ന് തല ചായ്ക്കാനൊട്ടൊരുങ്ങെ
    ഞെട്ടറ്റു മുന്നിലായ് ചെമ്പകപ്പൂ .

    നെഞ്ചു പിടച്ചവള്‍ കൈ പിടിച്ചു
    "ചാത്തനു കൂട്ടിനി ഞാന്‍ തന്നെ "
    മിന്നല്‍ മുഖത്തേക്കു വീണ പോലെ
    ഞെട്ടിയാ മണ്ണിന്‍റെ കൂട്ടുകാരന്‍

    മൈന ക്കിളിയുടെ കണ്ണില്‍ നോക്കി
    മെല്ലെ മൊഴിഞ്ഞാ മിടുക്കത്തി
    തീണ്ടലും ചൂണ്ടലുമില്ലാത്ത
    ലോകം പണിയുവാന്‍ നമ്മള്‍ പോരും.
    .
    കല്ലിന്റിടുക്കിലെ തള്ള ഞണ്ടേ കഥ
    കണ്ണ് നിറഞ്ഞന്നു കേട്ടുവോ നീ ?

    കല്ലിന്റിടുക്കിലെ ഞണ്ടേ യിന്നും
    കല്യാണം കൂടാന്‍ പോകുന്നോ ?

    മിന്നും നിലാവല പോലൊരുത്തി
    മിന്നിച്ച സ്നേഹ വെളിച്ചത്തില്‍
    അവരൊന്നിച്ച ക്കൂര മേയാനായ്
    ഇപ്പം പുറപ്പെടും തള്ള ഞണ്ടേ .
    .
    അയ്യോ നീയേറെ വൈകിയല്ലോ
    ചാത്തന ച്ചാവേറു തന്നെയായി.
    ജാതി മുഴത്തിന്‍ കയറിനുള്ളില്‍
    അവനതാ മരണമായ മാറുന്നു .

    അമ്പിളി കണ്ണീരൊതുക്കത്തില്‍
    പുത്തനാം താലി പണിയുന്നു
    താത്രിയെ യാചാര ക്കൂടിനുള്ളില്‍
    താഴിട്ടു കാലം പൂട്ടുന്നു .

    ഏണും മുഴയുമായ് ശില്‍പ്പി തന്ത്രം
    ഏറെ പ്പിഴവുറ്റ ജീവിതത്തില്‍
    കവി യന്നു പാടി പ്പതിപ്പിച്ചു
    പുത്തനാം ചരിതം, മുറിയാതെ .

    അക്കഥ പാടെ മറന്നിട്ടാ
    ജാതി ബോധത്തിന്‍ ചുടുകാട്ടില്‍
    അറുകൊല ചെയ്യാനൊരുങ്ങി നില്‍ക്കും
    മാനവനെന്താണോ നീതി ബോധം?

    കല്ലിന്റിടുക്കിലെ കള്ള ഞണ്ടേ ,യിനി
    ജാതിയില്‍ നീയെന്ത് ?ചൊല്ലാമോ ?



Saturday, November 10, 2012

അവതാരം

കൈ കൊണ്ട് ആഞ്ഞൊന്നു തള്ളിയതെ ഉള്ളൂ
തുറന്നു തന്നു ലോകം അതിന്‍ വാതില്‍ .
ലോകം പേടിച്ചു പോയിരുന്നു
ആന കളിക്കാനും
ആളെക്കൊല്ലാനും
ആടകള്‍ തിരയാനും തുടങ്ങിയപ്പോഴേ
 കത്രിച്ചു  കളഞ്ഞതാണ് ആ വിഷ മുലകളെ.
മഴ പേടിച്ചു പോയിരുന്നു
നെല്ല് കൊടുത്തു പണവും
പണം കൊടുത്തു പണിയും വാങ്ങവേ.....
കഴുത്തരിഞ്ഞതാണ്  ഇപ്പോഴത്തെ കുറ്റം
സ്നേഹം പേടിച്ചു പോയിരുന്നു .
ഇപ്പോള്‍ കയ്യില്‍ അനേകം കുടകള്‍ ...
പേടിപ്പിക്കാത്ത നിറങ്ങള്‍ ..
എന്നിട്ടും കൂര്‍ത്ത കൊമ്പുകളില്‍
കുടുങ്ങിപ്പിടഞ്ഞു പുറത്തി ഴയുന്നു
അനേകം കുടല്‍ മാലകളുടെ ചരിത്രം .


പിഴ

സ്വപ്നത്തില്‍ ഒരു തേര്
നിര്‍ത്താതെ പാഞ്ഞുപോകുന്നു
ചക്രങ്ങളെ അത് ചുമലിലെടുത്തിരുന്നു
ഓരോ മുരള്‍ച്ച യിലും ഓരോ ശപഥം.
മുന്നിലെ കാടും പിന്നിലെ വീടും
മതി മതി എന്ന് നിലവിളിച്ചു
യുദ്ധം ജയിച്ചു വന്നപ്പോള്‍
തേര് കാണാതെ മുറ്റത്തു
അനേകം അണി വിരലുകള്‍
അടക്കം പറഞ്ഞു തുടങ്ങി .........................

Saturday, October 6, 2012

അമ്മ

വരുമ്പോള്‍ ചന്ദനം മണക്കുമെന്നു ആരാണ് പറഞ്ഞത്
സംഗീതവും ചിരിയും ഒപ്പമുണ്ടാവുമെന്നു ആരാണ് പറഞ്ഞത്
കിടക്കയില്‍ ഇരിക്കുമെന്നും നെ റുക തൊടുമെന്നും ആരാണ് പറഞ്ഞത്
മരിച്ചവരെക്കുറിച്ച് എന്തെന്തു കള്ളങ്ങള്‍!
അമ്മ
കഴുത്തിലും നെറ്റിയിലും വേര്‍പ്പിന്‍റെ  ഈറന്‍ മഴ യോടെ
അടുപ്പു ചാരം മൂടിയ   കള്ളിത്തോര്‍ത്തില്‍ കണ്ണ് തുടച്ച്
മെലിഞ്ഞ വിരലാല്‍ തൊട്ടു വിളിച്ചു
മുന്നില്‍ ഒറ്റ നില്‍പ്പാണ്
ഇപ്പോള്‍  എല്ലാ രാവിലും .
കാണാതായ കലണ്ടറുകള്‍
നിലവിളിക്കുന്ന പകലുകള്‍
വേനല്‍ പൊള്ളിച്ച വാക്കുകള്‍
 ഒപ്പം കൊഞ്ചി മയങ്ങിയ  സ്നേഹത്തില്‍ നിന്ന്
മുറിച്ചെടുത്ത  ഹൃദയം
എല്ലാം ചേര്‍ത്ത് വച്ച്  
അമ്മ 
അകം കവിത ചോദിച്ചു
അഴകില്ലാത്തവ .
കണ്ണു നീരില്‍ നിന്ന് അമ്മ യഥാര്‍ഥ കവിത
കണ്ടെടുക്കവേ .........
ചോരയില്‍ നിന്നോരാലിം ഗനം പിറന്നു
ഇപ്പോള്‍
എല്ലാ രാവിലും നിറഞ്ഞ്
തങ്കം  പോലെ  മനസ്സുള്ള .........
കൂട്ടുത്തരം പോലെ നിറയുന്ന അമ്മ.





 

Sunday, September 23, 2012

ആശ്രമ കന്യക

നെല്ലളന്നു വച്ചിട്ടൊണ്ട്
മുലക്കച്ച കെട്ടി മുറുക്കീട്ടൊണ്ട്
മുള്ള് കൊണ്ടെന്നു കള്ളം പറഞ്ഞു
തിരിഞ്ഞു നോക്കാതിരിക്കാന്‍
ജോടി ച്ചെ രുപ്പ് ഇട്ടിട്ടൊണ്ട് .
വരുന്നോ വരുന്നോ  എന്ന് നോക്കി നോക്കി
എപ്പോഴേ പാള കിണറ്റിലിട്ടു നിക്കുന്നൊണ്ട്
ഇനി
വരുന്നോന്‍റെ മുഖത്തു ചാമ്പാന്‍
ഒരു വണ്ടിന്‍റെ  ചെറ്റേ വേണം
ബോട്ടാനിക്‌ ഗാര്‍ഡ നീ ചെന്നപ്പം
പൂവര ശിനു പേ റ്റു നോവ്‌
പതിച്ചി ചതിച്ചത്രേ
കൊച്ചിനേം കൊണ്ട് കാടിറങ്ങിയ പ്പോ ....
പോലീസു കാര് വഴി മൊടക്കി
എല്ലാരും ളോഹയിട്ടോരെന്നു തോന്നി
 ഉള്ളതെ പറഞ്ഞുള്ളൂ 
ഇല്ലച്ചോ ...ഇതെന്ടതല്ല
ഞാനവിടെ പള്ളിക്കി ണറ്റീ...
ചത്തു പൊന്തീട്ടൊണ്ട്
അച്ചന് പറയാനുള്ളതെല്ലാം
കൈ കാലിട്ട ടിച്ചു
ചൊവരേല്  എഴുതീറ്റൊണ്ട്
ഒരു വാക്കും മാറ്റല്ല്.......
ഒരു തെറ്റും വരുത്തല്ല് ,,,,,,
എന്റേം അവള്‍ടേം മറ്റവള്‍ടേം
ശവക്കുറീല് പേരങ്ങനെ തെന്നെ മതി
ഒറ്റ പ്പേര് ".ആശ്രമ കന്യക ."

ഉരച്ചുരച്ച്....

ഡീ .കൊച്ചേ
ആ മുട്ടായി ച്ചാറത്രേം
ദേണ്ടെ ..ഒലിചെറങ്ങുന്നു
ഛെ..അത് നക്കാനല്ല ,

പോയി കഴുകിക്കള ..അസത്ത്
ഡീ ...പെണ്ണേ
ഒലിച്ചിറങ്ങി വട്ടം വരച്ചതു കണ്ടോ
കെടക്കപ്പായിലും പാവാ ടെലും
കഴുകിക്കള  ...അശ്രീകരം

ഡീ .നിയ്യല്ല്യോ  സൂക്ഷിക്കേണ്ടത്
നീം  കരയണ്ട
പോട്ടെ....കഴുകി ക്കള
ശവം !

അങ്ങനെ
തല നരച്ച് മൂക്ക് വളഞ്ഞ്
മുറീ ലും മൂലയ്ക്കും മുറ്റത്തും
ഇപ്പോഴും
കഴുകികഴുകി കളയുന്ന അഴുക്കെന്തു
കഥയും കവിതയും കൂടി
കഴുകി ക്കഴുകി
കൈ തേഞ്ഞു തേഞ്ഞു ഇല്ലാതായ ഒരു പെണ്‍ കുട്ടി

Saturday, September 8, 2012

പറയാതെ വയ്യ

കടല്‍
നേര്‍ത്ത നീല
ചൂളം വിളിക്കുന്ന കാറ്റ്
കൈ തട്ടിയോടും വെയില്‍
വെറുതെ പൂത്ത പൂവാക
കയര്‍ത്തു തേങ്ങും പകല്‍
നീ
പറഞ്ഞ പോലെല്ലാം .
 നടുക്കങ്ങളില്ലാത്ത രാവ്
തിളച്ചാറി വീഴും മേഘം
തണുപ്പറ്റ മഴ
തീ പാറും തിര
എങ്കിലും
കാണാം നമുക്കതില്‍ നമ്മെ .
വിരല്‍പ്പാടുകള്‍
വീണ കളുടഞ്ഞ പാട്ടുകള്‍
മുദ്രകള്‍
ചുവര്‍ചിത്രം രചിച്ച തണല്‍ത്തുമ്പികള്‍
നോക്കുകള്‍
നിശബ്ദമായ്‌ പെയ്ത മഴകള്‍
സമയം ,,,,,,
"കറങ്ങിയോടുന്ന സെക്കന്‍ഡ്‌ സൂചി"ത്തലപ്പ്.
യാത്ര
കാറ്റാടികള്‍,ഇണ മരങ്ങള്‍,ഇല പ്പുതപ്പുകള്‍
ഉദാര മയക്കങ്ങള്‍,ഉണര്‍ച്ചകള്‍
കടലൊഴുക്കുകള്‍,കാല്‍പ്പാടുകള്‍ ....
സ്നേഹം
തീരാത്ത  സന്ധ്യകള്‍
തീരമില്ലാക്കടല്‍
എരിയുന്ന കാട്
ഇരവിന്‍റെ സൂര്യന്‍
പാട്ടിന്‍റെ മൌനം ......
പകര്‍ന്നാളുവാന്‍ നമ്മള്‍
പടര്‍ന്നേറുവാന്‍ നമ്മള്‍
"കവി" ചൊന്നതെന്തീ
സായന്തനത്തിലും !
ചോദ്യ മല്ലതിനുത്തരം പറഞ്ഞാ
സന്ധ്യകള്‍ പോവതല്ലവ
നമ്മില്‍തുടുക്കയാണെപ്പൊഴും
"സ്നേഹിച്ചു തീരാത്തവര്‍"

[ഓ .എന്‍ .വി യുടെ പ്രസിദ്ധ കവിത]










Saturday, July 21, 2012

നോവുപാട്ട്

സ ത്യേ ..............

കുമിളിയോളം ഒന്ന് വന്നു പൊയ്ക്കോട്ടേ
നിന്നെയും കൊണ്ട് കുന്നിറ ങ്ങട്ടെ
കൂമ്പാ ള കോട്ടി മുഖം മറയ്ക്കട്ടെ
കാളം പോളം വിളിച്ചു നോവടക്കട്ടെ
കണ്ണ് ചൂഴ്ന്ന് കാഴ്ച പോക്കട്ടെ
കാടും പടലും തിന്ന് വേവ് മാറ്റട്ടെ
സത്യേ..........
പതിനാറു  തിണര്‍ത്ത  നിന്നില്‍
ഇരണ്ടു ദിനം മാറാടിയവരെ
   തല നുള്ളി പേ വായ്ക്ക് കൊടുക്കാന്‍
പേച്ചി യില്ല കന്നിയില്ല മാരനില്ല
കല്ലായി കല്ലായി നില്‍പ്പാണ് എല്ലാം
സത്യേ...........

ഒറ്റക്കയ്യലൊരു കൊമ്പനെ 
താഴ്വാരത്തെക്ക് ചുഴറ്റ ട്ടെ 
തോല്‍പ്പറ കൊട്ടി വാറ്റു വിഴുങ്ങുന്നോരോട് 
തോല്‍ ക്കത്തി കൊടുത്ത് അടയാളം പറയട്ടെ 
പൊക്കിള്‍ ച്ചുഴി കീന്തി പ്പോന്തി
കൊടി കെട്ടിയോരുടെ 
കൂടും കുടുക്കേമുടച്ചു കുലമറുക്കട്ടെ

എല്ലാ വെള്ളിക്കും കാട്ടുവഴീല്‍ 
നീ ചെമ്പകമാകുമെന്നു കളവായി പ്പറ യുന്നോരെ 
ഇനി കാണാതാ കുമെന്ന് 
ഞങ്ങക്കൊരു വിശ്വാസം .വിശ്വാസം

ഉടലില്‍ നിന്നും കവിതയെല്ലാം ചോര്‍ന്നപ്പോള്‍
നീ വിളിച്ച ഒടുവിലെ വിളി
മലയും മാനും മുയലും ചേര്‍ത്തുവച്ച വിളി
കേള്‍ക്കെ കേള്‍ക്കെ നെഞ്ച് മുറുകുന്നു
  ഉയിര് രക്ഷപ്പെട്ടോ ടുന്നു
മരി ച്ചതെല്ലാം ഞങ്ങള്‍
സത്യമായി നീ ...
അവരും .

[കുമിളിയില്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട കൊച്ചു സത്യക്ക്‌ ] 

Thursday, July 12, 2012

സഹനം

 എന്നില്‍ എത്ര മുറിവുകള്‍ .....
പൂക്കാലം പോലെ......
ഓരോന്നിലും നിന്‍റെ  ഹൃദയ ദലങ്ങള്‍
അവയുടെ  നിറം പകര്‍ന്നിരിക്കുന്നു ...
മുള്ളുകള്‍ മുത്തു കോര്‍ക്കും പോലെ 
വേദനയുടെ പൂക്കളെ വിടര്‍ത്തുന്നു
സഹനത്തിന്‍  കുരിശടയാളം വച്ചു
നീ യാത്രയാകുമ്പോള്‍ അവയ്ക്ക്
ചിരിക്കാന്‍ കഴിയുന്നത്
നിന്നെ മാത്രം ഓര്‍ത്തിട്ടാണ് ....
പുലരിയില്‍ ഉദിച്ചുയരുന്ന
തുടുത്ത വലിയ മുറിവ് പോലെ  എന്നും  നീ ....
എന്‍റെ  ആകാശത്തെ സ്നേഹമാക്കുന്നു .


Saturday, July 7, 2012

പച്ചകള്‍

 എന്നെ തേടുമ്പോള്‍ നീ  ജൈവ സംസ്കൃതിയെ തൊടുന്നുവെന്ന്..
ഇളകി  മറിയുന്ന കണ്ണുകളും  ഇഴ ചേരുന്ന എന്‍റെ മുടിക്കെട്ടും
നീലമലയുടെ യും നിറ മേഘങ്ങളുടെയും ഒരേ പതിപ്പ് ..

 നിന്‍റെ പരിശ്രമങ്ങള്‍ എഴുതിവച്ച  എന്‍റെശരീരം .
ഉരുകുന്ന വെയിലില്‍  പറന്നു നടക്കുന്ന
  ആസക്തികളുടെ ആലസ്യ  ക്കിതപ്പുകള്‍.

ഇല  കൊഴിഞ്ഞ വള്ളിയും ഇതള്‍ കൊഴിഞ്ഞ പൂവും
 എന്‍റെ  ഋതു ഭേദങ്ങളുടെ കൊള്ളരുതായ്മകള്‍
കാട്ടു മരങ്ങളുടെ നിഴലുകള്‍ വീണ അരുവികള്‍

നീ പകര്‍ന്ന ആശ്ചര്യ ങ്ങളുടെ  ഇന്ദ്ര ജാലം.
പായല്‍പ്പച്ചകളില്‍ മഴയുടെ കൈവിരല്‍
മേഘങ്ങളുടെ ചുംബനം ചേര്‍ത്ത് വരയ്ക്കുമ്പോള്‍
നനഞ്ഞ ചീരപ്പാടമായി ഞാന്‍ ചാഞ്ഞു കിടക്കുന്നു
വെള്ളരി മുളകളില്‍ കാറ്റിന്‍റെ കിള്ളല്‍
ഒരു കീറല്‍ വച്ചു മടങ്ങിയപോലെ
നൊന്തിട്ടും നോവാതെ   എന്‍റെ  വിളവെടുപ്പുകാലം .



                                                                                                                     










Sunday, June 3, 2012

വീണ്ടും

ഇന്നലെ
ബസില്‍ തൊട്ടുമുന്നിലെ സീറ്റിന്‍ പിറകില്‍.......
കണ്ണന്‍ പ്രേമിക്കുന്നു നീനയെ ..
    ആരോ ചിഹ്നം ചേര്‍ത്ത് പറയാതെ പറഞ്ഞ കവിത .
കണ്ണന്‍ കറുത്ത ജീന്‍സും  നൂല്‍ ബാഗുമായി
നീന ചുരിദാറും  കൈ പേര്‍സു മായി
ഏതെന്കിലും സ്റ്റോപ്പില്‍ നിന്ന് .........? .
ആഗ്രഹങ്ങളുടെ കുത്തിത്തിരിപ്പില്‍ നിന്ന്
അസഹ്യതയുടെ  സര്‍വകലാശാലയിലേക്ക്
എനിക്കും സഹയാത്രികക്കും ഒരേ ടിക്കറ്റ്‌ !
നോക്കണേ.......
നമ്മള്‍ പഠിക്കുമ്പോള്‍ ........
അവര്‍ കൈലെസേടുത്ത്  വാക്ക്  തുടച്ചു കളഞ്ഞു
 വിരലുകളും  കവിളുകളും ചെറുപ്പം തുള്ളി  ... വിറച്ചു
മൊബൈലില്‍  നിന്ന് അക്കങ്ങളെ  അടര്‍ത്താന്‍ തുടങ്ങി.
എന്റെ കൈകള്‍ക്ക് മഞ്ഞിന്റെ ആവരണം ........
കണ്ണുകളില്‍ നിന്ന് കണ്ണനും നീനയും പൊഴിഞ്ഞു പോയി
പിന്നെ 
കയ്യിലൊളിപ്പിച്ച കരിക്കട്ട കൊണ്ട്
ഓരോ സീറ്റിനു പിന്നിലും ഞങ്ങള്‍ കുത്തിവരച്ചു
ഒരിക്കല്‍   മറന്നു പോയ  അതെ വരകള്‍ ....
 സ്റ്റോപ്പുകള്‍ മറി കടന്നു പോയ  ബസ്‌ ......
യാത്രക്കാരെ കണ്ടതേയില്ല ......... 




Friday, June 1, 2012

...............പാതകം

കൊല എന്നത് എന്തിന്റെ പരിഭാഷയാണ് ?
കൈ കൊടുത്തു പിരിയു ന്നോര്‍ക്കിടയില്‍ അത്
 ശൂന്യതയിലെ വാള് പോലെ വെറുതെ ചോര വീഴ്ത്തും
ചെമ്മരിയാടിന്‍ താടി കത്രിക്കുന്ന ലാഘവത്തോടെ അത്
അതുവരെയുള്ള സ്നേഹത്തെ അധിക്ഷേപിക്കും
ഓരോ  അമ്മയുടെയും ചുണ്ടില്‍ നിന്ന്
പുറത്തേക്കിഴയുന്ന താരാട്ടില്‍ അതു  തണുപ്പ് വീഴ്ത്തും 
കൊല എന്നത് ആരുടെ പരിഭാഷയാണ് ?
പേടിച്ചു  പിന്തിരിയുന്ന ഒരു യുവാവ്
അവനോടു തന്നെ പറയുന്നതാവുമോ അത് ?
അഹന്തയുടെ  നാവുമായി ചുറ്റി ത്തിരിയുന്നവര്‍
പാടുന്ന ഒടുവിലെ പാട്ടാകുമോ അത്?
കിടക്കയുമെടുത്ത്  നടക്കാന്‍ ശ്രമിക്കുന്ന
മുടന്തന്റെ  ദൈന്യ മുണ്ട തിന്
വാടാതിരിക്കാന്‍ ശ്രമിച്ചു ശ്രമിച്ചു
വേരറ്റു പോയ  ചെടി യുടെ പതര്‍ച്ച യുണ്ടതിന്...
എന്നിട്ടും കൊല ആരുടെ അഹങ്കാരമാണ് ,,,,,,,,,,,,
 ഓരോ വയലിലും പച്ച കുത്തുന്ന കൊലയുടെ
ആദ്യ പാഠങ്ങള്‍ സ്വന്തം നെഞ്ചത്ത് പരതാന്‍
വെട്ടു കിളികളുടെ ഒരു സംഘം ഇന്നലെ രാവിറങ്ങി പോലും .
എന്നിട്ടും കൊലയുടെ പാട്ടിനു താള ഭംഗ മില്ല
അതില്‍  മുറിഞ്ഞ വരുടെ ജീവന് ഇപ്പോഴും പിടപ്പ് .......





Monday, May 14, 2012

നമ്മള്‍

ഉടലിനും അപ്പുറ ത്തെക്കാണു  നീ വിളിച്ചത്
ഉന്മാദ ങ്ങളുടെ ഉണര്‍ചകളായി നിന്‍റെ വാക്കുകള്‍
കാടകങ്ങളുടെ ഗാഡ നീലിമയില്‍
സമുദ്ര സഞ്ചാരങ്ങളുടെ കപ്പല്‍ ചുഴികളില്‍
സ്വപ്നങ്ങളുടെ സൂര്യ കാന്തി പ്പൂക്കളായി
അവ വിരിയുകയും ചായുകയും ചെയ്യുന്നു
കാത്തിരിപ്പിന്‍ ലാവണ്യം നെയ്തുടുക്കുന്നു
അഹങ്കാരികളുടെ സ്വര്‍ഗം പണിയുന്നു
ഉയിരിന്‍ തീജ്വാലകള്‍ പടര്‍ത്തി വീശി
സന്ധ്യകള്‍ സമാഗമത്തിന്‍ ചുംബനങ്ങളെ
നക്ഷത്ര ങ്ങളില്‍ വരച്ചിടുമ്പോള്‍
നിന്‍റെ ഹൃദയ സ്പര്‍ശങ്ങളില്‍
ഞാന്‍ എന്നെ എഴുതി വയ്ക്കുന്നു .



Sunday, April 22, 2012

അവിരാമം


വേനല്‍ പ്പനിയുടെ അബോധങ്ങളില്‍ നിന്ന്
സ്വപ്നങ്ങളുടെ പണിക്കാര്‍ ഇറങ്ങിപ്പോയി 
അവര്‍ നിഴലുകളില്‍ വെളിച്ചത്തെ ഭ്രമിപ്പിച്ചു 
മഴയിരമ്പി വന്നു  മയിലാടും പോലെ 
കാടിറങ്ങി വന്നു കാറ്റാകും പോലെ 
പനിക്കാലത്തിന്‍ കുറത്തിയാട്ടം .
അപ്പോള്‍ 
വയല്‍ പ്പൂവിന്‍ മണമായി നീ ......
കിളിക്കൂടിന്‍ ചെല്ലമായി നീ ............
പച്ചയുടെ പ്രാണനായി നീ ........
പരിഭവങ്ങളുടെ തൂവാലയില്‍  നെയ്തതൊക്കെയും
സ്വപ്നങ്ങളുടെ ശ ലഭങ്ങള്‍...
അവ പറന്നു കൊണ്ടേ യിരിക്കുന്നു 
അവിരാമം 
എന്നില്‍ നിന്ന് നിന്നിലേക്ക്‌ അവയ്ക്ക് 
ഒരു ഇമയനക്കത്തിന്‍  ദൂരമേയുള്ളൂ ..

Monday, April 9, 2012

പരിചിതം

തണ്ടൊടിഞ്ഞ ചെടിപോലെ
ആകാ ശം വാടിക്കിടക്കുകയും
സന്ധ്യ അതിന്‍റെ നാവില്‍ നക്ഷത്ര ജലം
തൊട്ടു വയ്ക്കുകയും ചെയ്തു .
മണ്ണ് ഉഷ്ണിച്ചു വിയര്‍ക്കുകയും
സൂര്യ ഗോളം തീ നാവുകളാല്‍
അതിനെ ച്ചുംബിച്ചുലയ്ക്കുകയും ചെയ്തു
 ഉണ്ണാനും ഉടുക്കാനുമില്ലെങ്കിലും
മനുഷ്യര്‍ പ്രാര്‍ഥിക്കാന്‍ പഠിക്കുകയും
ദൈവം ചുണ്ടനക്കങ്ങളെ സ്നേഹമായി
വിശ്വാസ പ്പെടുത്തുകയും ചെയ്തു
പുഴകളെ  എടുത്തു നടക്കുവാനും
സമുദ്രങ്ങളെ കോപ്പയില്‍ നിറയ്ക്കുവാനും
മേഘങ്ങളെ പുതച്ചു കൊള്ളാനും  അവന്‍ കല്‍പ്പിച്ചു
ഇല്ലാ വചനങ്ങളുടെ കേള്‍വിയില്‍
 മനസ്സിലേക്ക്
 മണ്ണ് വരച്ചു കൊടുത്ത
ഒരു വഴിയടയാളമാണ് മനുഷ്യര്‍ മായ്ച്ചു കളഞ്ഞത്
ഇപ്പോള്‍ ......
വേരുകളില്ലാത്ത   ഒരു വനം പോലെ
 മനുഷ്യരും  ദൈവവും   ദാഹിച്ചു മരിക്കുന്നു ..
പ്രാര്‍ഥനകളുടെ കല്ലറയില്‍ വര്‍ഗീയ കലാപം .






Monday, April 2, 2012

വാസ്തവം

കിളി പാടും മരങ്ങളേ......
കാവ്‌ തീണ്ടും കുള ങ്ങളേ........
മിന്നല്‍ പൂക്കും മേഘങ്ങളേ.......
പൂവ് തേടും വനങ്ങളെ .........
വെയില്‍ തിരയും വാനമേ .......
മഴ യെഴുതും മാരിവില്ലേ ......
പച്ചയുടെ പകര്‍ച്ചയില്‍
പന്തലിടും ഭൂമിയേ .......
ഹൃദയ ഞരമ്പിന്‍ നദികളേ......
ഇണ പ്പാട്ടിന്‍ ഇരവുകളെ..........
തുണ ചേരും പകലുകളെ.........
തുടി മുഴക്കും പദങ്ങളെ......
തുടി ച്ചെഴുന്ന താരകേ ........
 അവനുമെനിക്കുമിടയില്‍ ജീവന്റെ തെളിവായതെല്ലാം
സന്ധ്യയുടെ  തിരയടയാ ളമായി
    പ്രണയ മെഴുതിയെന്നു ..........
കാറ്റിന്‍റെ മൊഴി ...........കളവല്ല .!










Sunday, April 1, 2012

സ്വപ്നം

ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ............
തെരുവുകള്‍ക്ക്‌ തീ പിടിച്ചെന്നും  
റോസാപ്പൂക്കള്‍ യുദ്ധ ത്തിനി റങ്ങിയെന്നും
ദാരു ശി ല്പ്പങ്ങള്‍ തിരികെ മരങ്ങളിലേക്ക് പ്ര വേ ശി ച്ചെന്നും
മണിവീണകള്‍ തന്ത്രികള്‍ മറിച്ചു വിറ്റെന്നും
വീടുകള്‍ ഉറങ്ങുന്നവരെയും കൊണ്ട് പറന്നു പോയെന്നും
നാവ് രുചികളെ ദഹിപ്പിച്ചു കളഞ്ഞുവെന്നും
മോണോലിസയുടെ പുഞ്ചിരിയില്‍ നിന്ന് -
അതിശയത്തിന്റെ  കല്ലടര്‍ന്നു പോയെന്നും ......
പുഴകള്‍ അലക്കുകല്ലില്‍ തല തല്ലി മരിച്ചെന്നും -------
എനിക്ക് സ്വപ്ന ദര്‍ശ നം.
അര്‍ദ്ധ രാത്രിയില്‍  സ്വാതന്ത്ര്യം ലഭിച്ചവളുടെ ധര്‍മ സങ്കടം .



Sunday, February 12, 2012

ഒരു തെയ്യക്കാലത്തിന്‍ ഓര്‍മ്മയ്ക്ക്‌

പുലരുവാന്‍ ഏഴര രാവുണ്ടായിരുന്നു
കിനാവുകള്‍ കാവലുണ്ടായിരുന്നു 
ഇടവും വലവും വിലക്കുകള്‍
വി ശ്വാസമില്ലായ്മയുടെ  കണ്ണുകള്‍ പായിച്ചു കൊണ്ട് 
ഞങ്ങളെ  അളന്നു കൊണ്ടിരുന്നു 
.വഴിമരങ്ങള്‍  വിഷാദ രോഗികളുടെ  പട്ടികയില്‍ 
സ്വന്തം  പൂക്കളുടെ പേരു ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു
അവയുടെ നൊമ്പരങ്ങളായാണ് പിന്നെ ഞങ്ങള്‍
പലതായി  പകുത്തതും ഒന്നായി നിറഞ്ഞതും.
യാത്രയില്‍  അന്ന്
പരസ്പരം പറഞ്ഞ തൊക്കെയും പകര്‍ത്തിയത്  മൌനം
പ്രണയ  നക്ഷത്രങ്ങളുടെ സഞ്ചാരങ്ങളില്‍ നിന്ന്
കളിയാട്ടത്തിന്‍റെ ഊരു കാഴ്ചകളിലേക്ക് 
  പുലരിയെ    കൈമാറുമ്പോള്‍  
ഹൃദയങ്ങളുടെ  കൊടിപ്പടം ഒന്നായിക്കഴിഞ്ഞിരുന്നു
അതുകൊണ്ട്  
തെയ്യക്കാലം  ചുവടു വയ്ക്കുമ്പോഴെല്ലാം
പിന്നോട്ട്  പായുന്ന വഴിമരങ്ങളിലെ  പൂവുകള്‍
തുറന്നു   വച്ച പ്രണയ പുസ്തകങ്ങള്‍...
മുന്നോട്ടുള്ള   പ്രാണ സഞ്ചാരങ്ങള്‍







 



















.


കലിയാട്ടം

മുഖത്ത് ദുരിതങ്ങളുടെ തീ വരകള്‍ നിറച്ച്
അവര്‍
ദൈവങ്ങ ളോട് മല്ലിടുകയായിരുന്നു .
അപ്പോഴേക്കും
അധികാരം തലയരിഞ്ഞ കൊയ്ത്ത് പാടങ്ങളില്‍ നിന്ന്
അടിമകള്‍ കുരുത്തുയര്‍ന്നു
അവരില്‍  മുട്ടാളന്മാരുടെ കൈകളില്‍
 നിറച്ചിട്ടും നിറയാത്ത ജന്മിപ്പറയുടെ കണ്ടിച്ച കഴുത്ത്
അവരില്‍  പെണ്ണുങ്ങളായവരുടെ നെഞ്ചിടങ്ങളില്‍
പറിച്ചെറിഞ്ഞ മുലകളുടെ  കരിഞ്ഞ ഓര്‍മ്മവട്ടം
തട്ടകങ്ങളില്‍  ഓടിക്കയറി അവര്‍ കണ്ണാടി നോക്കി 
മുള  കളുടെ കരുത്തു കണ്ടു
വെന്തു  മലര്‍ന്ന വിറകു കനലുകളില്‍ കുളിച്ചമര്‍ന്നു
ചെന്തെങ്ങുയരത്തില്‍ കൊടിമര ത്തുഞ്ചത്ത് പാറിക്കിടന്നു
നീണ്ട  ചോരച്ച നാവില്‍ നിന്ന് തിരിയാത്തതെന്തോ
ചരിത്രമായി   ചാറ്റി വീണു
പിന്നെ
 ചുമലുകളില്‍ കഥകളുടെ ഭാരം വഹിച്ച്
കറുത്ത  മനുഷ്യരുടെ മടക്കം
ഒരു  തെയ്യക്കാലത്തിന്‍  ചുവടു മാറ്റം .





















Wednesday, February 8, 2012

യാത്ര

തീ പിടിച്ചോടുന്ന സ്വപ്നങ്ങളുടെതാണ്
ഈ ഭ്രാന്തന്‍ ചിത .
നിന്ന് കത്തുകയും  വീണെരിയുകയും
വീണ്ടും വീണ്ടും ഉയിര്‍ ക്കുകയും ചെയ്യുന്ന
തിരുപ്പിറവി യാണ്  അവയുടെത്
കാരണം
ചിതയെന്നു കരുതിയത്‌
നിന്‍റെ ഹൃദയത്തിന്‍റെ ചുവപ്പായിരുന്നല്ലോ
ഒരുക്കങ്ങളില്ലാതെ
പുറപ്പാടില്ലാതെ എപ്പോഴും
ഞാന്‍  വന്നു ചേരുന്നിടം..



Friday, January 20, 2012

പരസ്പരം

മലമടക്കുകളില്‍ നിന്‍റെ ഹൃദയം സൂര്യ താപ മേറ്റുന്നത്
താഴ്വാരങ്ങളില്‍ എനിക്ക് കാറ്റു പറഞ്ഞു തന്നു
തളര്‍ന്ന ഇലകളില്‍  പുതിയ പൂമ്പാറ്റകള്‍
നൃത്തം വയ്ക്കാനറിയാതെ പിടച്ചു കൊണ്ടിരുന്നു
ചോരയില്‍ പിറന്ന ഒരരുവിയെ മുകളിലേക്ക് പായിക്കാന്‍
ഞാന്‍  ഭൂമിയോട് യാചിച്ചു
എത്ര പെട്ടെന്നാണ് നീയതില്‍ തുടിച്ചു നീന്തിയത്‌
ഇപ്പോള്‍
മലമടക്കുകളില്‍  നിലാത്തുമ്പിയുടെ  കിലുക്കം
വേനലുകളില്ലാത്ത  പ്രണയം 

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...